വ്യാജചിത്രത്തിനെതിരെ ആഞ്ഞടിച്ച് ജഗതിയുടെ മകള്‍

ശ്രീലക്ഷ്മി

അച്ഛന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ പൊതുചടങ്ങില്‍ എത്തിയ ശ്രീലക്ഷ്മയുടെ ചിത്രം ഫേസ്ബുക്കിലും വാട്ട്സാപ്പിലും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ശ്രീലക്ഷ്മി തന്നെ നേരിട്ട് രംഗത്തെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി പൊതുവേദിയിലെത്തിയ ചടങ്ങിലാണ് അപ്രതീക്ഷിതമായി ശ്രീലക്ഷ്മി എത്തിയത്. വേദിയിലേക്ക് ഓടിക്കയറി ജഗതിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. അവിചാരിതമായി വേദിയിലെത്തിയ പെണ്‍കുട്ടിയെ പി.സി ജോര്‍ജ് പിടിച്ചു മാറ്റാന്‍ ശ്രമിച്ചു.

എന്നാല്‍ ശ്രീലക്ഷ്മി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ ജഗതിക്കരികില്‍ മകള്‍ക്ക് സീറ്റ് നല്‍കുകയായിരുന്നു. ഈ സംഭവത്തില്‍ പി.സി ജോര്‍ഡ് ശ്രീലക്ഷ്മിയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചത്. അതിനെക്കുറിച്ച് ശ്രീലക്ഷ്മി പറയുന്നതിങ്ങനെ- ‘ ഈയിടെയാണ് എന്നെയും പിസി ജോര്‍ജ് സാറിനെയും അപമാനിക്കുന്ന തരത്തിലുള്ള ഒരു ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. അച്ഛനെ കാണാന്‍ വേദിയിലെത്തിയപ്പോള്‍ ജോര്‍ജ് സര്‍ എന്നെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്ന ചിത്രത്തില്‍ ഒരു കറുത്ത വട്ടമിട്ടാണ് ഇത് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.

ഇതിന്റെ പിന്നിലുള്ള ബുദ്ധി ആരുടേതാണെന്ന് എനിക്ക് അറിയില്ല. പക്ഷെ അവരില്‍നിന്ന് എനിക്ക് ചിലത് അറിയാനുണ്ട് , അത് നിങ്ങളുടെ സ്വന്തം സഹോദരിയോ മകളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെ സുഹൃത്തുക്കള്‍ക്ക് കൈമാറി സന്തോഷിക്കുമായിരുന്നോ ? എന്റെ പപ്പയെ കാണാന്‍ പോയി എന്നത് സത്യം, അതിന് എന്നെ നിങ്ങള്‍ ഇങ്ങനെ ഉപദ്രവിക്കല്ലേ, നിങ്ങളുടെ മകളെയും സഹോദരിയെയും അമ്മയെയും പോലെ ഞാനും ഒരു സ്ത്രീയാണ്. ഒരാളെ ഉപദ്രവിക്കുന്നതില്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ കൈമാറ്റം ചെയ്യുന്നത് ദയവ് ചെയ്ത് അവസാനിപ്പിക്കണം. ഇതിന്റെ പിന്നിലുള്ള ബുദ്ധിക്ക് എന്റെ അഭിനന്ദനം. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പറ്റാത്ത ഏതോ മഹാനോ മഹതിയോ ആണെന്ന് മനസ്സിലായി. ശ്രീലക്ഷ്മി പറഞ്ഞു.