തന്റെയും മകന്റെയും പേരിൽ പ്രചരിക്കുന്നതു നുണ: ശ്രീനിവാസൻ

എന്റെ അച്ഛൻ എനിക്കു തന്ന ആദ്യ ഉപദേശം നീ ഒരു കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീടു കാലം മാറിയപ്പോൾ ഇന്ന് അച്ഛൻ പറയുന്നു, നീ ഒരിക്കലും കമ്യൂണിസ്റ്റ് ആകരുത്. അത് അച്ഛനു പറ്റിയ ഏറ്റവും വലിയ ഒരു തെറ്റാണെന്ന്.’ – വിനീത് ശ്രീനിവാസൻ

‘കമ്യൂണിസം ഇന്നു പാവങ്ങളെ പറ്റിച്ച് ചിലർക്കു ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്. പാവങ്ങൾ അതിൽ കൊത്തി അതിൽ കുരുങ്ങുന്നു. നേതാക്കൾ അത് ആഹാരമാക്കുന്നു.’ – ശ്രീനിവാസൻ

നടനും സംവിധായകനുമായ ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങൾ സഹിതം ഫെയ്സ്ബുക്കിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘തിരിച്ചറിവിനു നന്ദി’ എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ ഉള്ളടക്കമാണിത്. മലയാളത്തിലെ പ്രശസ്തമായ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിലൊന്നായ ‘സന്ദേശ’ത്തിന്റെ തിരക്കഥാകൃത്തുകൂടിയായ ശ്രീനിവാസന്റെ വിലയിരുത്തലായതിനാൽ അതു വൈറലാവുകയും ചെയ്തു.

പക്ഷേ, സംഭവമറിഞ്ഞു ഞെട്ടിയിരിക്കുകയാണു ശ്രീനിവാസൻ. താൻ ഇങ്ങനെയൊരു അഭിപ്രായം പറയുകയോ അറിയുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു: ‘ജീവിതത്തിൽ ഒരിക്കലും മക്കൾക്ക് ഇങ്ങനെയൊരു രാഷ്ട്രീയ ഉപദേശം നൽകാൻ ഞാൻ മെനക്കെട്ടിട്ടില്ല. ഈ പ്രചരിക്കുന്നപോലൊരു രാഷ്ട്രീയ നിലപാടു മറ്റൊരിടത്തും ഞാൻ പറഞ്ഞിട്ടുമില്ല. എന്റെ പേരിൽ ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന ഈ അഭിപ്രായം ഏറെപ്പേർ ചർച്ചചെയ്യുന്നതായി സുഹൃത്ത് പറഞ്ഞറിഞ്ഞു. ഞാൻ സത്യാവസ്ഥ പറഞ്ഞപ്പോൾ അക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടു. ഉടൻ ബിജു എന്നു പേരുള്ള ഒരാൾ അദ്ദേഹവുമായി ബന്ധപ്പെട്ടു ശ്രീനിവാസന്റെ പ്രസ്താവന തിരുത്താൻ നിങ്ങളാരെന്ന മട്ടിൽ കയർത്തു സംസാരിച്ചു. ബിജുവിന്റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ, അദ്ദേഹം ഒരു മോദി അനുഭാവിയാണത്രേ.

അതെന്തായാലും ഇത്തരം ഒരു നുണപ്രചാരണം ശരിയല്ല. എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാവുന്നതും പറയാൻ പാടില്ലാത്തതുമുണ്ടാവും. ഞാൻ പറഞ്ഞൊരു അഭിപ്രായത്തിന്റെ പേരിൽ ആർക്കെങ്കിലും പ്രകോപനമുണ്ടായാൽ അതിനു മറുപടി പറയാൻ എനിക്കറിയാം.. പക്ഷേ, ഇതു ഞാൻ പറയാത്ത കാര്യമാണ്. ഇതും തിരഞ്ഞെടുപ്പു പ്രചാരണ കുതന്ത്രമാവാം. പക്ഷേ, അതിന് എന്നെ കരുവാക്കരുത്. ഇതിനെതിരെ സൈബർ സെല്ലിൽ അടുത്ത ദിവസം തന്നെ പരാതി നൽകും - ശ്രീനിവാസൻ പറഞ്ഞു