തിരഞ്ഞെടുപ്പിലെ വെള്ളിനക്ഷത്രങ്ങൾ ഇവരൊക്കെ

തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നു. ഇത്തവണ പ്രചരണം കൊഴുപ്പിക്കാൻ മാത്രമല്ല മത്സരത്തിനും വെള്ളിത്തിരയിലെ താരങ്ങൾ ഉണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ സിനിമ-സീരിയല്‍ താരങ്ങളും സംവിധായകരും അങ്കത്തിനിറങ്ങുന്നു.

തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ടിവി അവതാരക വീണ എസ് നായരാണ് തലസ്ഥാനത്തെ ഗ്ലാമർ സാന്നിധ്യം. എൽ എൽ ബി കഴിഞ്ഞ് നേരെ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ വീണ കെ പി സി സി ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്റെ മരുമകളാണ്.

നടനും നിർമാതാവുമായ കണ്ണൻ പട്ടാമ്പി തൃത്താല പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കണ്ണന്നൂരിൽ ബിജെപി സ്വതന്ത്രനായി മൽസരിക്കുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നതു ചലച്ചിത്ര നിർമാതാവും സംവിധായകനുമായ മമ്മി സെഞ്ചുറിയാണ്.

പ്രശസ്ത സംവിധായകന്‍ അലി അക്ബര്‍ കോഴിക്കോട് കോര്‍പറേഷനില്‍ മത്സരിക്കുന്നു. കടല്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ സിനിമാ–സീരിയൽ താരം സോണിയയും മത്സരത്തിലുണ്ട്. എറണാകുളം നോര്‍ത്ത് ഡിവിഷനില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായാണ് സോണിയ ജോസ് മത്സരിക്കുന്നത്.