2015 ലെ കിടിലന്‍ ഡയലോഗുകൾ

പോയ വര്‍ഷം പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച ജനപ്രിയമായ ചില പദങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പദപ്രയോഗങ്ങളിലൂടെയുമുള്ള യാത്രയാണിത്. 

‘‘വാക്കാണ് ഏറ്റവും വലിയ സത്യം...’’

'ഈ പുഴയുടെ കരപിടിച്ചു നടന്നാല്‍ അറബികടലിലെത്തും. അത് ഇനി എത്ര കടവത്ത് ഏത് തോണിക്കാരന്‍ കുത്തി നിര്‍ത്തിയാലും ഇരവഴിഞ്ഞിപ്പുഴ അറബിക്കടലില്‍ എത്തുക തന്നെ ചെയ്യും. ഇരവഴിഞ്ഞി അറബിക്കടലിനുള്ളതാണെങ്കില്‍ കാഞ്ചന മൊയ്തീനുള്ളതാണ്. ഇത് മൊയ്തീന്‍റെ വാക്കാണ്, വാക്കാണ് ഏറ്റവും വലിയ സത്യം'

മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും പ്രണയത്തിന്‍റെ തീവ്രത മുഴുവന്‍ പ്രേക്ഷകര്‍ അനുഭവിച്ചറിയുന്നു ഈ സംഭാഷണത്തില്‍. പോയ വര്‍ഷം പ്രേക്ഷകരുടെ മനസ്സില്‍ ഇത്രയെറെ ആഴത്തില്‍ പതിഞ്ഞ മറ്റൊരു സംഭാഷണ ശകലം വേറെയുണ്ടാവില്ല. വാക്കാണ് സത്യം...

‘‘കാഞ്ചന, നിന്നെ പോലൊരു പെണ്ണ് ഈ ലോകത്തിലുണ്ടാവില്ല’’

കാഞ്ചനമാലക്കും മൊയ്തീനുമൊപ്പം പ്രേക്ഷകരുടെ മനസ്സില്‍ നൊമ്പരം പടര്‍ത്തിയ കഥാപാത്രമായിരുന്നു അപ്പുവേട്ടന്‍റേത്. സ്വന്തം പ്രണയം പ്രിയവെട്ടവളുടെ സന്തോഷത്തിനായി വേണ്ടെന്നുവെച്ചിട്ടുള്ള അപ്പൂവേട്ടന്‍മാരെ പലപ്പോഴും നമ്മള്‍ ജീവിതത്തിലും സിനിമയിലും ഇതിനു മുമ്പും അനുഭവിച്ചറിഞ്ഞിട്ട് ഉള്ളതുകൊണ്ടാവാം ടൊവീനോ തോമസ് അവതരിപ്പിച്ച കഥാപാത്രത്തെയും വികാരവായ്പ്പോടെ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. 

കാഞ്ചനയെ പെണ്ണു കാണാന്‍ എത്തുന്ന അപ്പുവേട്ടനും കാഞ്ചനയും തമ്മിലുള്ള സംഭാഷണം ഏറെ ഹൃദ്യമായിട്ടാണ് സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം തിയറ്ററില്‍ ഹര്‍ഷാരാവവും നൊമ്പരവും ഉണര്‍ത്തുന്നു ഈ രംഗം. 

തന്‍റെ പ്രണയത്തെക്കുറിച്ചു പറയുന്ന അപ്പുവേട്ടനോടുള്ള കാഞ്ചനയുടെ മറുപടിയും അതു കേട്ട് കണ്ണുനിറഞ്ഞുപോയ അപ്പുവിന്‍റെ മറുപടിയും 

കാഞ്ചന: ‘‘എനിക്കറിയാം അപ്പുട്ടാ...പക്ഷേ അപ്പുവേട്ടന്‍ എന്നെ സ്നേഹിക്കുന്നതിനേക്കാള്‍ ആയിരം ഇരട്ടി ഞാന്‍ എന്‍റെ മൊയ്തീനെ സ്നേഹിക്കുന്നുണ്ട്. അതിനേക്കാള്‍ ഒരു പതിനായിരം ഇരട്ടി മൊയ്തീന്‍ എന്നെ സ്നേഹിക്കുന്നുണ്ട്. എന്നെ നിര്‍ബന്ധിച്ചാല്‍ എന്‍റെ ശവത്തിലായിരിക്കും അപ്പുവേട്ടന്‍ താലി കെട്ടുക. .ഇനിയൊരു ആയിരം വര്‍ഷം ഇതിനത്ത് കിടന്നു നരഗിച്ചു മരിക്കേണ്ടി വന്നാലും ന്‍റെ മൊയ്തീനു വേണ്ടി ഞാന്‍ അത് ചെയ്യും. ഈ കണ്ട കാലമത്രയും ഇതിനകത്ത് കഴി‍ഞ്ഞത് മൊയ്തീനെ ഓര്‍ത്ത് അവന്‍റെ അക്ഷരങ്ങള്‍ വായിച്ചാ. ആ എന്‍റെ മനസ്സ് മുറിച്ചുമാറ്റാന്‍ പറ്റുമോ അപ്പുവേട്ടന്? പറാ...ലോകത്തില്‍ ആര്‍ക്കെങ്കിലും കഴിയുമോ പറാ...

അപ്പുവേട്ടന്‍: ‘‘കാഞ്ചന നിന്നെ പോലൊരു പെണ്ണ് ഈ ലോകത്ത് വേറെയുണ്ടാവില്ല. നീ മൊയ്തീന്‍റെ ഭാഗ്യമാണ്. നിന്‍റെ മനസ്സിന്‍റെ സ്നേഹം എന്നെങ്കിലും ഈ ലോകം അംഗീകരിക്കും. സത്യം. മാപ്പ്, എന്‍റെ അതിമോഹത്തിനു മാപ്പ്.’’ 

‘‘മലരെ നിന്നെ കാണാതിരുന്നാല്‍’’

മലയാളി പോയവര്‍ഷം ഏറ്റവും കൂടുതല്‍ ഉച്ചരിച്ച വാക്ക് ‘മലര്‍’ എന്നാകും. ജോര്‍ജിന്‍റെ തമിഴത്തി ടീച്ചര്‍ മലര്‍മിസിനെ പ്രേക്ഷകര്‍ ഹൃദയം കൊണ്ടാണ് ഏറ്റുവാങ്ങിയത്. സായ്പല്ലവിയുടെ സ്വാഭാവികമായ അഭിനയവും അല്‍ഫോണ്‍സ് പുത്രന്‍റെ മേക്കിങിനുമൊപ്പം ശബരീഷ്-രാജേഷ്-വിജയ് കൂട്ടുകെട്ടില്‍ പിറന്ന മലരേ എന്ന ഗാനവും ‘മലര്‍’ എന്ന പദത്തെ ജനകീയമാക്കി. ചില വിരുതന്‍മാര്‍ കേരളത്തില്‍ പ്രചാരത്തിലുള്ള ഒരു നാടാന്‍ തെറിപ്രയോഗത്തിനു പകരമായി മലര്‍ എന്ന വാക്ക് കടമെടുക്കുന്ന കാഴ്ചയും പോയ വര്‍ഷം കണ്ടു. 

‘അതുക്കും മേലേ’

ശങ്കര്‍-വിക്രം കൂട്ടുകെട്ടില്‍ പിറന്ന ബ്രാഹ്മാണ്ഡ ചിത്രം ‘ഐ’യിലെ പ‍ഞ്ച് ഡയലോഗ് ‘അതുക്കും മേലേ’ കേരളക്കരയിലും തരംഗമായി. അവിശ്വസീനയും അപ്രതീക്ഷിതവുമായ വിജയങ്ങളെ മലയാളി ഇപ്പോള്‍ ബന്ധിപ്പിക്കുന്നത് ‘അതുക്കും മേലേ’ എന്ന ടാഗ് ലൈനിനൊപ്പമാണ്. 

‘ജാവ സിംപിളാണ്, പവര്‍ഫുള്‍’

സ്വാഭവികമായും മനോഹരമായും എങ്ങനെ ഒരു നര്‍മ്മം രംഗം അഭിനയിച്ച് ഫലിപ്പിക്കാം എന്ന് വിനയ് ഫോര്‍ട്ട് പ്രേമത്തിലെ വിമല്‍ മാഷിലൂടെ തെളിയിച്ചു. ‘ജാവ വളരെ സിംപിളാണ്, പവര്‍ഫുള്‍’ ഇതിനിടെ മലര്‍മിസ് അതുവഴി പോകും വഴി ജാവാ മാറി മാവായാകുന്ന രംഗവും തിയറ്ററില്‍ ചിരി പടര്‍ത്തി. സോഷ്യല്‍മീഡിയ ട്രോളുകളില്‍ ജാവയും മാവയും റോബസ്റ്റുമൊക്കെ ഹിറ്റായി. 

‘നീ മരണമാസാടാ...’

മരണമാസ്, കൊലമാസ്, നീ വേറേ ലെവലാണ് ഇത്തരം ന്യൂജനറേഷന്‍ പദപ്രയോഗങ്ങളെ ജനകീയമാക്കിയത് വിനീത് ശ്രീനിവാസന്‍ രചന നിര്‍വ്വഹിച്ച ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രമാണ്. ‘എന്നെ തല്ലേണ്ടാമ്മാവാ ഞാന്‍ നന്നാവൂല്ലാ’ എന്ന ഗാനവും ഈ പ്രയോഗങ്ങളെ കൂടുതല്‍ പ്രിയപ്പെട്ടതാക്കി. ക്യാംപസുകളിലും സോഷ്യല്‍മീഡിയിലും ഈ പ്രയോഗങ്ങള്‍ തരംഗമായി. 

‘പകച്ചു പോയി എന്‍റെ ബാല്യം’

നാട്ടിലെ പൂവാലന്‍മാരുടെ ശാസ്ത്രീയനാമമായി ഗിരിരാജന്‍ കോഴി മാറി കഴിഞ്ഞു. ഗിരിരാജന്‍ കോഴി മേരിയോടു പ്രേമാഭ്യാര്‍ഥന നടത്തിനിടെയുള്ള പ‍ഞ്ച് ഡയലോഗ് ‘പകച്ചു പോയി എന്‍റെ ബാല്യം’ സോഷ്യല്‍ മീഡിയില്‍ ഒരു പ്രയോഗമായി തന്നെ മാറി കഴിഞ്ഞു. 

‘തിരിച്ചെത്തുമോ വത്സാ.... നാം കൊതിച്ചീടു മാ സൽസ...’ 

നവാഗത സംവിധായകന്‍ ബേസില്‍ ജോസഫിന്‍റെ കുഞ്ഞിരാമായണത്തിലെ സല്‍സാ ഗാനം ചിത്രീകരണം കൊണ്ടും സംഗീതം കൊണ്ടും ശ്രദ്ധ നേടിയിരുന്നു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും കേരളത്തിലെ മദ്യനയവും പാട്ടിന്‍റെ പ്രശസ്തി ഇരട്ടിയാക്കി. മദ്യനയത്തില്‍ സുപ്രീം കോടതി വിധി വന്ന ദിവസം മലയാളിയുടെ മനസ്സ് പാടിയത് ഇങ്ങനെ ‘‘തിരിച്ചെത്തുമോ വത്സാ.... നാം കൊതിച്ചീടു മാ സൽസ.’’ 

‘‘തിരഞ്ഞെടുപ്പ് കാലത്ത് വിഎസിനെ പാര്‍ട്ടി സ്നേഹിച്ച പോലെ ഒരു കാഞ്ചനമാലയും മൊയ്തീനെ സ്നേഹിച്ചിട്ടില്ല’’ എന്നിങ്ങനെ നീളുന്നു പ്രയോഗങ്ങള്‍. ചിരിയും ചിന്തയും പടര്‍ത്തുന്ന ഇത്തരം സംഭാഷണങ്ങളും പ്രയോഗങ്ങളും ജനകീകമാക്കുന്നതില്‍ ഫേസ്ബുക്കിലെ ട്രോള്‍ ഗ്രൂപ്പുകളും ചാനലിലെ ആക്ഷേപഹാസ്യ പരിപാടികളും വഹിക്കുന്ന പങ്ക് ചെറുതല്ല.