ആ സീൻ കഴിഞ്ഞ് ഉറങ്ങിയിട്ടില്ല: സുരാജ്

കോമഡിനടൻ മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണ് താനെന്ന് നിരവധി തവണ തെളിയിച്ചുകഴിഞ്ഞ താരമാണ് സുരാജ് വെഞ്ഞാറമൂട്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലെ സുരാജിന്റെ കഥാപാത്രം.

ആകെ രണ്ടു രംഗങ്ങളിൽ മാത്രമാണ് സുരാജ് അഭിനയച്ചതെങ്കിലും പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അദ്ദേഹത്തിന്റെ പവിത്രൻ എന്ന കഥാപാത്രം. ചിത്രത്തിലെ ഏറ്റവും വികാരനിർഭരമായ ആ രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകൻ എബ്രിഡ് ഷൈൻ കട്ട് പറഞ്ഞ ശേഷം കുറച്ചുനേരം ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നുവെന്ന് സുരാജ് പറയുന്നു.

‘എബ്രിഡ് മിണ്ടാതിരിക്കുന്നത് കണ്ട് ഞാൻ പുറത്തിറങ്ങിപ്പോയി. ഞാൻ വിചാരിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്നാണ്. എന്നാൽ പെട്ടന്ന് തന്നെ അദ്ദേഹം ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു. എന്റെ അഭിനയം ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. സെറ്റിലുള്ള എല്ലാവരും കൈയടിച്ചു. അന്ന് രാത്രി സത്യം പറഞ്ഞാല്‍ സന്തോഷം കൊണ്ട് ഉറങ്ങാൻ പോലും കഴിഞ്ഞില്ല’-സുരാജ് പറയുന്നു.

‘ആ സിനിമയിലെ എന്റെ അഭിനയം പ്രേക്ഷകർ സ്വീകരിച്ചത് ദേശീയ അവാർഡ് ലഭിക്കുന്ന പ്രതീതിയാണ് സമ്മാനിച്ചത്. അഭിനയിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ കാണുക എന്നതാണ് നടനെ സംബന്ധിച്ചടത്തോളം സന്തോഷം തരുന്ന കാര്യം. എന്നാൽ പേരറിയാത്തവരുടെ കാര്യത്തിൽ അത് സംഭവിച്ചില്ല.’ സുരാജ് പറഞ്ഞു.

കോമഡി രംഗങ്ങളിലെ ചില ഡയലോഗുകൾ കൈയിൽ നിന്ന് ഇടുന്നതാണെന്നും സുരാജ് പറയുന്നു. ചട്ടമ്പി നാടിലെയും മായാവിലെയും പല ഡയലോഗും ഇതുപോലെ വന്ന് ഹിറ്റായതാണ്. അത് തിയറ്ററുകളിൽ പൊട്ടിച്ചിരി സൃഷ്ടിക്കുമ്പോൾ ഇരട്ടി സന്തോഷം. സുരാജ് പറഞ്ഞു.