പെരുമ്പാവൂരിലെ ജിഷയെ കൊലപ്പെടുത്തിയവർ പിശാചുക്കളെന്ന് സുരേഷ് ഗോപി

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ജിഷയുടെ മാതാവിനെ സന്ദർശിക്കുന്ന സുരേഷ് ഗോപി എംപി

പെരുമ്പാവൂരിലെ ജിഷയെ കൊലപ്പെടുത്തിയത് പിശാചുക്കളെന്ന് സുരേഷ് ഗോപി എം.പി. ഇത്തരം സംഭവങ്ങള്‍ കോടതികള്‍ കണ്ണുതുറന്ന് കാണണം. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനും പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. അന്വേഷണം അടിയന്തരമായി ക്രൈംബ്രാഞ്ചിനു കൈമാറാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവിടുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ചീഫ് സെക്രട്ടറി, പൊലീസ് ഡിജിപി, എറണാകുളം റൂറൽ എസ്പി എന്നിവർക്കുള്ള നോട്ടിസിൽ ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് 30നു ഹാജരാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവിക്കും എറണാകുളം റേഞ്ച് ഐജിക്കും എറണാകുളം റൂറൽ എസ്പിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. സംഭവത്തിൽ സംസ്ഥാന പട്ടിക ജാതി-വർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു.അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘം രൂപീകരിക്കാൻ കമ്മിഷൻ അധ്യക്ഷൻ റിട്ട.ജഡ്ജി പി.എൻ. വിജയകുമാർ ഉത്തരവിട്ടു. അന്വേഷണ പുരോഗതി റിപ്പോർട്ട് 28നു സമർപ്പിക്കണം.