കേരളത്തിനുള്ള നരേന്ദ്ര മോദിയുടെ സമ്മാനമാണ് എംപി സ്ഥാനം: സുരേഷ് ഗോപി

രാജ്യസഭ എംപിയായി പ്രധാനമന്ത്രി തന്നെ നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത്. കേരളത്തെ 25 വര്‍ഷത്തിനപ്പുറമുള്ള വികസനത്തിലേക്ക് എത്തിക്കാനാണ് തന്റെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എംപി സ്ഥാനം കേരളത്തിന് ലഭിച്ച അംഗീകാരമാണ്. ഒരിക്കലും ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിട്ടില്ല. കേരളത്തിലുടനീളം പരമാവധി പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലും സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു.

സുരേഷ് ഗോപിയുടെ നാമനിർദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപിയുട മുതിർന്ന നേതാവ് ഒ.രാജഗോപാൽ പ്രതികരിച്ചു. രാഷ്ട്രപതി നേരിട്ട് നാമനിർദേശം നടത്തുന്ന പ്രമുഖരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയെ ഉൾപ്പെടുത്തുക. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മൽസരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം താൽപര്യം കാണിച്ചിരുന്നില്ല. കേരളത്തിനുള്ള നരേന്ദ്ര മോദിയുടെ സമ്മാനമാണ് എംപി സ്ഥാനമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.