സ്വര്‍ണ കടുവ പുലിയോട്; ജീവിക്കാൻ വേണ്ടിയാണ് കൊല്ലരുത്

പുലിമുരുകൻ ബോക്സ്ഓഫീസ് കീഴടക്കുമ്പോൾ ഇനി കേരളക്കരയിൽ ഇറങ്ങാൻ പോകുന്നത് കടുവയാണ്. വെറും കടുവ അല്ല ‘സ്വർണ കടുവ’. ബിജു മേനോൻ ആണ് സ്വർണ കടുവയിലെ നായകൻ. ചിത്രം റിലീസിനൊരുങ്ങുമ്പോൾ പുലിമുരുകനുമായി ബന്ധപ്പെട്ട് രസകരമായൊരു പോസ്റ്റര്‍ ബിജു മേനോൻ പങ്കുവയ്ക്കുക ഉണ്ടായി.

പുലിയുടെയും കടുവയുടെയും ചിത്രമാണ് ഈ പോസ്റ്ററിൽ ഉള്ളത്. അതിൽ കടുവ പുലിയോട് പറയുന്നൊരു ഡയലോഗ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ‘അണ്ണാ...അണ്ണനെ തോൽപിക്കാം എന്ന അതിമോഹം കൊണ്ട് വരുകയല്ല, ജീവിക്കാൻ വേണ്ടി വരുന്നതാ...’

പുലിമുരുകൻ എന്ന സിനിമയുടെ വലിയ വിജയത്തിൽ കലവൂർ രവികുമാറിന്റെ ചിത്രത്തിന്റെയും റിലീസ് മാറ്റിവച്ചിരുന്നു. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴും തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് പുലിമുരുകന് ലഭിക്കുന്നത്.

ബിജു മേനോന്‍ ചിത്രം സ്വര്‍ണ്ണകടുവയുടെ റിലീസ് തിയതിയും മാറ്റി. ഒക്ടോബര്‍ 28ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ പുതിയ റിലീസ് തിയതി നവംബര്‍ നാലാണ്. മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ണ്ണകടുവ. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഇനിയ, പൂജിതാ മേനോന്‍ എന്നിവരാണ് നായികമാര്‍.