കണ്ണേ അകലുന്നുള്ളൂ, ഖൽബ് അകലുന്നില്ല

മലയാളപ്രേക്ഷകരുടെ മനസ്സിൽ എന്നും നൊമ്പരമായി ടി എ റസാഖിന്റെ വിടവാങ്ങല്‍. അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളില്‍ പോലുമുണ്ടായിരുന്നു വിടവാങ്ങലിന്റെ ഛായ. രണ്ടാമത്തെ കരൾ ശസ്ത്രക്രിയയ്ക്ക് പോകുമുമ്പായിരുന്നു ഇത്.

കഴിഞ്ഞ ജൂലായ് മുപ്പതിന് തന്റെ അവസാനത്തെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ റസാഖ് കുറിച്ചു: സഹോദരങ്ങളെ... ഞാന്‍ ഇരുപത്തിയെട്ട് മുതല്‍ കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. രണ്ടാമത്തെ ലിവര്‍ ശസ്ത്രക്രിയ. ഇടയ്ക്ക് കുറച്ചുനാള്‍ നമുക്കിടയില്‍ ഒരു മൗനത്തിന്റെ പുഴ വളര്‍ന്നേക്കാം. കണ്ണേ അകലുന്നുള്ളൂ. ഖല്‍ബ് അകലുന്നില്ല.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരുമാസത്തോളമായി കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. റസാഖ് ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരെ സഹായിക്കാന്‍ കോഴിക്കോട്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കലാപരിപാടി അരങ്ങേറുന്നതിനിടെയാണ് നിര്യാണം. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളിലും തുടര്‍ന്ന് രാവിലെ പത്തരവരെ മലപ്പുറം കൊട്ടോണ്ടി മൊയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലും പൊതുദര്‍ശനത്തിനുവയ്ക്കും. പതിനൊന്നു മണിക്ക് തുറയ്ക്കല്‍ ജുമാ മസ്ജിദ്ദിലാണ് കബറടക്കം.

സഹസംവിധായകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച റസാഖ് ഒന്നിനൊന്നു മികച്ച തിരക്കഥകളിലൂടെയാണ് മലയാള സിനിമയില്‍ പ്രമുഖസ്ഥാനം നേടിയത്. എ ടി അബുവിന്റെ ധ്വനിയില്‍ സഹസംവിധായകനായി സിനിമയിലെത്തി. ആദ്യ തിരക്കഥ ജി എസ് വിജയന്‍ സംവിധാനം ചെയ്ത ഘോഷയാത്ര. ആദ്യം റിലീസ് ചെയ്ത സിനിമ കമലിന്റെ വിഷ്ണുലോകം. സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവിനു (1977) മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ സിനിമയ്ക്കു മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

ചിത്രങ്ങൾ

പെരുമഴക്കാലം
ഗസൽ
വേഷം
കാണാക്കിനാവ്‌
രാപ്പകൽ
ബസ്‌ കണ്ടക്ടർ
പരുന്ത്‌
മായ ബസാർ
ആയിരത്തിൽ ഒരുവൻ
ഉത്തമൻ
നാടോടി
വിഷ്ണു ലോകം
ഭൂമി ഗീതം
ഘോഷ യാത്ര
എന്റെ ശ്രീക്കുട്ടിക്ക്‌
കർമ്മ
താലോലം
ചിത്ര ശലഭം
സ്നേഹം
ഒരു സാഫല്ല്യം
മാറാത്ത നാട്‌
അഞ്ചിലൊരാൾ അർജ്ജുനൻ
ആകാശം
പെൺപട്ടണം
മഴവില്ലിനറ്റം തേടി
സൈഗാൾ പാടുകയാണു
വേനൊലൊടുങ്ങാതെ
മൂന്നാം നാൾ ഞായറാഴ്ച്ച
സുഖമായിരിക്കട്ടെ.