തമിഴ് റോക്കേർസ് സംഘം പിടിയിൽ

ഇന്റർനെറ്റിൽ പുതിയ സിനിമകളുടെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്യുന്ന സംഘം പിടിയിൽ. പ്രമുഖ സൈറ്റായ തമിഴ് റോക്കേർസ് ഉടമകളാണ് പൊലീസ് പിടിയിലായത്. ആന്റി പൈറസി സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിയറ്ററുകളിൽ ഇറങ്ങുന്ന മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളുടെ വ്യാജൻ അപ്‌ലോ‍ഡ് ചെയ്ത് വരുകയായിരുന്നു ഇവർ. മുമ്പ് കബാലി ഇറങ്ങിയപ്പോൾ‌ സിനിമയുടെ വ്യാജൻ പുറത്തിറക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ചിരുന്നു.സതീഷ്, ശ്രീനി, ഭുവനേശ് എന്നിവരെയാണ് കൊയമ്പത്തൂര് വച്ച് പിടികൂടിയത്. 

കോയമ്പത്തൂരില്‍ പ്രത്യേക ഓഫീസ് തന്നെ ഒരുക്കിയാണ് ഇവര്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ചോര്‍ത്തിയിരുന്നത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കേരളാ പോലീസ് നടത്തിയ അന്വേഷണമാണ് ഇവരെ കുടുക്കിയത്. ഡി.വൈ.എസ്.പി ഇക്ബാലിന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.