തിയറ്ററുകൾ അടഞ്ഞുകിടക്കുന്നു; ക്രിസ്മസ് റിലീസുകൾ പ്രതിസന്ധിയിൽ

മലയാള സിനിമയിൽ ഓരോ വെള്ളിയാഴ്ച്ചയും സിനിമ റിലീസായില്ലെങ്കിലും ഒരു സമരം റിലീസായേക്കും. വിജയങ്ങൾ കുറഞ്ഞാലും വിവാദങ്ങളും വിലക്കുകളും കുറയില്ല. തീയറ്ററുകളിൽ ശുചിമുറികളൊരുക്കണമെന്നു പറഞ്ഞാൽ സമരം, സിനിമയുടെ വ്യാജനിറങ്ങിയാൽ സമരം, താരം തുറിച്ചു നോക്കിയാൽ സമരം, എന്നിങ്ങനെ സമരകാരണങ്ങള്‍ക്കു പഞ്ഞമില്ല. സിനിമയിലല്ല, പുറത്താണ് രാഷ്ട്രിയം കൂടുതല്‍.

മൾട്ടി പ്ലക്സുകൾക്ക് നൽകുന്ന അതേ വ്യവസ്ഥകൾ മറ്റ് തീയറ്ററുകൾക്കും നൽകിയില്ലെങ്കിൽ അനിശ്ചിത കാലം സമരമെന്നായിരുന്നു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സ്പതംബർ മാസം നടത്തിയ പ്രഖ്യാപനം. തീയറ്റർ ഉടമകളെ രണ്ടു തട്ടിലാക്കരുതെന്നും കോംപറ്റീഷൻ കമ്മിറ്റിയെ സമീപിക്കുമെന്നുമെല്ലാം മുറവിളികൂട്ടി. തൊട്ടുമുൻപ് പ്രേമം സിനിമയുടെ വ്യാജനായിരുന്നു വിഷയം.

സിനിമ പണംവാരി കുതിക്കവേ തീയറ്ററുകൾക്ക് താഴിട്ട സമരം എന്തു നേടി, അതിനു മുൻപ് ബാഹുബലിയുടെ വൈഡ് റിലീസിങ്ങുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങൾ. ഇത് സമീപകാലത്ത സംഭവവികാസങ്ങൾ മാത്രം. എന്തിനും ഏതിനും കൊട്ടക പൂട്ടുമെന്ന പ്രഖ്യാപനങ്ങളുടെ കണക്കെടുത്താൽ രാഷ്്ട്രീയക്കാർ നാണിക്കും·.

മുമ്പ് സിനിമയുടെ ഏതു മേഖലയില്‍ പ്രവര്‍ത്തിച്ചവരും ആ മാധ്യമത്തോട് നീതി പുലര്‍ത്തിയിരുന്നു. കേവലം ഒരു വിനോദോപാധി എന്നതിനപ്പുറം ഒരുപാടു പേര്‍ക്ക് ജീവിതമാര്‍ഗം തുറന്നുകൊടുക്കുന്ന ഒരു വ്യവസായമായും അതിനെ കണ്ടിരുന്നു. സിനിമയില്‍ മുതല്‍മുടക്കുന്നവര്‍ക്ക് അതിന്‍റേതായ ബഹുമാനം കൊടുത്തിരുന്നു. എന്നാല്‍ ഇന്ന് സിനിമ എന്ന കലാരൂപം നശിച്ചാലും മറ്റു ചിലരെ പാഠം പഠിപ്പിക്കണം എന്ന ചിന്തയിലാണ് പല സംഘടനകളും നീങ്ങുന്നത്. ചിലരുടെ സിനിമാറ്റിക് ഈഗോയും പ്രതിസന്ധികള്‍ മൂര്‍ച്ചിപ്പിക്കുന്നു.

സാംസ്കാരിക ക്ഷേമനിധി ബോർഡിലേക്കുള്ള സെസ് പിരിക്കുന്നതിനെ ചൊല്ലിയാണ് ഇക്കുറി കലഹം. ടിക്കറ്റൊന്നിന് ക്ഷേമനിധി സെസ് തുകയായ മൂന്ന് രൂപ മുൻകൂർ നൽകാതെ ടിക്കറ്റ് സീൽ ചെയ്ത് നൽകില്ലെന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് തിയറ്ററുകൾ അടച്ചിടുന്നത്. സിനിമ ടിക്കറ്റുകളിൽ സെസ് പിരിച്ച് സാമൂഹിക പ്രവർത്തക ക്ഷേമ ഫണ്ടിൽ അടക്കണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഓരോ ടിക്കറ്റിനും മൂന്ന് രൂപ വീതം അടക്കണം.

2013 ജനുവരിയിൽ സെസ് പിരിച്ചുതുടങ്ങിയെങ്കിലും മാർച്ചായപ്പോഴേക്കും എതിർപ്പുമായി തിയറ്റർ ഉടമകൾ രംഗത്തെത്തി. സമരവും പ്രതിഷേധവും കേസുമായി രണ്ടുക്കൊല്ലക്കാലം സെസ്സ് പിരിക്കാനായില്ല. ഇതിനിടെയാണ് കഴിഞ്ഞമാസം ക്ഷേമനിധി ബോർഡിന് അനുകൂലമായി ഹൈക്കോടതി വിധി വന്നത്. എന്നിട്ടും പണം പിരിക്കാൻ എക്സിബിറ്റേഴ്സ് ഫെഡറേഷൻ തയ്യാറാകുന്നില്ല. സർവീസ് ചാർജെന്ന പേരിൽ രണ്ടു രൂപ വീതം വേറെ പിരിക്കുമ്പോഴാണ് ഈ ഇരട്ടത്താപ്പെന്നാണ് ആരോപണം.

സെസ് പിരിക്കാൻ കഴിയില്ലെന്ന് നിലപാടെടുത്ത് തിയറ്റർ അടച്ചിട്ട ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നടപടിക്കെതിരെ ക്ഷേമനിധി ബോർഡും രംഗത്തുവന്നു. സെസ് പിരിക്കാതെ ബോർഡിന് മുന്നോട്ടു പോകാനാകില്ലെന്ന് ചെയർമാൻ ജി. സുരേഷ് കുമാർ പറയുന്നു.

1700 പേർക്ക് 1000 രൂപ വീതം നിലവിൽ ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നുണ്ട്. മറ്റ് സാമ്പത്തിക സഹായങ്ങൾക്ക് പുറമെയാണിത്. സർക്കാർ വായ്പയും ലോട്ടറി നടത്തിയപ്പിലൂടെ ലഭിച്ച പണവും തുച്ഛമായ തലവരിതുകയും മാത്രമായിരുന്നു ഇതുവരെയുള്ള വരുമാനം.സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളും സർക്കാർ തിയറ്ററുകളും സെസ് പിരിച്ചുനൽകുന്നുതിനിടെയാണ് ഫെഡറേഷന്റെ പ്രതിഷേധം.

സമ്മർദ്ദമാണ് തിയറ്റർ ഉടമകളുടെ ലക്ഷ്യം. മലയാളത്തിൽ നിന്നും അന്യഭാഷയിൽ നിന്നുമായി ഏഴു ചിത്രങ്ങള്‍ ക്രിസ്മസ്സ കാലത്ത് ഉൽസവസിനിമകളായെത്തുന്നു. കോടികളുടെ മുതൽ മുടക്കിലെത്തുന്ന സിനിമകൾക്ക് മൾട്ടിപ്ലക്സുകളിൽ മാത്രം പിടിച്ചു നിൽക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടുള്ള വിലപേശല്‍. ഞങ്ങളില്ലെങ്കില്‍ സിനിയില്ല എന്നു വരുത്താനുള്ള വ്യഗ്രത.

ദുൽഖർ സൽമാന്റെ ചാർളി, ദിലീപിന്റെ ടു കൺട്രീസ്, മഞ്ജു വാര്യരുടെ ജോ ആൻഡ് ദ കിഡ്, ഉണ്ണി മുകുന്ദന്റെ സ്റ്റൈൽ യുവതാരങ്ങളണിനിരക്കുന്ന അടി കപ്യാരേ കൂട്ടമണി തുടങ്ങിയ സിനിമകളാണ് ഇത്തവണ ക്രിസ്മസ് റിലീസിനു കാത്തിരിക്കുന്നത്. അന്യഭാഷയില്‍‍നിന്ന് തങ്കമകൻ, ബാജിറാവു മസ്താനി എന്നിവയും റിലീസിനൊരുങ്ങി കഴിഞ്ഞു. 75 കേന്ദ്രങ്ങളിലായി 330 തിയറ്ററുകള്‍ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭാഗമായിട്ടുണ്ട്. മൾട്ടിപ്ലെക്സുകൾ സമരത്തിന്റെ ഭാഗമല്ലെങ്കിലും ഇത്രയും എ ക്ലാസ് തിയറ്ററുകളില്ലാതെ ഉത്സവസിനിമകൾ റിലീസ് ചെയ്യുന്നത് കനത്ത നഷ്ടമുണ്ടാക്കും.

നിർമാതക്കളുടേയും വിതരണക്കാരുടേയും തിയറ്റർ ഉടമകളുടടെയും കൂട്ടായ്മയായ ഫിലിം ചേംബർ ഇടപെട്ടാല്‍ ഇത്തരം പ്രശ്നങ്ങള്‍ തീര്‍ക്കാവുന്നതേയുള്ളൂ. സിനിമയ്ക്കുവേണ്ടി ഗുണപരമായ ഒരു ഇടപെടല്‍ ചേംബര്‍ നടത്തിയതിന് അടുത്തെങ്ങും ഉദാഹരണമില്ല. സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ ടി.ബാലകൃഷ്ണന്‍ കമ്മിറ്റി മുന്നോട്ടുവച്ച ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാകാതെ പോകുന്നത് ചിലരുടെ പിടിവാശിമൂലമാണ്. നിരന്തരം സമരം ചെയ്യുന്നവരുടെ വാശിക്ക് വളം വച്ചു െകാടുക്കാതെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിനും ശ്രമിക്കാവുന്നതാണ്. അല്ലെങ്കില്‍ ജനം വീട്ടില്‍ ഇരുന്ന് ടിവിയില്‍ സിനിമ കണ്ടോളും. നഷ്ടം സിനിമയ്ക്കു മാത്രമാണ്. അതു തിരിച്ചറിയാനുള്ള വിവേകം ഇനിയെങ്കിലും സിനിമാസംഘടനകള്‍ക്ക് ഉണ്ടാകണം.