മാധ്യമപ്രവർത്തകയെ അപമാനിച്ചു പ്രസംഗം: മേജർ രവിക്കെതിരെ കേസ്

മാധ്യമപ്രവർത്തകയെ പരസ്യമായി അപമാനിച്ചു പ്രസംഗിച്ചതിനു സംവിധായകൻ മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസെടത്തു. മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണു കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

ഐപിസി 354(എ), 500, 501 വകുപ്പുകൾ പ്രകാരവും കേരള പൊലീസ് ആക്ട് 120(0) പ്രകാരവുമാണു കേസ് എടുത്തതെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി. സപ്ർജൻ കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് ഇത്തരത്തിൽ മേജർ രവി പ്രസംഗിച്ചത്. ഇത് ഒരു ടിവി ചാനൽ സംപ്രേഷണം ചെയ്തിരുന്നു.

തുടർന്നു രവി തനിക്കെതിരെ കെട്ടുകഥ പ്രചരിപ്പിച്ചു ശാരീരിക ആക്രമണത്തിന് ആഹ്വാനം ചെയ്തെന്നും സ്ത്രീ എന്ന അന്തസ് ഇല്ലാതാക്കുന്ന തരത്തിൽ പരസ്യമായി അപമാനിച്ചെന്നും കാണിച്ചു മാധ്യമപ്രവർത്തക, തിരുവനന്തപുരം റേഞ്ച് ഐജി: മനോജ് ഏബ്രഹാമിനു പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്തത്.