ദുല്‍ക്കറിനൊപ്പം നടുറോഡിൽ ഒരു സെൽഫി

ഇപ്പോൾ സെല്‍ഫിയാണ് താരം. പണ്ടൊക്കെ താരങ്ങളെ കാണുന്പോൾ ഓട്ടോഗ്രാഫുമായി ഓടിച്ചെന്നിരുന്ന ആരാധകർ നേരെ വരുന്നത് മൊബൈലുമായാണ്, വേറൊന്നിനുമല്ല കൂടെ നിന്നൊരു സെൽഫി എടുക്കാൻ.

അങ്ങനെയൊരു കിടിലൻ സെൽഫിയുടെ കഥയാണ് പറഞ്ഞുവരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ആരാധകരായ രണ്ടു യുവാക്കള്‍ക്കാണ് ആ ഭാഗ്യം ലഭിച്ചത്. ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് നില്‍ക്കുന്ന ദുല്‍ഖറിന്റെ കാറിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിരുന്നാണ് യുവാക്കള്‍ സെല്‍ഫിയെടുത്തത്. ദുല്‍ഖർ ഇക്കാര്യം ആദ്യം അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി പുറത്തുനോക്കിയപ്പോഴാണ് ചെറുപ്പക്കാരുടെ സെൽഫി ശ്രമം ശ്രദ്ധയിൽപ്പെട്ടത്.

ഇതു കണ്ടതും ഉടൻ തന്നെ കാറിന്റെ ഗ്ലാസ് താഴ്ത്തി താരം ആരാധകര്‍ക്കായി പോസ് ചെയ്തു കൊടുത്തു. പിന്നീടുള്ള ഡയലോഗ് ആണ് ഈ യുവാക്കളെ വീണ്ടും ഞെട്ടിച്ചത്. ‘ഫോട്ടോ എടുക്കാനാണേൽ ചോദിച്ചാൽ പോരേ’....എന്തായാലും ആരാധകരുടെ ഈ ദുൽക്കർ സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ തരംഗമായി കഴിഞ്ഞു.