ലീലയ്ക്കെതിരെ കള്ളും പണവും: ഉണ്ണി ആർ

ലീല പോസ്റ്റർ, ഉണ്ണി ആർ

ബിജു മേനോനെ നായകനാക്കി രഞ്ജിത് ഒരുക്കിയ ലീലയുടെ വ്യാജ പതിപ്പ് പുറത്ത്. ഏപ്രിൽ 22ന് റിലീസായ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള പ്രിന്റ് തന്നെയാണ് ടോറന്റ്, ഫേസ്ബുക്ക് എന്നിവിടങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജൻ റിലീസ് ചെയ്ത ഒരാഴ്ച പോലും തികയും മുമ്പ് പുറത്തിറങ്ങുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും.

കള്ളും പണവും നൽകി ഈ സിനിമയെ തകർ‌ക്കാനിറങ്ങിയിരിക്കുന്ന ഗൂഡശക്തികളാണ് ഇതിന് പിന്നിലെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉണ്ണി ആർ ആരോപിച്ചു. സിനിമ ഓരോദിവസം ചെല്ലുന്തോറും ആളുകൾ ഇഷ്ടപ്പെട്ട്കൊണ്ടിരിക്കുകയാണ്. പല തിയറ്ററുകളിലും ഹൗസ്ഫുള്‍. സ്ത്രീകൾ അടക്കമുള്ള കുടുംബങ്ങളാണ് കൂടുതലായും സിനിമയിലേക്ക് ആകർഷിക്കുന്നത്.

കഴിഞ്ഞ ദിവസം വിജയരാഘവന്റെ കുടുംബം തിയറ്ററുകളിൽ സിനിമകാണുവാൻ പോയി. അദ്ദേഹം കൂടെ ഇല്ലായിരുന്നു. തിയറ്ററിൽ എത്തിയപ്പോൾ പെട്ടന്നൊരാൾ വന്ന് പറഞ്ഞു ‘ ഈസിനിമയ്ക്ക് കയറരുത്, കുടുംബത്തിന് കാണാൻ കൊള്ളാവുന്ന ചിത്രമല്ല ഇതെന്ന്’. ഫെയ്സ്ബുക്കിലും ഇതുതന്നെയാണ് അവസ്ഥ. സിനിമ തകർക്കാൻ ബുദ്ധിജീവി നിരൂപകരെ കൊണ്ട് ഫണ്ട് ചെയ്തിരിക്കുന്നു. ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ഉണ്ണി പറയുന്നു.

ബുദ്ധിജീവി നിരൂപകരിൽപ്പെട്ട ഒരാൾ ഇക്കാര്യം എന്നോട് പറയുകയും ചെയ്തു. സിനിമ തകർക്കാൻ പണം ഒഴുക്കുന്നുണ്ടെന്നും എന്നാൽ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ടാണ് അതിന് കൂട്ടുനിൽക്കാത്തതെന്നുമാണ് അയാൾ എന്നോട് പറഞ്ഞത്.സിനിമയുടെ വ്യാജപ്രിന്റ് പുറത്തുവന്നതിന് പിന്നിൽ ആരൊക്കെയാണെന്ന് അറിയില്ല. സൈബർസെല്ലിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർ ഉടന്‍ തന്നെ അറസ്റ്റിലാകും. ഉണ്ണി കൂട്ടിച്ചേർത്തു.