ആരെ പേടിച്ചാണ് വീരകേസരികളുടെ ഈ രാജി: വിനയൻ

ബി. ഉണ്ണികൃഷ്ണൻ, വിനയൻ, സിബി മലയിൽ

ഫെഫ്കയിൽ നിന്ന് സംവിധായകരായ ബി. ഉണ്ണികൃഷ്ണനും സിബി മലയിലും രാജിവച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് സംവിധായകൻ വിനയൻ. മലയാള സിനിമയിലെ ഏറ്റവും വല്യ സംഘടനയിലെ ഏറ്റവും വല്യ നേതാക്കന്മാരുടെ രാജി അതും ഒരേ ദിവസം രണ്ടു പേരും രാജിവെച്ചത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ലെന്നും ഇതിനുപിന്നിലും മറ്റുപല ഉദ്ദേശങ്ങളുണ്ടെന്നും വിനയൻ പറയുന്നു.

വിനയന്റെ വാക്കുകളിലേക്ക്–

മിനിഞ്ഞാന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിൽ വന്ന ഈ ന്യൂസ് ആരൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന് അറിയില്ല. ആ മാധ്യമത്തിൽ നിന്ന് എന്നെ വിളിച്ചപ്പോള്‍ ആണ് ശ്രീ ബി. ഉണ്ണികൃഷ്ണന്റെയും സിബിയുടെയും രാജിയേക്കുറിച്ച് ഞാന്‍ അറിഞ്ഞത്. ഏതോ ചാനലില്‍ ഏതാനും മിനിറ്റു നേരം സ്ക്രോളിംഗ് ന്യൂസ് വന്നശേഷം പിന്നെ കണ്ടില്ല എന്നും വാര്‍ത്ത ശരിയാണെന്നും പറഞ്ഞു.

പിന്നീട് ഫെഫ്കയിലെ മെമ്പര്‍മാരായ ചില സുഹൃത്തുക്കള്‍ പറഞ്ഞ വിവരം അറിഞ്ഞപ്പോഴാണ് ജൂണില്‍ ഫെഫ്കയുടെ ജനറല്‍ ബോഡി നടക്കാനിരിക്കെ ഒന്നരമാസം മാത്രം മുന്‍പ് രണ്ടുപേരും ഒരുമിച്ച് രാജിവെച്ചതിലെ ദുരൂഹത ചിലര്‍ വെളിപ്പെടുത്തിയത്. എന്തിനേ പേടിച്ചിട്ടാണെങ്കിലും ശരി ഇത്രയേ ഉള്ളു വീരകേസരികളുടെ തന്റേടം. എന്തു കേസു വന്നാലും വിനയനെ ഞങ്ങള്‍ വിലക്കിയത് ശരിയാണ് അതു ഞങ്ങള്‍ ചെയ്തതാണ് എന്ന് ഉറച്ചു പറയുന്നിടത്തല്ലെ നേതാക്കളുടെ ആണത്തം..? അല്ലാതെ തിരിഞ്ഞോടുന്നതാണോ?

പക്ഷേ സത്യം പറയണമല്ലോ ചാനലുകളിലോ മലയാളപത്രങ്ങളിലോ ഒന്നും ഒരു ന്യൂസ് പോലും വരാതെ നോക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ബഹുമാന്യരായ പ്രമുഖ താരങ്ങള്‍ അതിനു വേണ്ടി നല്ല PRO വര്‍ക്ക് ചെയ്തെന്നാണ് അറിഞ്ഞത്. മലയാള സിനിമയിലെ ഏറ്റവും വല്യ സംഘടനയിലെ ഏറ്റവും വല്യ നേതാക്കന്മാരുടെ രാജി അതും ഒരേ ദിവസം രണ്ടു പേരും രാജിവെച്ചത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല. ഒരു ചര്‍ച്ചയുമായില്ല. എങ്ങനെയുണ്ട്? അമ്മയും ഫെഫ്കയും ഉദ്ദേശിച്ചാല്‍ ഇവിടെ എന്താണ് നടക്കാത്തത്? സിനിമാ തമ്പുരാക്കന്മാരുടെ സംഘടനകളല്ലെ..? എന്തായാലും ഹൈദരാബാദില്‍ നിന്ന് എഡിറ്റു ചെയ്തു വരുന്ന ടൈംസ് ഓഫ് ഇന്ത്യയില്‍ ആ ന്യൂസ് തമസ്ക്കരിക്കാന്‍ അവര്‍ക്കായില്ല. ഭാഗ്യം.

2008ല് ഫെഫ്കയുണ്ടായപ്പോള്‍ മുതല്‍ പ്രസിഡന്റും സെക്രട്ടറിയുമായി ചുമതലയേറ്റ ഈ രണ്ടു കക്ഷികളും - രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങള്‍ ഇപ്പൊ ഇറങ്ങും ഇപ്പൊ ഇറങ്ങും എന്നു പറഞ്ഞുകൊണ്ട് 8 വര്‍ഷമായി ആ കസേരയില്‍ സ്വന്തം കാര്യം കാണാന്‍ വേണ്ടി കടിച്ചുതൂങ്ങി പാവപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകരെ പറ്റിക്കുകയല്ലായിരുന്നോ? ഇപ്പൊ അവര്‍ക്ക് വ്യക്തിപരമായ കാരണമുണ്ടായി പോലും. പൊട്ടിച്ചിരിക്കാന്‍ തോന്നുന്നു.

എന്റെ നിലപാടുകളില്‍ അണുവിട മാറ്റമില്ലാതെ ഈ സ്വാര്‍ത്ഥരൂപങ്ങള്‍ക്കെതിരെ ഒറ്റയ്ക്കു പോരാടുകയാണ് ഞാന്‍. എന്നെക്കൊണ്ട് സിനിമ ചെയ്യിക്കാതിരിക്കാനും ചെയ്ത സിനിമ റിലീസു ചെയ്യാതിരിക്കാനും ഇവര്‍ നടത്തുന്ന അക്ഷീണ പരിശ്രമവും ചെലവാക്കുന്ന സമയവും ഉണ്ടായിരുന്നെങ്കില്‍ അവരുടെ സ്വന്തം സിനിമകള്‍ എത്രയോ നന്നാക്കി രക്ഷപെടാമായിരുന്നു. പക്ഷെ ഇവരുടെ വൈരാഗ്യബുദ്ധിയെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. അതിനെതിരെ ഞാന്‍ കോമ്പറ്റീഷന്‍ കമ്മീഷനില്‍ കേസു കൊടുത്തിട്ടുണ്ടെന്നുള്ളത് സത്യമാണ്. രണ്ടുവര്‍ഷമായി കേസു നടക്കുന്നു.

ഇന്‍വെസ്റ്റിഗേഷന്‍ സമര്‍പ്പിച്ചു കഴിഞ്ഞ കേസിന്റെ അവസാനവാദം ഈ മാസം 21ന് നടക്കുന്നു എന്നതും സത്യമാണ്. അതിന്റെ വിധി നെഗറ്റീവൊ പോസിറ്റീവൊ ആകട്ടെ പക്ഷെ ഉണ്ണികൃഷ്ണന്‍ പറയുന്നപോലെ 8 വര്‍ഷം ഒന്നും വേണ്ടാ വിധി വരാന്‍. നാളുകള്‍ എണ്ണിയാല്‍ മതി. ഞാന്‍ കേസുകൊടുത്തത് അമ്മയ്ക്കും ഫെഫ്കക്കും എതിരെ മാത്രമല്ല. ഇവരെ പോലുള്ള ചില കള്ളനാണയങ്ങള്‍ക്കെതിരെ കൂടിയാണ്. ഇവര്‍ എന്തിനേ പേടിച്ചാണ് രാജിവെച്ചതെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. അതു വഴിയെ കാണാം...

കുറേ നാള്‍ ആരെയെങ്കിലും പറ്റിച്ചും ദ്രോഹിച്ചും സ്ഥാനങ്ങള്‍ നേടാം, ലാഭമുണ്ടാക്കാം. പക്ഷെ എന്നും അതു പറ്റില്ലല്ലൊ. അതിനല്ലെ സത്യത്തിന്റെ ജയം എന്നൊക്കെ നാം പറയുന്നത്. ഇതിന്റെ ശേഷം കഥകള്‍ വരുന്ന ആഴ്ച്ചകളില്‍ നമുക്ക് പറയാം. വിനയൻ പറഞ്ഞു.