Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചു വെക്കൽ അല്ല, വിട്ടുകൊടുക്കലാണ് സ്നേഹം

mamootty-shobhana

പ്രണയം അടർത്തിയെടുത്തുകൊണ്ടു പോകുന്ന വേദനയറിഞ്ഞിട്ടുണ്ടോ? ഹൃദയം കുത്തിക്കീറി വേദനപ്പിക്കുന്നതിലും വേദനയാണ് പ്രണയം അടർത്തിമാറ്റുന്നത്. ആ കൊടിയവേദന വകവെയ്ക്കാതെ പാതിജീവനെ പറിച്ചുകൊടുത്ത ചില കഥാപാത്രങ്ങളുണ്ട് നമ്മുടെ മലയാളസിനിമയിൽ.

ഓർമ്മയിലെ പക്ഷെയിലെ നന്ദനിക്കുട്ടിയെ. ഈ ത്യാഗം നമുക്ക് മാത്രമേ ചെയ്യാനാവൂ എന്നു പറഞ്ഞ ബാലേട്ടന്റെ നന്ദിനിക്കുട്ടിയെ. ഒരു പക്ഷെയ്ക്ക് അപ്പുറം കൈയ്യെത്തും ദൂരത്ത് മോഹിച്ച ജീവിതം വീണ്ടും കൊണ്ടുവന്ന് നീട്ടിയിട്ടും വേണ്ടെന്ന് വെച്ചവൾ. ചങ്കുപൊട്ടുന്ന വേദനയിലായിരുന്നു ബാലേട്ടനെ വീണ്ടും പഴയ ജീവിതത്തിലേക്ക് മടക്കി അയച്ചത്. കണ്ണീരൊളിപ്പിച്ച് പിന്നീട് പൊട്ടിക്കരഞ്ഞ നന്ദിനിക്കുട്ടിയെ എങ്ങനെ മറക്കും.

മഴയെത്തുമുമ്പെയിലെ ഉമയെപ്പോലെ പ്രണയം കരഞ്ഞുതീർത്ത മറ്റൊരു കഥാപാത്രമുണ്ടോയെന്ന് സംശയമാണ്. നന്ദേട്ടനെന്നും ഉമ്മയുടേതാണെന്ന് കുഞ്ഞുനാളു മുതൽ കേട്ടുവളർന്നിട്ടും അവസാനം ആ നന്ദേട്ടനെ ശ്രുതിക്കു വേണ്ടി വിട്ടുകൊടുത്തില്ലേ ഉമ. നന്ദേട്ടനു വേണ്ടി നീ ചെയ്ത ത്യാഗമെന്ന് നന്ദൻ ആക്രോശിക്കുമ്പോഴും ഉമയുടെ കണ്ണുകളിൽ പ്രണയത്തിന്റെ നിസഹായാവസ്ഥാണ് കണ്ടത്.

Mazhayethum Munpe Mammootty | Enthinu Veroru Sooryodhayam Song

പ്രണയകാലങ്ങളെക്കുറിച്ചോർക്കുമ്പോൾ കൃഷ്ണഗുഡിയിലെ പ്രണയകാലത്തിലെ അഖിലിനെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ല. സ്നേഹം പിടിച്ചു വാങ്ങാൻ ശ്രമിച്ചപ്പോഴൊക്കെയും മീനാക്ഷി ഒഴിഞ്ഞു മാറി, അവസാനം കുന്നോളം സ്നേഹവുമായി വന്നപ്പോൾ ഗിരിക്കു വേണ്ടി അഖിൽ തട്ടിക്കളഞ്ഞു സ്വന്തം പ്രണയം. തളർന്ന ശരീരത്തിലെ ശക്തി മുഴുവൻ സംഭരിച്ച് അവളെ പാളത്തിലേക്കല്ല അയാൾ തള്ളിയിട്ടത്, ജീവിതത്തിലേക്കായിരുന്നു. സ്വന്തം പ്രണയം നഷ്ടമാകുമ്പോഴും പ്രിയപ്പെട്ടവളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു അയാൾ ആഗ്രഹിച്ചത്.

ഇന്നലെയിലെ നരേന്ദ്രൻ, പ്രാണൻ പകുത്തു നൽകി ഇന്നലകളില്ലാതെ നടന്നുനീങ്ങിയ നരേന്ദ്രനെ ഓരോ പ്രണയദിനത്തിലും ഓർമ്മവരും. മായ തന്നെ തിരിച്ചറിയുന്നില്ലെന്ന് മനസ്സിലാക്കിയ നിമിഷം അവകാശവാദങ്ങൾ ഉന്നയിക്കാതെ അയാൾ വന്നിടത്തേക്ക് തിരിച്ചുപോയതും പ്രണയം കൊണ്ടല്ലേ.

ഇനിയുമുണ്ട് ഇതുപോലെ പ്രണയം ത്യാഗമാണെന്ന് തെളിയിച്ചവർ. സമ്മർ ഇൻ ബത്‌ലഹേമിലെ നിരഞ്ജൻ, തൂവാനത്തുമ്പികളിലെ ക്ലാര, പഞ്ചാബി ഹൗസിലെ സുജാത. ഓൾഡ് ജനറേഷനിൽ മാത്രമെ ത്യാഗപൂർണ്ണമായ പ്രണയമുള്ളൂ എന്ന് കരുതേണ്ട. ഓം ശാന്തി ഓശാനയിലെ പൂജ മാത്യൂസ് ഗിരിയെ ശ്രീലക്ഷ്മിക്ക് വിട്ടുകൊടുക്കാൻ തയ്യാറായത്, ഇഷ്ടം കൂട്ടിപ്പോയത് കൊണ്ടല്ലേ. പ്രേമത്തിലെ മലരിനെയും ത്യാഗോജ്വലമായ പ്രണയത്തിന്റെ ന്യൂജനറേഷൻ രൂപമായി കണക്കിലെടുക്കാം. മലർ ഫാൻസ് പറയും പോലെ ജോർജിന്റെ നല്ലജീവിതത്തിനായി, ജോർജിനെ പേരുദോഷം കേൾപ്പിക്കാതിരിക്കാനായി, ഗുരുശിഷ്യ ബന്ധത്തിന് ചീത്തപേര് ഉണ്ടാക്കാതിരിക്കാനായി മലർ പ്രണയം വേണ്ടെന്നു വെച്ചു. ഏതായാലും ഇവരെല്ലാം പറയാതെ പറയുന്നത് ഒരു കാര്യം മാത്രം, പിടിച്ചു വെക്കൽ അല്ല, വിട്ടുകൊടുക്കലാണ് സ്നേഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.