ഇന്ദ്രജിത്ത് സിനിമയിലെത്തിയ കഥ

വിനയൻ സംവിധാനം ചെയ്ത് ഉൗമപ്പെണ്ണിന് ഉരിയാ‍ടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് അഭിനയത്തിന്റെ മുൻനിരയിലെത്തുന്നത്. 1986ൽ പുറത്തിറങ്ങിയ പടയണി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം ചെയ്തത് ഇന്ദ്രജിത്ത് ആയിരുന്നു.

ഉൗമപ്പെണ്ണിന് ഉരിയാ‍ടാപ്പയ്യൻ എന്ന ചിത്രത്തിൽ അഭിനയിക്കാനിടയായ സംഭവം സംവിധായകൻ വിനയൻ പറയുന്നു. പള്ളാശേരി എന്ന എഴുത്തുകാരനാണ് എന്റെ കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിനൊക്കെ തിരക്കഥ എഴുതിയത്. നല്ല എഴുത്തുകാരനാണ് അദ്ദേഹം. പള്ളാശേരിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് വലിയ ആഗ്രഹം. ഇതിനു വേണ്ടി അദ്ദേഹം താൻ അഭിനയിച്ച ഒരു ടെലിഫിലിമിന്റെ സിഡി എന്റെ കയ്യിൽ തന്നു വിട്ടു. ഇത് കണ്ടിട്ട് തന്റെ അഭനിയം എങ്ങനെയുണ്ടെന്ന് നോക്കൂ. അടുത്ത സിനിമയിൽ ചാൻസ് തരണമെന്നും പറഞ്ഞു. ഞാൻ അന്ന് ദാദാ സാഹിബും രാക്ഷസരാജാവുമൊക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമാണ്.

പള്ളിക്കര തന്ന സിഡി കാണുമ്പോഴാണ് അതിൽ അഭിനയിക്കുന്ന ഒരു ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. ഇൗ പയ്യൻ കൊള്ളാമല്ലോ എന്നു പറ‍ഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നയാൾ പറഞ്ഞു , ഇത് നമ്മുടെ മല്ലിക ചേച്ചിയുടെ മോനാണ് അറിയില്ലെ എന്നു ചോദിച്ചു, അങ്ങനെയാണ് ഇന്ദ്രജിത്തിനെ ഞാൻ ശ്രദ്ധിക്കുന്നതും ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യനിൽ വില്ലന്റെ വേഷം ലഭിക്കുന്നതും, എന്നാൽ പള്ളാശേരിക്ക് ആ സിനിമയിൽ അവസരം ലഭിച്ചതുമില്ല. വിനയൻ പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം അനൂപ് മേനോന് സിനിമയിൽ ചാൻസു നൽകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു വിനയൻ. ഇന്ദ്രജിത്തിന്റെ സിനിമയിലേക്കുള്ള പ്രവേശനം തികച്ചും ആകസ്മികമാണ്, എന്നാൽ അനൂപ് മേനോന്റെ അങ്ങനെയായിരുന്നില്ലെന്നും, അനൂപ് ചാൻസ് ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും വിനയൻ പറയുന്നു.