തെരുവുനായ ശല്യം ഭീകരമായ അവസ്ഥയെന്ന് വിനയൻ

സംസ്ഥാനത്ത് തെരുവുനായയുടെ ഉപദ്രവം മൂലം മനുഷ്യർക്ക് പലയിടത്തും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ആറു മാസത്തിനിടെ അറുപതിനായിരത്തിലധികം പേര്‍ക്ക് തെരുവു നായ്ക്കളുടെ കടിയേറ്റതായി ഔദ്യോഗിക കണക്ക്. ‘മൃഗസ്നേഹത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ ചില തീരുമാനങ്ങള്‍ അതിരുകടന്നുപോകുന്നുവെന്ന് സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു. തീരപ്രദേശങ്ങളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി വിഭാഗം സന്ധ്യകഴിഞ്ഞ് പ്രാഥമികാവശ്യത്തിനു പോലും വെളിയിലിറങ്ങാന്‍ മടിക്കുന്നു എന്നത് അത്യന്തം ഭീകരമായ ഒരവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.

വിനയന്റെ കുറിപ്പ് വായിക്കാം–

കേരളത്തിലെ പാവപ്പെട്ട ജനവിഭാഗം ഭയത്തോടെ എന്നല്ല മരണഭയത്തോടെ കാണുന്ന ഒരു ജീവല്‍പ്രശ്നമായിരിക്കുന്നു ഇന്നു തെരുവുനായയുടെ ശല്യം - പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി വിഭാഗം സന്ധ്യകഴിഞ്ഞ് പ്രാഥമികാവശ്യത്തിനു പോലും വെളിയിലിറങ്ങാന്‍ മടിക്കുന്നു എന്നത് അത്യന്തം ഭീകരമായ ഒരവസ്ഥയാണ്.

മൃഗസംരക്ഷണവകുപ്പോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ, സര്‍ക്കാരോ ഒന്നും ഈ വിഷയത്തെ അതിന്റേതായ ഗൗരവത്തോടെ എടുത്തിട്ടുണ്ടോ എന്നത് സംശയകരമായ കാര്യമാണ്. ഉണ്ടായിരുന്നെങ്കില്‍ ഇതിനേക്കുറിച്ച് വിപുലമായ ഒരു ചര്‍ച്ചയ്ക്ക് ശേഷം ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ കുഴപ്പമില്ല എന്നൊരു കേട്ടുപഴകിയ തീരുമാനമായിരുന്നില്ല അധികാരികള്‍ എടുക്കേണ്ടിയിരുന്നത്. ഇത് ഹൈക്കോടതി നേരത്തേ തന്നെ വിധിയായി പറഞ്ഞിരുന്നതാണ്.

ഏതു നായ എപ്പോള്‍ ആക്രമണകാരി ആയി മാറുമെന്ന് ആര്‍ക്കാണറിയുന്നത്? നായയുടെ മാനസിക വ്യാപാരവും സൈക്കോളജിയുമൊക്കെ അറിയാവുന്നവരാണോ സാധാരണ ജനവിഭാഗം? പ്രാഥമികാവശ്യത്തിനായി വീട്ടിലൊരു കക്കൂസുപോലുമില്ലാത്ത പാവപ്പെട്ട അമ്മമാര്‍ എങ്ങനെയാണ് ആക്രമിക്കാന്‍ വരുന്ന നായയെ കൊല്ലേണ്ടത്? അതുകൂടി അധികാരികള്‍ വിശദീകരിച്ചാല്‍ കൊള്ളാം.

മൃഗസ്നേഹത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ ചില തീരുമാനങ്ങള്‍ അതിരുകടന്നുപോകുന്നു എന്നു പറയാതിരിക്കാന്‍ കഴിയില്ല - മൃഗങ്ങളേയും ജീവികളേയുമൊക്കെ മനുഷ്യജീവന്‍ ത്യജിച്ചും സ്നേഹിക്കണമോ?

മൃഗസ്നേഹികളായി രംഗപ്രവേശനം ചെയ്യുന്നവരുടെ വാചകമടി ഇത്തിരി കൂടിപ്പോകുന്നു എന്നതു സത്യമാണ്. തെരുവുപട്ടികള്‍ ഇനിയും പാവപ്പെട്ടവരെ കടിച്ചുതിന്നാന്‍ തുടങ്ങിയാല്‍ ഈ മൃഗസ്നേഹികള്‍ വെളിയിലിറങ്ങിയാല്‍ തല്ലുകൊള്ളുമെന്ന അവസ്ഥയാകും യാതൊരു സംശയവുമില്ല.

കേരളത്തിന്റെ തെരുവിലലയുന്ന പതിനായിരക്കണക്കിനു പട്ടികളേ കൊല്ലുക എന്നു പറയുന്നതും പ്രായോഗികമല്ല. എല്ലാത്തിനേം കൂടി കുഴിച്ചുമൂടാന്‍ കൂടി ഇവിടെ സ്ഥലമുണ്ടാവില്ല. മാത്രമല്ല മിണ്ടാപ്രാണികളായ ജീവികളെ അങ്ങനെ കൊല്ലുന്നതിനോടും യോജിക്കാന്‍ കഴിയില്ല...

അതിനാണ് മേനകാഗാന്ധിയെ പോലുള്ളവരും സംസ്ഥാന ഭരണാധികാരികളും സൊല്യൂഷന്‍ കണ്ടെത്തേണ്ടത്. വിദേശരാജ്യങ്ങളിലൊക്കെ ഉള്ളപോലെ ഇതുപോലെ നായ്ക്കളെ സംരക്ഷിക്കാന്‍ ഷെല്‍ട്ടറുകള്‍ (Kennels) ഉണ്ടാക്കണം. എല്ലാ പഞ്ചായത്തിലും, മുന്‍സിപ്പാലിറ്റിയിലും, കോര്‍പ്പറേഷനുകളിലും ഇത്തരം കെന്നല്‍സ് ഉണ്ടാക്കാനുള്ള പണം കണ്ടെത്തുകയും നായ്ക്കളെ പിടിച്ച് അത്തരം ഷെല്‍ട്ടറുകളില്‍ അടയ്ക്കാനുള്ള അടിയന്തിര നടപടി എടുക്കുകയുമാണ് വേണ്ടത്.

അതല്ലാതെ നാടുനീളെ നടന്ന് പട്ടികളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ട് കാര്യമില്ല. അതു പൂര്‍ത്തീകരിക്കാന്‍ നിങ്ങളെക്കൊണ്ട് ഒട്ടാവുകയുമില്ല. അതുകൊണ്ട് ഇത്തരം ഷെല്‍ടറുകള്‍ ഉണ്ടാക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന് പ്രത്യാശിക്കുന്നു.