വികസിത കേരളം...ത്ഫൂ... ഇവർ തുപ്പിയത് ആരുടെ മുഖത്ത്?

വികസിത കേരളം......... ത്ഫൂ എന്നാണ് ഡോക്ടർ ബിജു കുറിച്ചത്. ഇതാണോ ജനാധിപത്യത്തിലെ സ്ഥിതിസമത്വം....? സംവിധായകൻ വിനയന് ചോദിക്കുവാനുള്ളത് ഇതാണ്. തെരഞ്ഞെടുപ്പുകാലത്തോടുള്ള പ്രതികരണമല്ലിത്. പാലക്കാട്ടെ അട്ടപ്പാടിയിൽ ഒരു ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തതിനോടായിരുന്നു ഇവരുടെ ഈ പറച്ചിൽ. ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നത് അത്രയ്ക്ക് ഞെട്ടലുണ്ടാകുന്ന വാർത്തയാണോ? അല്ല. നമ്മുടെ നാട്ടിൽ ദിനംപ്രതി എത്രയോപേരങ്ങനെ ചെയ്യുന്നു. പക്ഷേ ശ്രുതി സ്വയമങ്ങ് അവസാനിപ്പിച്ചത് ഒരു നേരം വയറുനിറച്ചുണ്ണുവാൻ കഴിയാത്തതിന്റെ വിഷമത്തിലാണ്. ആരാണ് ശ്രുതിയെന്നാല്‍ ഇക്കാരണം കൊണ്ട് ആത്മഹത്യ ചെയ്ത ഒരു ആദിവാസിപ്പെൺകുട്ടിയെന്ന് ഉത്തരം പറയാം. നമ്മൾ ചിന്തിക്കും പോലെ അങ്ങ് ഉത്തരേന്ത്യയിലല്ല ഇതു നടന്നത്. നമ്മുടെ പാലക്കാട്ടെ അട്ടപ്പാടിയിലെ ശ്രുതി. എന്തുകൊണ്ടിങ്ങനെയെന്നതിന് മറുപടി പലതും പറയാം. എപ്പോഴത്തേയും പോലെ. പക്ഷേ സോഷ്യൽ മീഡിയയിൽ വന്ന ഇതുപോലുള്ള പല പ്രതികരണങ്ങളും കുറിക്കുകൊള്ളുന്നതായിരുന്നു.

വിനയൻ

ആരുടെയും നെഞ്ച് പിളർക്കുന്ന ഈ വാർ‌ത്ത അല്ലായിരുന്നോ ഇന്ന് നമ്മുടെ മീഡിയകളിൽ ഏറ്റവും വലിയ ചർച്ച ആകേണ്ടിയിരുന്നത്. അതോ വാർത്ത ശരിയല്ലേ...? അധികാരക്കസേരയിൽ കയറാൻ പരക്കം പായുന്ന നേതാക്കൻമാരുടെ പ്രചരണ കോലാഹലവും, അവർ ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും, വോട്ടു ചോദിക്കുന്നതുമൊക്കെ സിനിമ പോലെ കാണിക്കുന്നതിനിടയിൽ നമ്മുടെ ഭരണാധികാരികളുടെ കാപട്യവും കെടുകാര്യസ്ഥതയും മൂലം വിശ പ്പുതാങ്ങാനാവാതെ ജീവിതമൊടുക്കിയ ഈകുരുന്നിൻറെ കഥ എന്തേ തമസ്കരിക്കപ്പെടുന്നു.... നിങ്ങളുടെ സുഖവാസ കേന്ദ്രങ്ങളോ,മെട്രോ റയിലോ,തുറമുഖമോ,എക്സ്പ്രസ്സ് ഹൈവേ യോ ഒന്നും അവൾക്കു വേണ്ടായിരുന്നു........ ഒരുനേരത്തേ ആഹാരം കഴിക്കാൻ ഈ ആദിവാസി പെൺകുട്ടിയെ നിങ്ങൾ സഹിയിച്ചിരുന്നെങ്കിൽ അവൾ ആത്മഹത്യ ചെയ്യില്ലായിരുന്നു.. ഈ അനീതിയേ എന്തു പേരിട്ടാണു നാം വിളിക്കുക........ ഇതാണോ ജനാധിപതൃത്തിലേ സ്ഥിതിസമത്വം...............,...........?

ഡോ. ബിജു

പേരാവൂരിൽ വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തു.... വികസിത കേരളം......... ത്ഫൂ