അതിവേഗം ആവേശത്തോടെ ഫ്യൂരിയസ് 8; റിവ്യു

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങൾ കണ്ടു വളർന്നവരാണ് നമ്മിൽ പലരും. തുടർഭാഗങ്ങൾ 7 വട്ടം വന്നിട്ടും ഇതുവരെയും ഒരുമടുപ്പും ഇവർ ഉണ്ടാക്കിയിട്ടുമില്ല. പോൾ വാക്കറിന്റെ ആകസ്മിക മരണത്തിന് ശേഷം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളോട് ആരാധകർക്ക് കൂടുതൽ അടുപ്പമുണ്ട്. അത്രയും വൈകാരികമായ വിടവാങ്ങലാണ് ഫ്യൂരിയസ് 7 ൽ പോൾ വാക്കറിന്  ലഭിച്ചത്.

ഫ്യൂരിയസ് പതിപ്പിലെ എട്ടാം ചിത്രം ഫേറ്റ് ഓഫ് ദ് ഫ്യൂരിയസ് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകളെല്ലാം കൂട്ടിച്ചേർത്ത് തയ്യാറാക്കിയ  കോക്ടെയിലാണ് എന്നുപറയാം. വിൽ ഡീസൽ, ഡ്വെയ്ൻ ജോൺസൺ, ജെസൻ സ്റ്റാതം, ചാർലീസ് തെറോൺ തുടങ്ങി വമ്പർ താരനിരയാണ് ഇത്തവണ സ്ക്രീനിൽ ഒരുമിക്കുന്നത്.

ഫ്യൂരിയസ് സീരീസിൽ ഇതാദ്യമായി ഒരു സ്ത്രീ പ്രധാന വില്ലൻവേഷം ചെയ്യുന്നുവെന്നതാണ് എട്ടാം പതിപ്പിനെ വ്യത്യസ്തമാക്കുന്നത്.  ചാർലീസ് തെറോൺ, സൈഫർ എന്ന ടെക്കി വില്ലത്തിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 

ഫ്യൂരിയസ് 7 ന്റെ തുടർച്ചയായാണ് ചിത്രം കഥ പറയുന്നത്. സാഹസിക ജോലികളിൽ നിന്നും വിരമിച്ച ശേഷം സംഘാംഗങ്ങളെല്ലാം സ്വസ്ഥമായ ജീവിതം നയിക്കുകയാണ്. ഡൊമിനിക് ടൊററ്റോയും ലെറ്റിയും ക്യൂബയിൽ മധുവിധു  ആഘോഷിക്കുന്നു. ഇതിനിടയിലേക്ക് ദുരൂഹതകളുമായി ഒരു സ്ത്രീ എത്തിച്ചേരുന്നതും ഡോമിനെ ബ്ലാക് മെയിൽ ചെയ്ത് അവരുടെ കാര്യസാധ്യത്തിനായി കുടുംബത്തിനെതിരെ തിരിക്കുന്നതും.

കുടുംബമാണ് ഏറ്റവും വലുതെന്ന മനസ്സോടെ നടക്കുന്ന ടൊററ്റോയെ ഇവർക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്ന കാരണം എന്താകും. അത് കണ്ടെത്താനും നായകനെ മടക്കിക്കൊണ്ടുവരാനായി മറ്റ് സംഘാംഗങ്ങൾ ഒരുമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

സംഘട്ടനരംഗങ്ങൾ അത്യുഗ്രൻ. കാറുകളുടെ ശവപ്പറമ്പാണ് ചിത്രം. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്കായി നിരവധി കാറുകളാണ് നശിപ്പിക്കേണ്ടി വന്നത്. ആഖ്യാനപരമായി വലിയ മേന്മകളൊന്നും അവകാശപ്പെടാനില്ല ചിത്രത്തിന്. എന്നിരുന്നാലും കൃത്രിമത്വം ഒട്ടും തോന്നാത്ത സ്പെഷൽ ഇഫക്ടും സാങ്കേതിക വിദ്യകളുമാണ് ചിത്രത്തിലേത്. ഒരുഘട്ടത്തിലും അത് മുഷിപ്പിക്കുന്നുമില്ല.

കഴിഞ്ഞ ചിത്രത്തിൽ വില്ലനായിരുന്ന ജേസൺ സ്റ്റാതം ഇത്തവണ സംഘട്ടന രംഗങ്ങളിലടക്കം നായകതുല്യമായ വേഷത്തിലേക്കുയരുന്നു. മറ്റു താരങ്ങളെല്ലാം തങ്ങളുടെ വേഷം ഭദ്രമാക്കി. പോൾ വാക്കറിന്റെ അഭാവം ചിത്രത്തിൽ അനുഭവപ്പെടും. എന്നാൽ അദ്ദേഹത്തിനായി വികാരനിർഭരമായ ഒരു രംഗം ചിത്രത്തിലുണ്ട്. 

പതിവുപോലെ ലോക കാഴ്ചകളാൽ സമൃദ്ധമാണ് ഇത്തവണയും ചിത്രം. കഴിഞ്ഞ തവണ ദുബായ്, റിയോ തുടങ്ങിയ സ്ഥലങ്ങൾ പശ്ഛാത്തലമൊരുക്കിയപ്പോൾ ഇത്തവണ ക്യൂബയും, അമേരിക്കയും, ഐസ് ലൻഡുമൊക്കെ വ്യത്യസ്തമായ കാഴ്ചകളുടെ വിരുന്നൊരുക്കുന്നു. ബ്രയാൻ ടെയ്‌ലറിന്റെ സംഗീതമാണ് ചിത്രത്തെ ആവേശംകൊള്ളിക്കുന്ന മറ്റൊരു ഘടകം. 

250 മില്യൻ ഡോളർ ബഡ്ജറ്റിലൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇറ്റാലിയൻ ജോബ്, നെഗോഷ്യേറ്റർ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഗാരി ഗ്രേയാണ്. ചുരുക്കത്തിൽ ചടുലമായ പതിവു ശൈലിയിൽ കഥ പറയുന്ന ചിത്രം ആരാധകർക്ക് പൊതുവേ തൃപ്തികരമായ കാഴ്ചയായിരിക്കും സമ്മാനിക്കുക.