നല്ലൊരു ഏദൻ തോട്ടം; റിവ്യു

അപ്പൂപ്പന്‍ താടി പോലെ ഭാരമില്ലാതെ പറന്ന് നടക്കുന്ന സിനിമകളാണ് രഞ്ജിത്ത് ശങ്കറിന്റേത്. കൊച്ചു കൊച്ചു നൊമ്പരങ്ങളിലുടെ കണ്ണുനിറയ്ക്കാറുണ്ടെങ്കിലും കഥാന്ത്യത്തില്‍ പോസ്റ്റീവ് എനര്‍ജി നിറച്ച ഹൈഡ്രജന്‍ ബലൂണുകള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പറത്തി വിടുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. മാനുഷിക ബന്ധങ്ങള്‍ക്കും നന്മക്കും സ്‌ക്രീന്‍ സ്‌പേസ് നല്‍കുന്ന മറ്റൊരു കൊച്ചു നല്ല ചിത്രമാണ് 'രാമന്റെ ഏദന്‍തോട്ടം'. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒരു ചാറ്റല്‍ മഴ നനഞ്ഞ കുളിര്‍മയും ഒരു കാറ്റിന്റെ സുഗന്ധവും ശുദ്ധവായു ശ്വസിച്ചതിന്റെ ആനന്ദവും ബാക്കിയാകുന്നു.   

കഥയിലും കഥാപരിസരങ്ങളിലും കഥാപാത്ര നിര്‍മ്മിതിയിലും പരിചരണത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന സംവിധായകനാണ് രഞ്ചിത്ത് ശങ്കര്‍. രാമന്റെ ഏദന്‍തോട്ടത്തിലും അദ്ദേഹം പതിവ് തെറ്റിക്കുന്നില്ല. പാസഞ്ചറിലൂടെ സംവിധായകനായി യാത്ര തുടങ്ങിയ രഞ്ജിത്ത് ശങ്കര്‍ തന്റെ മുന്‍കാല ചിത്രങ്ങളുടെ 'പ്രേത'ബാധയില്ലാതെ പുതിയൊരു യാത്രയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നു. 

ഏദന്‍തോട്ടം രാമന്റേതാണെങ്കിലും അനു സിത്താരയുടെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നതും വികസിക്കുന്നതും. 'രാമന്റെ ഏദന്‍തോട്ടം' മാലിനിയുടെ യാത്രകളാണ്. സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും മാലിനിയുടെ യാത്രകളിലൂടെയാണ്. യാത്രക്കള്‍ക്കിടയില്‍ സ്വയം കണ്ടെത്തുന്ന, മാലിനി പ്രേക്ഷകരുടെ മുന്നിലേക്ക് പറഞ്ഞുവെക്കുന്നതും 'സ്വയം കണ്ടെത്തലിന്റെ' രാഷ്ട്രീയമാണ്. 

സ്വപ്‌നങ്ങളുടെ ചിറകു താഴ്ത്തി വീട്ടില്‍ അടയിരിക്കേണ്ടവള്‍ അല്ല സ്ത്രീ എന്ന ഓര്‍മ്മപ്പെടുത്തുന്ന ഒട്ടെറെ സിനിമകള്‍ സമീപകാലത്ത് മലയാളത്തില്‍ വന്നിട്ടുണ്ട്. അതേ ട്രാക്കില്‍ പറഞ്ഞു പഴകിയ സ്ത്രീശാക്തീകരണ മുദ്രവാക്യങ്ങള്‍ ഏറ്റുവിളിക്കാനുള്ള ശ്രമം രഞ്ചിത്ത് ശങ്കര്‍ നടത്തുന്നില്ല. മറിച്ച്  സ്ത്രീയെ പ്രകൃതിയുമായി കൂട്ടി ഇണക്കി അവളുടെ സ്വത്വത്തെ ഹൃദ്യമായി അവതരിപ്പിച്ച് സംവിധായകന്‍ പ്രേക്ഷകര്‍ക്കു മികച്ചൊരു ചലച്ചിത്ര അനുഭവം പകര്‍ന്നു നല്‍കുന്നു. ബന്ധങ്ങളെയും (relationship) പെണ്‍മനസ്സിനെയുമാണ് ചിത്രം പ്രശ്‌നവത്ക്കരിക്കുന്നത്. 

പ്രായപൂര്‍ത്തിയായ ഒരു ആണിനും പെണ്ണിനും തമ്മില്‍ ശാരീരികബന്ധത്തിന് അപ്പുറം ഒരു സാധ്യതയുമില്ലെന്നു നെറ്റി ചുളിക്കുന്നവരുടെ വാദത്തെ തിരസ്‌കരിക്കുന്നു ചിത്രം. ഒരു നല്ല സാരിയേക്കാളും സ്വര്‍ണ്ണ മോതിരത്തേക്കാളും ഒരു സ്ത്രീയെ സംതൃപ്തിപ്പെടുത്തുക ഒറ്റവാക്കിലുള്ള അംഗീകാരമാകും , മറ്റുചിലപ്പോള്‍ അവളെ സ്വയം തിരിച്ചറിയാന്‍ ഉതകുന്ന ഒരു വാക്കുമാകും. ഒരര്‍ത്ഥത്തില്‍ വളരെ സങ്കീര്‍ണവും മറ്റൊരു അര്‍ത്ഥത്തില്‍ വളരെ ലളിതവുമായ ഒരു സ്ത്രീയുടെ കംഫര്‍ട്ട് സോണിലേക്കാണ് സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സസ്‌പെന്‍സോ ട്വിസ്റ്റുകളോ ഡ്രാമയോ ഇല്ല.

വാഗമണിലെ ഒരു റിസോര്‍ട്ടും കൊച്ചിയിലെ ഒന്നു രണ്ടു ഫ്‌ളാറ്റുകളും പതിനഞ്ചില്‍ താഴെ മാത്രമുള്ള കഥാപാത്രങ്ങളും ചേരുന്നതാണ് ഏദന്‍തോട്ടത്തിന്റെ പ്രധാന കഥാപരിസരങ്ങള്‍. കാടും പുഴയും കിളികളും ചേരുന്ന രാമന്റെ ഏദന്‍തോട്ടമെന്ന റിസോര്‍ട്ട് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മധു നീലകണ്ഠന്റെ ക്യാമറകാഴ്ചകളും ബിജിബാലിന്റെയും ഈണങ്ങളും പശ്ചത്താല സംഗീതവും ഏദന്‍േേതാട്ടത്തിലെ കാഴ്ചകളെ ഒരു അനുഭവമാക്കി മാറ്റുന്നു. ഗ്ലോബലെന്ന പേരുകാരനായ റിട്ടേയേര്‍ഡ് ഹര്‍ട്ടായ പഴയ പടക്കുതിരയും പപ്പു, പപ്പി എന്നു പേരുകളുള്ള നായകുഞ്ഞുകളില്‍ തുടങ്ങി ഏദന്‍തോട്ടത്തിലെ കാടും മേടുമെല്ലാം പ്രേക്ഷകര്‍ക്കു സ്വന്തം പോലെ അനുഭവപ്പെടുത്താന്‍ സിനിമക്കു കഴിയുന്നു.

രണ്ടാം വരവില്‍ ഓരോ ചിത്രം കഴിയുമ്പോഴും സ്വയം മെച്ചപ്പെടുത്തുന്ന കുഞ്ചാക്കോ ബോബനാണ് ഏദന്‍തോട്ടത്തിന്റെ കാവല്‍ക്കാരന്‍. രാമന്‍ ചാക്കോച്ചന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണെന്ന് ഉറപ്പിക്കാം. മിത്വതത്തോടെ പക്വതയോടെ കയ്യടക്കത്തോടെ രാമനെ ചാക്കോച്ചന്‍ അവീസ്മരണീയമാക്കുന്നു. ചാക്കോച്ചന്റെ രാമനും അനു സിത്താരയുടെ മാലിനിയും തമ്മിലുള്ള അപൂര്‍വ്വമായ ബന്ധത്തിന്റെ കഥയാണിത്. 2013 മുതല്‍ സിനിമയില്‍ സജീവമായിട്ടുള്ള അനു സിത്താരയെന്ന അഭിനേത്രിയെ ഭാവിയില്‍ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കുക ഏദന്‍തോട്ടത്തിലെ മാലിനിയായിട്ടാകും. അമ്മ, ഭാര്യ, നര്‍ത്തകി, സുഹൃത്ത്, സ്വയം തിരിച്ചറിയുന്ന സ്ത്രീ എന്നിങ്ങനെ ഒട്ടേറെ അടരുകളുള്ള മാലിനി എന്ന കഥാപാത്രം അനുവിന്റെ കയ്യില്‍ സുരക്ഷിതമാണ്. 

ചലച്ചിത്ര നിര്‍മ്മാതാവിന്റെ വേഷത്തിലെത്തിയ ജോജു ജോര്‍ജ്ജാണ് അഭിനയത്തിലൂടെ ഞെട്ടിക്കുന്ന മറ്റൊരു താരം. കോമഡി വേഷങ്ങളില്‍ പരിമിതപ്പെടുത്തേണ്ട നടനല്ല താനെന്ന് ഓര്‍മപ്പെടുത്തുന്നു ജോജുവിന്റെ പ്രകടനം. ശ്രീജിത് രവി, മുത്തുമണി എന്നിവര്‍ സ്‌പ്പോര്‍ട്ടിങ് റോളുകളില്‍ മികച്ച പിന്തുണ നല്‍കുന്നു. രമേശ് പിഷാരടിയും അജുവര്‍ഗീസും ചിത്രത്തിനു ചിരി മധുരവും നല്‍കുന്നു. 

ബിജിബാലിന്റെ മനോഹരസംഗീതത്തില്‍ സന്തോഷ് വർമ എഴുതിയ ഹൃദ്യമായ മൂന്നു മെലഡികളും സിനിമയിലുണ്ട്. ശ്രേയ ഘോഷാൽ, രാജലക്ഷ്മി, സൂരജ് എസ് കുറപ്പ് എന്നിവരാണ് ഗായകർ. പശ്ചാത്തലസംഗീതവും ഏദൻതോട്ടത്തെ കൂടുതൽ മനോഹരമാക്കുന്നു.

മാനവരാശിയുടെ ഉല്പത്തിയുടെയും വിലക്കപ്പെട്ട കനിയുടെയും ഓര്‍മപ്പെടുത്തലാണ് ഏദന്‍തോട്ടം. മറ്റൊരു അര്‍ത്ഥത്തില്‍ വിഭവ സമൃദ്ധമായ ഏദന്‍തോട്ടം തിരഞ്ഞെടുപ്പിന്റേതു കൂടിയാണ്. ഏതു സ്വീകരിക്കണം ഏതു തിരസ്‌കരിക്കണം എന്ന തിരഞ്ഞെടുപ്പിന്റെ, തീരുമാനങ്ങളുടെ. രാമന്റെ ഏദന്‍തോട്ടവും പ്രേക്ഷകര്‍ക്കു മുന്നില്‍ ഉന്നയിക്കുന്ന ചോദ്യം അത്തരം തിരഞ്ഞെടുപ്പുകളുടെയും തീരുമാനങ്ങളുടെതുമാണ്. സ്വപ്‌നങ്ങളിലേക്ക് ചിറക് വിടര്‍ത്താന്‍ പ്രേരിപ്പിച്ചും പ്രചോദിപ്പിച്ചും ചിത്രം തിരശീല താഴ്ത്തുന്നു. എല്ലാ ദമ്പതികളും കുടുംബസമേതം കാണേണ്ട ചിത്രമാണിത്. സ്വയം തിരിച്ചറിയാനും തിരുത്താനും ഒരുപക്ഷേ ഈ ചിത്രമൊരു പ്രചോദനമാകും.