ഫ്യൂസ് പോയ ‘ട്യൂബ്‌ലൈറ്റ്’; റിവ്യു

യഥാർഥ ദേശസ്നേഹിയെ തീരുമാനിക്കുന്നത് ആൾക്കൂട്ടമല്ല, തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് എന്നു വിളിച്ചതുകൊണ്ട് നിങ്ങൾ ദേശസ്നേഹിയാകണമെന്നുമില്ല. സമീപകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശനത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഡയലോഗകളുണ്ടെങ്കിലും അതിന്റെ ആഴങ്ങളിലേക്ക് കടക്കാതെ പോകുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. മിന്നിയിട്ടും മിന്നിയിട്ടും കത്താതെ പോയ ‘ട്യൂബ്‌ലൈറ്റ്’ ആയി സൽമാൻ ഖാന്റെ ഇൗ പുതിയ ചിത്രം.

ഓംപുരിയുടെ അവസാന ചിത്രം, ബജ്‌രംഗി ബായ്ജാനു ശേഷം സൽമാൻഖാനും കബീർ ഖാനും ഒന്നിക്കുന്ന ചിത്രം, ബംബർഹിറ്റ് സുൽത്താന് ശേഷം പുറത്തിറങ്ങുന്ന സൽമാൻ ചിത്രം... ഇത്രയൊക്കെ ഘടകങ്ങൾ മതി റീലീസിന് മുൻപ് തന്നെ ട്യൂബ്‌ലൈറ്റിന് ജനശ്രദ്ധ ലഭിക്കാൻ. എന്നാൽ ആ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്നതായി ഇൗ സിനിമ. ‘‘അച്ഛനെ മദ്യവും അമ്മയെ നിരാശയും ഗാന്ധിയെ നമ്മളും കൊന്നു’’ എന്നതു പോലുള്ള ചില ഡയലോഗുകൾ കൊണ്ട് കപട ദേശീയതയ്ക്കെതിരെ പേന ചലിപ്പിക്കാൻ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ടെങ്കിലും അത് വാക്കുകളിൽ മാത്രം ഒതുങ്ങുന്നു. ഷാറൂഖ് ഖാന്റെ അതിഥി വേഷം പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും അതും ആളുകളെ ആകർഷിക്കുന്നതല്ല.

2015–ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രം ലിറ്റിൽ ബോയ്‌യെ ആധാരമാക്കിയാണ് ട്യൂബ്‌ലൈറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം മൂലം വേർപിരിയുന്ന അച്ഛന്റെയും മകന്റെയും കഥയാണ് ലിറ്റിൽ ബോയ് പറയുന്നതെങ്കിൽ ട്യൂബ് ലൈറ്റ് പറയുന്നത് സഹോദരങ്ങളുടെ കഥയാണ്. 1962–ലെ ഇന്ത്യ–ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സഹോദരങ്ങളായ ലക്ഷ്മണും (സൽമാൻ ഖാൻ) ഭരതുമാണ് (സൊഹെൽ ഖാൻ) ട്യൂബ് ലൈറ്റിൽ പ്രധാനകഥാപാത്രങ്ങൾ. ലക്ഷ്മണിനെ നാട്ടുകാർ വിളിക്കുന്ന പേരാണ് ട്യൂബ്‌ലൈറ്റ്. ലക്ഷ്മണിന്റെ സംരക്ഷകനാണ് ഇളയ സഹോദരൻ ഭരത്. ഇന്ത്യ–ചൈന യുദ്ധത്തിൽ ഭരത് പട്ടാള സേവനത്തിന് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങ‌ളുമാണ് ചിത്രത്തിന്റെ പ്രമേയം.

കഴിഞ്ഞ കുറച്ച് സിനിമകളിൽ അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സൽമാന്റെ നിഴൽ മാത്രമാണ് ട്യൂബ്‍ലൈറ്റിലുള്ളത്. ബംജ്‌രംഗി ബായ്ജാൻ എന്ന അതിമനോഹര ചിത്രത്തിന്റെ സംവിധായകൻ ഉഴപ്പിയെടുത്ത ചിത്രമെന്നും ട്യൂബ് ലൈറ്റിനെ വിശേഷിപ്പിക്കാം. വികാരനിർഭരമായ നിമിഷങ്ങൾ പലതുണ്ടെങ്കിലും‍ അതിലെ വികാരങ്ങൾ എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞു എന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ലഗേ രഹോ മുന്നാ ഭായ് എന്ന ചിത്രത്തിന് ശേഷം മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ ഉപയോഗിക്കുന്ന ചിത്രം പക്ഷേ അതിലേക്കും ആഴത്തിലുറങ്ങുന്നില്ല.

ഇന്തോ–ചൈന യുദ്ധ സമയത്ത് ദേശസ്നേഹികളുടെ ആക്രമണത്തെ ഭയത്ത് ജഗത്പൂറിൽ അഭയം പ്രാപിക്കുന്ന ചൈനീസ് വംശജരായ അമ്മയും മകനുമായി ലക്ഷമൺ സ്ഥാാപിക്കുന്ന സൗഹൃദത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാക്കാമായിരുന്നെങ്കിലും ആ അവസരം കബീർ ഖാൻ നഷ്ടപ്പെടുത്തി. കുട്ടിയും സൽമാനും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ നിലവാരം പുലർത്തി. അഭിനയപ്രതിഭ ഓം പുരി പതിവുപോലെ തന്റെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാ തൽവാറും ചിത്രത്തുലുണ്ട്.

ശരാശരി നിലവാരം പുലർത്തുന്നുണ്ട് പ്രീതമിന്റെ സംഗീതം. എന്നാൽ പാട്ടുകൾ മനസ്സിൽ തങ്ങി നിൽക്കുന്നതല്ല. മണാലിയുടെ മാസ്മരിക ഭംഗി ക്യാമറയിൽ പതിപ്പിക്കുന്നതിൽ ഛായാഗ്രാഹകൻ അസീം മിശ്ര വിജയിച്ചിട്ടുണ്ട്. രണ്ടര മണിക്കൂർ ദൈർഖ്യമുള്ള ചിത്രം ഇടയ്ക്ക് കാഴ്ച്ചക്കാരനെ മുഷിപ്പിക്കും. ചുരുക്കത്തിൽ സമീപകാലത്ത് പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ട്യൂബ്‌ലൈറ്റ് ഉയരുന്നില്ല.