ആസ്വദിക്കാവുന്ന ഹോളിഡേ; റിവ്യു

‘ബൈസിക്കിൾ തീവ്സ്’ എന്ന ത്രില്ലിങ് സിനിമയ്ക്ക് ശേഷം ഏകദേശം നാലുവർഷം കഴിഞ്ഞ് ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൺഡേ ഹോളിഡേ. ആസിഫ് അലി മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം, പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ഞായറാഴ്ച നടക്കുന്ന കഥയാണ്. ചിത്രത്തിന്റെ ട്രെയിലറുകളും പുറത്തുവന്ന ഗാനങ്ങളും സൂചിപ്പിച്ചതു പോലെ, സന്തോഷത്തോടെ കണ്ടിരിക്കാവുന്ന, നന്മയുള്ള ചിത്രം.

നമുക്കു ചുറ്റും കാണാവുന്ന സാധാരണ കഥാപാത്രങ്ങളും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ട്വിസ്റ്റുകളും നിറഞ്ഞതാണ് സിനിമ. കേരളത്തിലെ 80 ശതമാനം മലയാളികളും, മറ്റെന്തു ജോലിയുണ്ടെങ്കിലും സിനിമാ മോഹികളാണെന്ന പൊതുതത്വം ഒരിക്കൽ കൂടി ചില സീനുകളിലെങ്കിലും പറഞ്ഞുവച്ച്, സിനിമയ്ക്കുള്ളിൽ കഥപറച്ചിലിലൂടെ മറ്റൊരു സിനിമ സൃഷ്ടിക്കുന്നുമുണ്ട്.

ശ്രീനിവാസൻ (ഉണ്ണി മുകുന്ദൻ) ഒരു അധ്യാപകനാണ്. ഒപ്പം, തന്റെ കഥ സിനിമയാക്കണമെന്നും സംവിധാനം ചെയ്യണമെന്നും ആഗ്രഹിച്ചു നടക്കുന്ന ഒരാൾ. സംവിധായകൻ ഡേവിഡ് പോളായി എത്തുന്ന ലാൽജോസിനോട് തന്റെ ചിത്രത്തിന്റെ കഥ അവിചാരിതമായി പറയുന്നതാണ് ചിത്രത്തിന്റെ തുടക്കം. ശ്രീനിവാസൻ പറയുന്ന ഈ കഥയിലെ കഥാപാത്രങ്ങളാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളും പ്രമേയവും.

പ്രണയ നൈരാശ്യത്താൽ വിഷമിക്കുന്ന അമൽ എന്ന ചെറുപ്പക്കാരനായാണ് ആസിഫ് അലി എത്തുന്നത്-  ഒരു തലശ്ശേരിക്കാരൻ. ജോലി ആവശ്യത്തിനായി സ്ഥലം മാറി നിൽക്കുന്നതും നായികയെ കണ്ടുമുട്ടുന്നതും ഇടയ്ക്കിടെ വരുന്ന കുറേ ട്വിസ്റ്റുകളും ചെറു ഉപകഥകളുമാണ് ശ്രീനിവാസൻ പറയുന്ന സിനിമാക്കഥയിലുള്ളത്.

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയെ ഓർമിപ്പിക്കുന്ന അൽപം തന്റേടിയായ അനു എന്ന പെൺകുട്ടിയായി അപർണ ബാലമുരളി എത്തുന്നു. ധർമ്മജൻ ബോൾഗാട്ടിയും സിദ്ദിഖും ചെറു വേഷങ്ങളിലുണ്ട്. മറ്റു നടന്മാരും ചിത്രത്തിന്റെ ആദ്യഭാഗം രസകരമാക്കുന്നു. മനസ്സിൽ നന്മയുള്ള, എന്നാൽ വില്ലൻ പരിവേഷം തോന്നിക്കുന്ന കഥാപാത്രമായി സുധീർ കരമന തിളങ്ങി. ആസിഫ് അലിയുടെ അച്ഛനായി വേഷമിടുന്ന അലൻസിയറും സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന നാക്കുട്ടി എന്ന കഥാപാത്രമായി എത്തുന്ന സിദ്ദിഖും ഗംഭീരമായി.

ദീപക് ദേവിന്റെ സംഗീതം മനോഹരമാണ്. ജോൺസൺ മാഷിന്റെ ഓർമപ്പെടുത്തലുകളും ചില സംഗീത ശകലങ്ങളുടെ കടമെടുക്കലും നൊസ്റ്റാൾജിക് സംഗീതത്തിന്റെ മാധുര്യം കൂടി പ്രേക്ഷകർക്ക് സമ്മാനിക്കും. മാക്ടോ പിക്ച്ചേഴ്സിന്റെ പ്രൊഡക്ഷനിൽ ഷീൻ ഹെലൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അലക്സ് ജെ. പുളിക്കലാണ് മനോഹരമായി ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കൊച്ചു കൊച്ചു ട്വിസ്റ്റുകളിൽനിന്ന് ഒരു നന്മയുള്ള സർപ്രൈസിലാണ് ചിത്രം അവസാനിക്കുന്നത്.

‘നമ്മുടെ സ്വപ്നങ്ങൾ എഴുതാൻ, പ്രതിഷേധങ്ങൾ അറിയിക്കാൻ ഒരു പതിനായിരം വേദികളിൽ കയറിനിന്നു പ്രസംഗിക്കുന്നത് പോലെയാണ് നല്ലൊരു സിനിമ’ എന്ന് ഉണ്ണി മുകുന്ദന്റെ (ശ്രീനിവാസൻ) കഥാപാത്രം പറയുന്നുണ്ട്. ചെറു പുഞ്ചിരിയോടെ കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് സൺഡേ ഹോളിഡേ എന്ന് നിസ്സംശയം പറയാം.