ത്രില്ലടിപ്പിക്കുന്ന വിക്രവും വേദയും; റിവ്യു

പൊലീസ് ഉദ്യോഗസ്ഥനായ വിക്രവും കൊടുംകുറ്റവാളിയായ വേദയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ‘വിക്രംവേദ’യെ ഇങ്ങനെ വിശേഷിപ്പിക്കാം. നാം കണ്ടു പരിചയിച്ച ഗ്യാങ്സ്റ്റർ സിനിമകളിലേതുപോലെ ഒരു നായകനും വില്ലനും തമ്മിലുള്ള പോരാട്ടത്തിന്റെ ‘ക്ലീഷേ’ വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമയല്ല വിക്രംവേദ. മറിച്ച്, മികച്ച കഥയുടെയും അതിൽനിന്നും രൂപപ്പെടുത്തിയെടുത്ത ഭദ്രമായൊരു തിരക്കഥയുടെയും കെട്ടുറപ്പിൽ പണിതുയർത്തിയ അത്യുഗ്രൻ ത്രില്ലർ; അതാണീ ചിത്രം.

ക്രിമിനലുകളെ നിയമത്തിന് വിട്ടുകൊടുക്കാതെ എൻകൗണ്ടറുകളിലൂടെ കാലപുരിക്കയയ്ക്കുക. ഇതാണ് മാധവൻ അവതരിപ്പിക്കുന്ന വിക്രം എന്ന പൊലീസ് ഓഫീസറുടെ രീതി. ഇതുവരെ പതിനെട്ടോളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു നിരപരാധിയെപ്പോലും കൊന്നിട്ടില്ലെന്ന് അഭിമാനിക്കുന്ന ഉദ്യോഗസ്ഥനാണ് അയാൾ. വിക്രത്തിന്റെ അടുത്ത ലക്ഷ്യം നഗരത്തെ വിറപ്പിക്കുന്ന വേദയെന്ന (വിജയ് സേതുപതി) ഗ്യാങ്സ്റ്ററാണ്. തന്റെ കൂട്ടാളികളെ പൊലീസ് ഒന്നൊന്നായി കൊന്നൊടുക്കുന്നതോടെ വേദ കീഴടങ്ങാനെത്തുകയാണ്. അതും, വേദയ്ക്കായി വിക്രം വലവിരിക്കുന്ന അന്നുതന്നെ. എന്നാൽ അവിടെനിന്നാണ് വേദയുടെ യഥാർത്ഥ കളി ആരംഭിക്കുകയാണ്.

അറസ്റ്റിലാകുന്ന വേദയ്ക്ക് വിക്രത്തിനോട് പറയാൻ ഉണ്ടായിരുന്നത് ഒരു കഥയാണ്. വിക്രമാദിത്യനോട് വേതാളം പറയുന്ന കഥ പോലൊന്ന്. ഓരോ കഥയിലും വിക്രത്തിന് കിട്ടുന്നത് ഞെട്ടിക്കുന്ന തെളിവുകളാണ്. ഈ തെളിവുകളുടെ ചുവടുപിടിച്ച് വിക്രം നടത്തുന്ന അന്വേഷണങ്ങളും, അതിലൂടെ വിക്രത്തിന് ലഭിക്കുന്ന ചില ബോധ്യങ്ങളുമാണ് വിക്രംവേദ എന്ന ചിത്രം.

വിജയ് സേതുപതി–മാധവൻ ടീമിന്റെ കരുത്തുറ്റ അഭിനയപ്രകടനമാണ് വിക്രംവേദയുടെ പ്രധാന ആകർഷണം. നായക–വില്ലൻ വേർതിരിവില്ലാതെയാണ് ഇരുവരുടെയും കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. പൊലീസ് നീതിമാനും ഗ്യാങ്സ്റ്റർ വില്ലനുമാകുന്ന സ്ഥിരം ഫോർമുല ഈ ചിത്രത്തിലില്ല. ഗ്യാങ്സ്റ്റർ നല്ലവനും പൊലീസ് ക്രൂരനുമാകുന്ന കാഴ്ചയും വിക്രംവേദ കാത്തുവയ്ക്കുന്നില്ല. സമകാലീന ചലച്ചിത്ര ലോകത്ത് വിക്രംവേദ ഉയർന്നുനിൽക്കുന്നതും ഈ വ്യത്യസ്തത കൊണ്ടുതന്നെ. 

ഇരുദിസുട്രുവിന് ശേഷം മാധവന് അഭിനയിക്കുന്ന തമിഴ്ചിത്രം കൂടിയാണിത്. ഒരു പൊലീസ് ഓഫീസറുടെ മാനറിസവും സംഭാഷണങ്ങളുമെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചു. തന്നേക്കാൾ വളരെ ജൂനിയർ ആയ ഒരു നടന് ഇത്രയധികം സ്‌ക്രീൻ സ്പേസ് നൽകി അഭിനയിക്കാൻ മറ്റേതെങ്കിലും നടൻ തയാറാകുമോ എന്ന് സംശയമാണ്. നല്ല സിനിമകളുടെ ഭാഗം ആവുക എന്ന ദൃഢമായ തീരുമാനം തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. സിനിമയിൽ കൂടുതൽ കയ്യടി നേടുന്നത് വിജയ് സേതുപതിയാണ്. അദ്ദേഹം അവതരിപ്പിച്ച വേദയുടെ എൻട്രി സീൻ ഗംഭീരം. വേദ എന്ന കഥാപാത്രത്തിന്റെ മൂന്നുകാലഘട്ടങ്ങളെ  സ്വാഭാവികമായ അഭിനയം കൊണ്ട് അദ്ദേഹം കരുത്തുറ്റതാക്കി. 

സിനിമ സംവിധായകന്റെ കലയാണ് എന്ന യാഥാർഥ്യത്തിന് വീണ്ടും അടിവരയിട്ട പുഷ്കർ - ഗായത്രി ദമ്പതികളാണ് യഥാർത്ഥ ഹീറോസ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം... ഇരുവരും കൈവച്ച മേഖലകളിലെല്ലാം സിനിമയ്ക്ക് മുഴുവൻ മാര്‍ക്ക് നൽകാം. ചെറിയ പിഴവുകൾ വന്നാൽ മുഴുവനായും പാളിപ്പോകാമായിരുന്ന തിരക്കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചത് ഇവരുടെ സംവിധാനമികവ് കൊണ്ട് തന്നെയാണ്. തിരക്കഥ എഴുതിയവർ തന്നെ ചിത്രം സംവിധാനം ചെയ്തതിന്റെ മെച്ചവും ചിത്രത്തിനുണ്ട്. 

മാത്രമല്ല, സസ്പെന്‍സ് നിലനിർത്തിയുള്ള കഥ പറച്ചിലും മേക്കിങിലെ വ്യത്യസ്തതയും വിക്രംവേദയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകളെ തിരക്കഥയിൽ യുക്തിഭദ്രമായി സന്നിവേശിപ്പിച്ച് കൃത്യതയോടെ പറഞ്ഞുപോകുന്ന അവതരണശൈലിക്കും കൊടുക്കണം കയ്യടി. കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച് വേദയുടെ സംഭാഷണങ്ങളിൽ കൊണ്ടുവന്നിട്ടുള്ള ‘താത്വികമായ തമാശകൾ’ ചിത്രത്തിന്റെ ഹൈലൈറ്റാണ്. പല രംഗങ്ങളിലും കഥാപാത്രങ്ങളുടെ സംഭാഷണവും അഭിനയപ്രകടനവും കയ്യടി നേടുന്നുണ്ട്. നായികയായി വന്ന ശ്രദ്ധ, മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച വരലക്ഷ്മി, കതിർ, ഹരീഷ് പേരാടി തുടങ്ങിവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. 

സാങ്കേതികമായ രീതിയിലും സിനിമ മുന്നിട്ടുനിൽക്കുന്നു. പി.എസ്. വിനോദിന്റെ ഛായാഗ്രഹണം സിനിമയോട് പൂർണമായും നീതിപുലർത്തി. കളർടോണിലും ഷോട്ടുകളിലും ഗ്യാങ്സ്റ്റർ സിനിമകളുടെ അന്തരീക്ഷം കൊണ്ടുവരാൻ സാധിച്ചു. പാട്ടുകളും, അതിലുപരി സാം സി.എസിന്റെ പശ്ചാത്തലസംഗീതവും വിക്രംവേദയെ കൂടുതൽ മികച്ചതാക്കുന്നു. ചില ചിത്രങ്ങളിൽ പരീക്ഷിച്ചിട്ടുള്ളതാണെങ്കിലും, കഥാന്ത്യത്തിന്റെ ഗതി പ്രേക്ഷകരുടെ യുക്തിക്ക് വിട്ടു തരുന്ന ക്ലൈമാക്സും ചിത്രത്തോട് നീതി പുലർത്തി.