ഈ ‘കടം’ നഷ്ടമല്ല; കടംകഥ റിവ്യു

കടവും കടത്തിന്മേൽ കടവുമായി നടക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് കടംകഥ. കഥയിലെ നായകന്മാരായ ഗിരിയും ക്ലീറ്റസും തൊഴില്‍രഹിതരല്ല, മറിച്ച് അവരുടെ തൊഴില്‍ മേഖലയില്‍ നിന്നുണ്ടായ നഷ്ടങ്ങളും കടങ്ങളുമൊക്കെയാണ് വലിയ പ്രശ്‌നങ്ങളായി മാറിയത്. രണ്ടു ജീവിതസാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഇരുവരും ഒരു ലക്ഷ്യത്തിനായി ഒരുമിക്കുന്നിടത്താണ് കടംകഥ തുടങ്ങുന്നത്.

കടത്തില്‍ മുങ്ങി നില്‍ക്കുന്ന ഇരുവരും കടക്കെണിയില്‍നിന്നു കരകയാറാന്‍ നടത്തുന്ന ശ്രമങ്ങളും പിന്നീട് ചെന്നുചാടുന്ന പുകിലുകളും സിനിമയെ രസകരമാക്കുന്നു. സിംപിള്‍ ഹ്യൂമറിലൂടെ കഥ പറയുന്ന ഒരു സിനിമയാണിത്. സിറ്റുവേഷണല്‍ കോമഡികള്‍ സിനിമയുെട മറ്റൊരു പ്രത്യേകതയാണ്. പ്രത്യേകിച്ചും തമ്പിയണ്ണനും ജോസ്മോനുമായി എത്തിയ മറിമായം മണികണ്ഠന്റെയും അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസിന്റെയും പ്രകടനങ്ങൾ.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ അതിമാനുഷികരല്ല. ഹീറോയിസവും സിനിമയുടെ ഭാഗമല്ല. ഇന്നത്തെ തലമുറയെ പ്രതിനിധാനം ചെയ്യുന്ന സാധാരണക്കാരുടെ കഥയാണിത്. ക്ലീറ്റസും ഗിരിയുമായി ജോജുവും വിനയ് ഫോർട്ടും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രിയും ടൈമിങ്ങും അപാരം. ചിത്രത്തിലേക്കു പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകവും ഇവരുടെ പെർഫോമൻസ് തന്നെ. രൺജി പണിക്കർ, സ്രിന്ത, സൈജു കുറുപ്പ്, റോഷൻ മാത്യു എന്നിവരാണ് മറ്റു താരങ്ങൾ.

പരസ്യചിത്ര രംഗത്തുനിന്ന് സംവിധാനരംഗത്തെത്തിയ സെന്തിൽ രാജന്റെ ആദ്യ സിനിമയാണിത്. തന്റെ ആദ്യചുവടുവയ്പ് സെന്തിൽ മോശമാക്കിയിട്ടില്ല. 

‌ഫിലിപ്പ് സിജിയുടേതാണ് കഥയും തിരക്കഥയും. സമകാലികപ്രാധാന്യമുള്ള കഥാതന്തുവാണെങ്കിലും അത് തിരക്കഥയിൽ പ്രതിഫലിപ്പിക്കുന്നതിൽ അണിയറക്കാർ പൂർണമായും വിജയിച്ചിട്ടില്ല. ദീപാങ്കുരന്‍ സംഗീതം പകര്‍ന്ന മൂന്നു പാട്ടുകളും മികച്ചതാണ്.  ഫൈസല്‍ അലിയുടെ ഛായാഗ്രഹണം ചിത്രത്തോടു നൂറുശതമാനം നീതിപുലർത്തി. ഒരു തവണ കാണാവുന്ന തരക്കേടില്ലാത്ത ചിത്രമാണ് ചുരുക്കത്തിൽ ഇൗ കടംകഥ.