'കള്ളാദി കള്ളന്മാരുടെ ആശങ്ക'; റിവ്യു

പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിനു ശേഷം സിദ്ധാർ‌ഥ് ഭരതന്റെ സംവിധാനത്തിൽ‌ എത്തിയ ചിത്രമാണ് വർണ്യത്തിൽ ആശങ്ക. ഒന്നര വര്‍ഷത്തിനു ശേഷമാണ് സിദ്ധാര്‍ഥ് പുതിയ സിനിമയുമായി വരുന്നത്. കരിയറിലെ ആദ്യചിത്രമായ നിദ്ര നിരൂപകശ്രദ്ധ നേടിയിരുന്നു. പേരു കൊണ്ടു തന്നെ വ്യത്യസ്തമായ ‘വര്‍ണ്യത്തില്‍ ആശങ്ക’ പ്രേക്ഷക ശ്രദ്ധ നേടുമെന്ന് ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ തെളിഞ്ഞതാണ്. ട്രെയിലറിൽ വെളിപ്പെട്ടതുപോലെ തന്നെ കാശും കള്ളന്മാരുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

മനോഹരമായ ടൈറ്റിൽ ഗാനത്തിന്റെയും തോൽപ്പാവക്കൂത്തിന്റെ ചലനങ്ങളുടെയും പശ്ചാത്തലത്തിൽ ചിത്രത്തിന്റെ അണിയറക്കാരെ പരിചയപ്പെടുത്തിയാണ് ചിത്രം ആരംഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ, ഷൈൻ ടോം ചാക്കോ എന്നീ പ്രധാന കള്ളന്മാരുടെയും നാടിനു സേവനം ചെയ്യുന്ന അതിലും വലിയ കള്ളന്മാരുടെയും പ്രവൃത്തികൾ ത്രില്ലും നർമവും ആക്ഷേപ ഹാസ്യവും ചേർത്ത് വിളമ്പിയിരിക്കുകയാണ് സിദ്ധാർഥ് ഭരതൻ.

നായകൻ എന്ന സ്ഥിരം സങ്കൽപം ഒഴിവാക്കി പ്രധാന കഥാപാത്രങ്ങൾക്കു തുല്യ പ്രാധാന്യം നൽകിയാണ് ചിത്രത്തിന്റെ കഥാപാത്ര രൂപീകരണം. അതിനാൽ തന്നെ കുഞ്ചാക്കോ ബോബൻ ആണ് നായകൻ എന്ന് പറയാൻ കഴിയില്ല. കട്ട ശിവനെന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരിക്കല്‍പ്പോലും പുഞ്ചിരിക്കാത്ത, നോക്കിലും പെരുമാറ്റത്തിലും വളരെ പരുക്കനാണ് ശിവൻ.

പൂട്ടിപ്പോയ ബാറിലെ തൊഴിലാളിയും നല്ലൊരു കുടിയനും കുടുംബസ്ഥനുമായ കഥാപാത്രത്തെ സുരാജ് വെഞ്ഞാറമൂട് മനോഹരമാക്കിയിരിക്കുന്നു. മുഖ്യ സ്ത്രീ കഥാപാത്രങ്ങൾ സുരാജിന്റെ ഭാര്യയായി എത്തുന്ന രചനാ നാരായണൻ കുട്ടിയുടെ കഥാപാത്രവും ഷൈനിന്റെ കഥാപാത്രത്തിന്റെ മൊബൈലിലേക്കു വിളിക്കുന്ന ഒരു പെൺശബ്ദവുമാണ്. എല്ലാ കള്ളന്മാരുടെയും പ്രശ്നം പണം തന്നെയാണ്. അതിനായി അവർ നടത്തുന്ന കൂട്ടായ പരിശ്രമമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം‌.

നോട്ടു നിരോധനം, കൊടിമരം നശിപ്പിക്കൽ, രാഷ്ട്രീയ കൊല, പാർട്ടിപ്പിരിവ്, അഴിമതി, കള്ളൻ, പൊലീസ് എന്നിങ്ങനെയെല്ലാം ആക്ഷേപ ഹാസ്യ രൂപത്തിൽ ചിത്രത്തിന്റെ പ്രമേയമാകുന്നു. സന്ദേശം എന്ന ചിത്രത്തിലെ ഐഎൻഎസ്പിയും ആർഡിപിയുമൊക്കെ ചിത്രത്തിലൂടെ പുനർജനിക്കുന്നു. അതിലെ 'നാരിയൽകാ പാനി' ചോദിക്കുന്ന യശ്വന്ത് സഹായി ഫ്ലക്സ് രൂപത്തിലും പഴയ സഖാക്കന്മാർ ഭിത്തിയിൽ പതിച്ച ചിത്രത്തിന്റെ രൂപത്തിലും പുനർജനിക്കുന്നു.

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാക്കളില്‍ ഒരാളായ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. നാടകരചയിതാവും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ. ജയേഷ് നായരുടെ ഛായാഗ്രഹണവും മികച്ചതായി. എടുത്തു പറയേണ്ട മറ്റൊരു ഘടകം പ്രശാന്ത്പിള്ളയുടെ സംഗീതമാണ്. ടൈറ്റിൽ ഗാനവും പശ്ചാത്തല സംഗീതവും ഗംഭീരം. സന്തോഷ് വർമയുടെ ഗാനരചനയും മികച്ചതായി. സമകാലിക വിഷയങ്ങളെക്കൂടി ഉൾപ്പെടുത്തി രസകരമായി അവതരിപ്പിച്ച ‘വർണ്യത്തിൽ ആശങ്ക’ പ്രേക്ഷകർക്ക് ഒട്ടുംതന്നെആശങ്കയില്ലാതെ ആസ്വദിച്ച് കണ്ടിരിക്കാവുന്ന ചിത്രമാണ്.