Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമൂഹിക ജീവിയായ പുണ്യാളൻ; റിവ്യു

punyalan-movie.jpg.image.845.440

ജയസൂര്യ– രഞ്ജിത് ശങ്കർ ടീം ഒരുക്കിയ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് പോസിറ്റീവ് ചിന്തകൾ നിറഞ്ഞ, നർമത്തിൽ പൊതിഞ്ഞ സിനിമയാണ്. 

പുണ്യാളൻ അഗർബത്തീസ് എന്ന കമ്പനിയുടെ നിലവിലെ സാഹചര്യത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. പല കാരണങ്ങൾ കൊണ്ട് പൂട്ടിപ്പോയ കമ്പനി. കടം കയറിയ ജോയ് താക്കോൽക്കാരൻ. തകർച്ചയിലും പോസിറ്റീവായി ചിന്തിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സംരംഭവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

താക്കോൽക്കാരന്റെ ജീവിതത്തിലെ ട്രാജഡിയോടെയാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും ആദ്യപകുതി കോമഡിയാണ്. ജയസൂര്യയും അദ്ദേഹത്തിനൊപ്പമുള്ള ഹാസ്യകഥാപാത്രങ്ങളും മികച്ചു നിന്നു. മികച്ച ഡയലോഗുകളും മോട്ടിവേഷണൽ ചിന്തകളും കൊണ്ട് ആദ്യഭാഗം മികച്ചതായി. വക്കീലായി ധർമജൻ ബോൾഗാട്ടിയും ഡ്രൈവർ അഭയകുമാറായി ശ്രീജിത്ത് രവിയും ജഡ്ജായി സുനിൽ സുഖദയും മറ്റു ഹാസ്യകഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കും.

punyalan-agarbathis-teaser

സാധാരണക്കാരനു നേരിടേണ്ടിവരുന്ന നിയമക്കുരുക്കുകൾക്കെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ രണ്ടാംപകുതി. ഇവിടെ ജയസൂര്യയും വിജയരാഘവനും കുറേ പത്രക്കാരും മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്. മുഖ്യമന്ത്രിയെയും ഭരണ വ്യവസ്ഥിതിയെയും കണക്കിനു വിമർശിക്കുന്ന ജോയ് താക്കോൽക്കാരനെ ഇവിടെ കാണാൻ സാധിക്കും. നോട്ടു നിരോധനം, ബീഫ് നിരോധനം, സ്ത്രീസുരക്ഷ, തിയറ്ററിലെ ദേശീയഗാനം, മോശം റോഡ്, ജിഎസ്ടി, നടിയെ ആക്രമിച്ച സംഭവം, മാധ്യമ പ്രവർത്തനം തുടങ്ങി സമകാലിക സംഭവങ്ങളെയെല്ലാം കോർത്തിണക്കി വിമർശിക്കാൻ സിനിമയിൽ ശ്രമം നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയും വാർത്താരൂപീകരണവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സംഭവങ്ങളും സിനിമയിൽ പൊലിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്.

punyalan-2

ജോയ് താക്കോൽക്കാരനായി ജയസൂര്യ മികവു പുലർത്തി. വിജയരാഘവൻ മുഖ്യമന്ത്രിയായി മികച്ചു നിന്നു. വിഷ്ണു ഗോവിന്ദ്, ആര്യ, അജു വർഗീസ്, പൊന്നമ്മ ബാബു, വിനോദ് കോവൂർ, ഗിന്നസ് പക്രു, സതി പ്രേംജി എന്നിങ്ങനെ നീണ്ട നിര തന്നെ ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളായെത്തുന്നു. രഞ്ജിത് ശങ്കറിന്റെ സിനിമകൾ ഫോളോ ചെയ്യുന്നവർക്ക് ചിത്രത്തിൽ ചർച്ച ചെയ്ത പല വിഷയങ്ങളും ആവർത്തനമല്ലേയെന്ന ചിന്തയുണ്ടാകാം. വിഷ്ണുവിന്റെ ഛായാഗ്രഹണം മികച്ചതാണ്. ആനന്ദ് മധുസൂദനന്റെയും ബിജിബാലിന്റെയും സംഗീതവും ശ്രദ്ധേയമായി. 

ഇടവേളയ്ക്കു ശേഷം ജയസൂര്യയുടെ കഥാപാത്രത്തിന് ശക്തി കൂടിയെങ്കിലും ചിത്രം പ്രവചനീയമാകുന്നുണ്ട് പലപ്പോഴും. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത സിനിമ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നതാണ്.  2013-ൽ റിലീസായി വിജയം നേടിയ, ആനപ്പിണ്ടത്തിന്റെയും ജോയ് താക്കോൽക്കാരന്റെയും കഥയുടെ രണ്ടാംഭാഗം 2017-ൽ തിയറ്ററുകളിൽ എത്തുമ്പോൾ സ്വാഭാവികമായും ആദ്യ ചിത്രവുമായി ഒരു താരതമ്യം ഉണ്ടാകാം. രണ്ടു ചിത്രവും കണ്ട് പ്രേക്ഷകർ തന്നെ മികച്ചത് ഏതെന്ന് തീരുമാനിക്കട്ടെ!

നിങ്ങൾക്കും റിവ്യൂ എഴുതാം