ജീവിതമെന്ന അരങ്ങിലെ നാടകം; ഡ്രാമ റിവ്യു

All the world's a stage, And all the men and women merely players...-William Shakespeare

ലോകത്തിലെ ഏറ്റവും വലിയ കഥാകാരൻ ഈശ്വരനാണ്. അദ്ദേഹം രചിക്കുന്ന തിരക്കഥയിലെ അഭിനേതാക്കൾ മാത്രമാണ് നാം എന്ന പ്രപഞ്ച സത്യത്തിനു ചലച്ചിത്ര ഭാഷ്യമൊരുക്കുകയാണ് ഡ്രാമയിലൂടെ രഞ്ജിത്ത്. 'ലോഹ'ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം, ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്നീ പ്രത്യേകതകളുമുണ്ട് ഡ്രാമയ്ക്ക്. വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം.കെ.നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മിച്ചിരിക്കുന്നത്. ലണ്ടനിലാണ് ചിത്രത്തിലെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

പ്രമേയം...

കട്ടപ്പനക്കാരി റോസമ്മയ്ക്കു അഞ്ചു മക്കളാണ്. എല്ലാവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ല നിലയിലാണ്. റോസമ്മയ്ക്ക് ഇനി ഒരു ആഗ്രഹം കൂടിയേ ഉള്ളൂ. കട്ടപ്പനയിലെ കുടുംബകല്ലറയിൽ ഭർത്താവിനൊപ്പം നിത്യനിദ്ര പൂകണം. ഇളയമകളെക്കാണാൻ ഇംഗ്ലണ്ടിലെത്തിയ റോസമ്മയെ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ ഒരാൾ പിന്തുടർന്നു. തുടർന്നു നടക്കുന്ന നാടകീയമായ സംഭവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.  

പണം കടന്നു വരുമ്പോൾ ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ, ബന്ധങ്ങളിലെ അവിശ്വസ്തത, ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ചിത്രം ഹൃദ്യമായി അവതരിപ്പിക്കുന്നു. ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കഥയിൽ തന്നെ ഏൽപ്പിച്ച നിയോഗം എന്തെന്ന് അയാൾ തിരിച്ചറിയുകയും ആ റോൾ നിർവഹിക്കുകയും ചെയ്യുന്നിടത്താണ് ചിത്രത്തിന്റെ കഥ വഴിത്തിരിവുകളിലൂടെ പോയി ശുഭമായി പര്യവസാനിക്കുന്നത്.

കഥാപാത്രങ്ങൾ...

മൂന്നു സംവിധായകർ ചിത്രത്തിൽ അഭിനയിക്കുന്നു. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. ആശ ശരത്ത്,  ബൈജു, നിരഞ്ജ് മണിയൻപിള്ള, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങൾ. പാ എന്ന ചിത്രത്തിനു മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അരുന്ധതി നാഗ് ആണ് ചിത്രത്തിൽ റോസമ്മയെ അവതരിപ്പിക്കുന്നത്. 

മോഹൻലാൽ അനായാസമായ അഭിനയശൈലി കൊണ്ടു വീണ്ടും വിസ്മയിപ്പിക്കുന്നു. അരുന്ധതി നാഗ് മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ബൈജുവും മോഹൻലാലും തമ്മിലുള്ള രസതന്ത്രവും കോമഡി രംഗങ്ങളും ചിത്രത്തിന്റെ ആസ്വാദ്യതയ്ക്കു മാറ്റുകൂട്ടുന്നു. മറ്റു കഥാപാത്രങ്ങളും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്.

സാങ്കേതികവശങ്ങൾ...

മികച്ച സാങ്കേതികപ്രവർത്തകരാണ് ചിത്രത്തിനു വേണ്ടി അണിനിരന്നിരിക്കുന്നത്‌. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് സന്ദീപ് നന്ദകുമാർ. വിനു തോമസാണ് സംഗീതം. 

യുകെയുടെ മാസ്മരിക സൗന്ദര്യം അഴഗപ്പന്റെ ക്യാമറ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.

രത്നച്ചുരുക്കം

തന്റെ മുൻചിത്രങ്ങളിൽ എന്നപോലെ രഞ്ജിത്ത് എന്ന സംവിധായകൻ തന്റെ ആശയങ്ങളും വിശ്വാസങ്ങളും ചിത്രത്തിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. ഫിക്ഷനും റിയാലിറ്റിയും കൂട്ടിച്ചേർത്ത് ഒരുക്കിയിരിക്കുന്ന ഡ്രാമ എല്ലാത്തരം പ്രേക്ഷകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.