ഒരു നാട്ടുകഥയുടെ നിഗൂഢ ഭംഗി: ഒടിയൻ റിവ്യു

കരിമ്പനക്കാറ്റും കരിനീല രാത്രികളുമുള്ള പാലക്കാടന്‍ മണ്ണിലേക്ക് ഒടിയന്‍ എത്തുകയാണ്. ഈ ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനാണ് മാണിക്യനെന്നു പേരുള്ള അയാള്‍. യക്ഷിയെയോ ഭൂതത്തെയോ ചാത്തനെയോ മാടനെയോ മറുതയെയോ വിശ്വസിക്കാത്ത മലയാളത്തിന്റെ പുതിയ തലമുറയ്ക്കു മുന്നില്‍ മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടര്‍ ഒടിയനായി അസാധാരണ ഭംഗിയോടെ പകര്‍ന്നാടുകയാണ്. നിഗൂഢ ഭംഗിയാണ് ഒടിയന്റെ ഓരോ ഫ്രെയിമിനും. ഐതിഹ്യവും ചരിത്രവും ജാലവിദ്യയുമൊക്കെ ഇഴചേര്‍ന്നു നില്‍ക്കുന്ന ഒടിയനെന്ന ജന്മത്തെക്കുറിച്ച് തേങ്കുറിശ്ശിയെന്ന ഗ്രാമത്തിലെ ഓരോ മുതിര്‍ന്നയാൾക്കും ഓരോ കഥ പറയാനുണ്ടാകും. ആ കഥകള്‍ പറഞ്ഞും ഒടിയന്റെ കണ്ണിലെരിയുന്ന പ്രതികാരത്തിന്റെ കനലിന്റെ ആഴമറിഞ്ഞും അയാളുടെ ജീവിതത്തിന്റെ സഞ്ചാരപഥത്തിലൂടെയാണ് സിനിമയുടെ പ്രയാണം.

പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് ഒടിയന്‍ മാണിക്യൻ തന്റെ ഗ്രാമമായ തേങ്കുറിശ്ശിയിലേക്കു വരുന്നത്. ആ മടങ്ങിവരവ് വെറുമൊരു തിരിച്ചു നടത്തമല്ല, ഇന്നോളം അയാളുടെ ജീവിതത്തില്‍ അകമ്പടി സേവിച്ച ഏതോ ഒരു ശക്തി അയാളെ വിളിച്ചു വരുത്തുകയാണ്. കാരണം രാവുണ്ണിയോടുള്ള അയാളുടെ പ്രതികാരം അത്രമാത്രം തീവ്രമാണ്. കാലം ചെല്ലുന്തോറും വീര്യമേറുന്ന വീഞ്ഞു പോലെ നുരഞ്ഞു പൊന്തുന്ന പ്രതികാരമാണ് അയാള്‍ക്കുള്ളിലുള്ളത്. പുകച്ചുരുളുകള്‍ക്കിടയില്‍ നിന്നാണോ അതോ കറുത്ത കുന്നിന്റെ കാണാ താഴ്‌വാരങ്ങളില്‍ നിന്നാണോ എന്നറിയില്ല, ഒരു രാത്രിയില്‍ അയാള്‍ മടങ്ങി വരികയാണ്.

മനുഷ്യന്റെയും മൃഗത്തിന്റെയും സമസ്ത ഭാവങ്ങളും ജീനിലുള്ള അസാമാന്യ ജന്മമാണ് ഒടിയന്‍. പക്ഷേ ഇത്രയും വലിയ ഇടവേളകൊണ്ട് ഒടിയനില്‍നിന്ന് ആ പഴയ ഒടിവിദ്യ മറവിയിലേക്ക് ആണ്ടുപോയിരിക്കുമോ? ഒടിവിദ്യ വെറും ഹാസ്യ സങ്കല്‍പം മാത്രമായ തേങ്കുറിശ്ശിയില്‍ ഒടിയന്‍ എങ്ങനെയാണു മുന്നോട്ടു പോകുക ? ഇങ്ങനെ കുറേ സംശയങ്ങള്‍ ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും ഒരൊറ്റ നോട്ടത്തില്‍ ഒടിയന്‍ അതിനു മറുപടി തരും. അപ്പോൾ ഒടിയന്റെ കണ്ണില്‍ ശരിക്കും കനല്‍ എരിയുകയാണ്, കാരണം ഇത് ജീവിതത്തിലെ അവസാന കളിയാണ് അയാൾക്ക്.

ചെറുപ്പത്തിലെ നാടുവിട്ടുപോയതാണ് മാണിക്യന്റെ മാതാപിതാക്കള്‍. മുത്തച്ഛന്റെ നിര്‍ബന്ധപ്രകാരം കൊച്ചുമാണിക്യനെ അവര്‍ തേങ്കുറിശ്ശിയിൽ ഉപേക്ഷിച്ചു. പിന്നീട് അവനെല്ലാം മുത്തപ്പനായിരുന്നു. സകല ഒടിവിദ്യകളും പഠിച്ച് മുത്തപ്പനെക്കാള്‍ കേമനായ ഒടിയനായി മാണിക്യന്‍ മാറുന്നു. പക്ഷേ ജീവിതത്തില്‍ അയാളെ കാത്തിരുന്നത് ജാലവിദ്യകളുടെ മായിക ലോകമായിരുന്നില്ല. സിനിമയുടെ ആദ്യ പകുതി ഒടിയന്റെ കഥകളാല്‍ സമ്പന്നമാണ്. ആ കഥകളൊക്കെയും കിഴക്കുനിന്നു പാതിരാവില്‍ വീശുന്ന കരിമ്പനക്കാറ്റു പോലെ സത്യമാണ്. അല്ലെങ്കില്‍ അത് സത്യമാണെന്നു നമ്മെക്കൊണ്ടു തോന്നിപ്പിക്കും ഒടിയന്‍.

കഥയെയും തിരക്കഥയെയും സംവിധായകന്റെ മനസ്സിലെ ആഖ്യാന ലോകത്തെയും സാങ്കേതികത കൊണ്ട് അതേപടി സമന്വയിപ്പിച്ചിട്ടുണ്ട്. മുത്തശ്ശിക്കഥയുടെ ഭംഗിയുള്ള തിരക്കഥയ്ക്ക് സാങ്കേതികവിദ്യയുടെ സഹായവും ചേരുമ്പോൾ അത് പാലക്കാടിന്റെ പൂക്കാലം പോലെ തന്‍മയത്വമുള്ളതാകുന്നു. ഗ്രാഫിക്‌സിന് അമിതപ്രാധാന്യം നല്‍കാതെ യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ടാണ് സിനിമയുടെ അവതരണശൈലി. നോണ്‍ലീനിയര്‍ ആഖ്യാനമാണ് സിനിമയ്ക്ക്. ഭൂത, വർത്തമാന കാലങ്ങൾ മാറിമാറി വന്നുപോകുന്നു. ഭൂതകാലത്തിലെ ഒടിയന്റെ മാന്ത്രികവിദ്യകളും വേലകളും പ്രേക്ഷകരെ പിടിച്ചിരുത്തും.

ഒടിയൻ മാണിക്യനായുള്ള പരകായ പ്രവേശം മോഹന്‍ലാൽ‌ മനോഹരമാക്കി. കാലിന്റെ ചലനങ്ങളിൽ പോലും അതു വ്യക്തം. കഥാപാത്രത്തിനുവേണ്ടി അത്രത്തോളം ത്യാഗവും സഹിച്ചിട്ടുണ്ട്. പ്രഭയായി മഞ്ജു വാരിയർ തിളങ്ങി. ചുറുചുറുക്കുള്ള പഴയ മഞ്ജുവിനെ ഒടിയനിൽ കാണാം. രാവുണ്ണിയായി പ്രകാശ് രാജും മികച്ചു നിന്നു. മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യവും ശ്രദ്ധേയം.

മലയാളത്തിന്റെ വടക്കന്‍ മേഖലകളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്കിടയില്‍ ഭ്രമണം ചെയ്ത ഒടിയന്‍ എന്ന സങ്കല്‍പത്തെ ഈ പുതിയ നൂറ്റാണ്ടില്‍ പുനരവതരിപ്പിക്കുമ്പോള്‍ അത് ഇനിയെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനുഭവമാക്കി മാറ്റാൻ സംവിധായകൻ ശ്രീകുമാർ മേനോനു സാധിച്ചു. ഒടിയന്‍ ശരിക്കുമുണ്ടായിരുന്നോ ഇല്ലയോ എന്ന തര്‍ക്കങ്ങള്‍ക്കപ്പുറം, അഅതൊരനുഭവമായി മനസ്സില്‍ അവശേഷിക്കും.

ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പത്തെ ആധാരമാക്കി തിരക്കഥയൊരുക്കുമ്പോള്‍ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ആശങ്കയുടെ നൂല്‍പഴുതുകളില്ലാത്ത തിരക്കഥയാണ് ചിത്രത്തിനുവേണ്ടി ഹരികൃഷ്ണന്‍ ഒരുക്കിയത്. കാവ്യാത്മകമായാണ് കഥപറഞ്ഞുപോകുന്നത്. ഉശിരന്‍ കഥാപാത്രങ്ങളും മികവുറ്റ സംഭാഷണങ്ങളും അതിനോട് ഇഴചേരുമ്പോള്‍ ആരാധകരുടെ കാത്തിരിപ്പും ആകാംക്ഷയും വെറുതെയായില്ലെന്നു കാണാം.

മൃഗങ്ങളുടെ ചലനങ്ങളെ സ്വാംശീകരിച്ച് ഒരുക്കിയിരിക്കുന്ന ഫൈറ്റ് സീക്വന്‍സുകള്‍ അവസ്മരീണയമാണ്. പീറ്റര്‍ ഹെയ്‌നിന്റെ ആക്‌ഷന്‍ രംഗങ്ങള്‍ കോരിത്തരിപ്പിക്കും. എം. ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങളെല്ലാം അതിമനോഹരം. പാട്ടിനൊത്ത താളം പോലെയാണ് അതിന്റെ ദൃശ്യാവിഷ്‌കാരവും. ഷാജി കുമാറിന്റെ ഛായാഗ്രഹണമാണ് മറ്റൊരു ആകര്‍ഷണം. ജഡ കയറിയ മുടിയും കാലം നരപ്പിച്ച ഉടയാടയും ജീവിതം തീക്ഷ്ണമാക്കിയ കണ്ണുകളുമുള്ള ഒടിയനെ ഓരോ ഫ്രെയിമിലും അനിതരസാധാരണ ഭംഗിയോടെയാണ് ഷാജി കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയത്. സാം സി.എസിന്റെ പശ്ചാത്തലസംഗീതമാണ് ഒടിയന്റെ ശക്തികൂട്ടുന്ന പ്രധാനഘടകം. ജോൺകുട്ടിയുടെ എഡിറ്റിങ്ങും ശ്രദ്ധേയം.

ഒടിയനെന്ന മായാജാലക്കാരൻ തിയറ്ററുകളിൽ തീർക്കുന്ന മാജിക് തന്നെയാണ് ഇൗ സിനിമയുടെ പ്രത്യേകത. പുലിമുരുകൻ പോലെ മാസ് മാത്രം കൂട്ടിച്ചേർത്തു നിർമിച്ചതല്ല ഒടിയൻ. മറിച്ച് ക്ലാസ് എന്ന ഘടകത്തിലൂടെ മാസ് ഉരുത്തിരിഞ്ഞു വരുന്നതെങ്ങനെയെന്ന് ഒടിയൻ തെളിയിച്ചു തരും. ഒരു പാലക്കാടൻ ഗ്രാമത്തിൽ, നിലാവുള്ള രാത്രിയിൽ, കരിമ്പനക്കാറ്റേറ്റ്, ഒരു കഥ കേൾക്കുന്ന സുഖത്തോടെ കാണാവുന്ന സിനിമയെന്ന് ഒറ്റ വരിയിൽ ഒടിയനെ വിശേഷിപ്പിക്കാം.

Odiyan Review in English