മലയാളസിനിമയിലേയ്ക്ക് പുതുമുഖങ്ങളുടെ ‘ചായക്കട’

ഒരു കൂട്ടം പുതുമുഖങ്ങളുമായി മലയാളത്തില്‍ നിന്നും വീണ്ടുമൊരു പരീക്ഷണ ചിത്രം വരുന്നു. യാദൃശ്ചികം എന്ന് പറഞ്ഞ് നമ്മൾ തള്ളിക്കളയുന്ന പല കുറ്റകൃത്യങ്ങൾക്കു പിന്നിലും വ്യക്തമായ ആസൂത്രണമുണ്ട് കുറ്റവാളിയുടെ മനസിൽ കുറ്റകൃത്യം ജനിക്കുന്നതു മുതൽ കുറ്റകൃത്യം സംഭവിക്കുന്നതുവരെയുള്ള നേർക്കാഴ്ചയാണ് “ചായക്കട” എന്ന സിനിമ. 

കെ. പ്രദീപിന്റെ രചനയിൽ വിനിൽ വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമ്മാണം ഫാത്തിമാ മേരി. തമിഴിൽ “ആശൈ അലൈ പോലെ” എന്ന പേരിലും ഇൗ ചിത്രം പുറത്തിറങ്ങും. പക്ഷെ തമിഴിലും മലയാളത്തിലും വ്യത്യസ്ത ക്ലൈമാക്സുകളായിരിക്കും. ശബ്ദത്തിനും സംഗീതത്തിനും വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിംഗ് എ.എം. സ്റ്റുഡിയോയിലാണ്. ഗാനങ്ങൾ പുറത്തിറക്കുന്നത് സോണി മ്യൂസിക്സ് ആണ്.

ബെൻ, റോണിരാജ്, ആദം, സത്യ, അനസ്, ശാലിനി, ധന്യ, മാസൂം എന്നിവർ അഭിനയിക്കുന്നു.  അയിഷാലീ പ്രൊഡക്ഷൻസ് ആണ് അവതരണം.

കഴിഞ്ഞ 9 മാസങ്ങൾക്കിടയിൽ കേരളത്തിൽ റജിസ്റ്റർ ചെയ്തത് 16,513 കുറ്റകൃത്യങ്ങളാണ്. ഇതിൽ 956 എണ്ണം സ്ത്രീകൾക്കെതിരായ ബലാത്സംഗവും, മാനഭംഗവുമാണ്. 316 എണ്ണം കുട്ടികൾക്കെതിരായ പീഡനങ്ങളുമാണ്. വീടിനകത്തും പുറത്തും കുറ്റവാളികൾ, അധികാരസ്ഥാനങ്ങളിലും അഭയ കേന്ദ്രങ്ങളിലും കുറ്റവാളികൾ. കുടുംബത്തിലെ ഒരംഗം ഇവരുടെ വലയിൽ വീണാൽ അത് ആ കുടുംബത്തെ തന്നെ തകർക്കുന്നു. ഇൗ പശ്ചാത്തലത്തിലാണ് പ്രണയത്തിന്റെ മാസ്മകിരതയും, കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും സമൂഹത്തിന്റെ ഇടപെടലുകളും കോർത്തിണക്കിയ പ്രമേയവുമായി “ചായക്കട” എത്തുന്നത്.

ഛായാഗ്രഹണം പിന്റോ സെബാസ്റ്റ്യനും എഡിറ്റിംഗ് സുധീ ശശിധരനും നിർവ്വഹിക്കുന്നു. സാൻ ഷൺമുഖൻ ആണ് ക്രിയേറ്റീവ് ഡയറക്ടർ. മാർട്ടിൻ ബേസിൽ, ജെഫിൻ ജോയ് എന്നിവർ സഹസംവിധായകരുമാണ്. പ്രൊഡക്ഷൻ കൺട്രോളർ ശ്യാമപ്രസാദും, എ.എസ്. ദിനേഷ് പി.ആർ.ഒ യുമാണ്. സൗണ്ട് ഡിസൈൻ ആനന്ദ് കൃഷ്ണനും സ്റ്റിൽസ് വിദ്യാശങ്കറും ചെയ്യുന്നു. കിരൺ, യാസിൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് സംഗീതം നിർവ്വഹിക്കുന്നത്.