‘വെള്ളാപ്പള്ളി നടേശൻ ദ് മാൻ ഒാഫ് മാഗ്നാനിമിറ്റി’; വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഡോക്യുമെന്ററി

പ്രമുഖ സമുദായ നേതാവും, എസ്സ്. എൻ. ഡി. പി. ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ആദ്യമായി ഒരു ഡോക്യുമെന്ററി അണിയറയിൽ അണിഞ്ഞൊരുങ്ങുന്നു. ‘വെള്ളാപ്പള്ളി നടേശൻ ദ മാൻ ഒാഫ് മാഗ്നാനിമിറ്റി’ എന്ന് പേരിട്ട ഇൗ ഡോക്യുമെന്ററി കെ. എം. ശരവണദാസ് സംവിധാനം ചെയ്യുന്നു. 

മയൂര മൂവീസിനുവേണ്ടി അഭിലാഷ് സുകുമാരൻ നിർമ്മിക്കുന്ന ഇൗ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണും, ചിത്രീകരണവും, 9-ാം തീയതി രാവിലെ 9.30-ന് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്നു.  വെള്ളാപ്പള്ളി നടേശന്റെ പത്നി, പ്രീതി നടേശൻ ഭദ്രദീപം തെളിയിച്ചു.  ഭക്ഷ്യ വകുപ്പു മന്ത്രി പി. തിലോത്തമൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ബി.ഡി.ജെ.എസ്. സ്റ്റേറ്റ് സെക്രട്ടറി റവ: ഫാദർ റിജോ നിരപ്പുകണ്ടം ആദ്യ ക്ലാപ്പ് അടിച്ചു. 

കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ. ധനേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ട്രഷറർ കെ.കെ. മഹേശൻ, യൂണിയൻ പ്രസിഡന്റ് വി.എം. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ചിത്രീകരണം കണിച്ചുകുളങ്ങര ക്ഷേത്രത്തിലും, വെള്ളാപ്പള്ളി നടേശന്റെ ഭവനത്തിലും, പഠിച്ച സ്കൂളിലുമായി നടന്നു.  

തനിക്ക് അഭിനയമൊന്നും വശമില്ലെന്നും, പച്ചയായ പരമാർത്ഥങ്ങൾ വെട്ടിത്തുറന്നു പറയുകയാണ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  സത്യം പറയുന്നതുകൊണ്ട് എന്റെ വാക്കു കേൾക്കാൻ ആളുകളുണ്ട്.  എല്ലാ വിഷയങ്ങളേക്കുറിച്ചും ഞാൻ ഡോക്യുമെന്ററിയിൽ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമുദായ നേതാവ് എന്നതിൽ ഉപരിയായി, വെള്ളാപ്പള്ളി നടേശന്റെ വ്യക്തി ജീവിതത്തിന്റെ ഉള്ളറകളിലേയ്ക്ക് കടന്നു ചെല്ലുന്ന ഒരു ഡൊക്യുമെന്ററി ആയിരിക്കും ഇത്.  എൺപതാം വയസ്സിലും, തുറന്ന മനസ്സോടെ ലോകത്തെ കാണുന്ന ഇൗ അദ്ഭുത പ്രതിഭയെ മികച്ചരീതിയിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ ശരവണദാസ് പറഞ്ഞു.

മയൂര മൂവീസിനുവേണ്ടി അഭിലാഷ് സുകുമാരൻ നിർമ്മിക്കുന്ന ഇൗ ഡോക്യുമെന്ററി ഫിലിമിന്റെ സംവിധാനം - കെ. എം. ശരവണദാസ്, ക്യാമറ - എെ. ഷെഫീക്, എഡിറ്റർ - റിതിൻ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ - രാജേഷ് കൊട്ടേക്കാട്, ബി. ജി. എം - അഭിജിത്ത് ഉണ്ണി, പി. ആർ. ഒ. - അയ്മനം സാജൻ.  വെള്ളാപ്പള്ളി നടേശനോടൊപ്പം, കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക നേതാക്കന്മാരും ഇൗ ഡോക്യുമെന്ററിയിൽ പങ്കെടുക്കും. പിആർഒ– അയ്മനം സാജൻ.