വിനയ്–ജോജു ടീമിന്റെ കടംകഥ ജൂലൈ 28ന്

കയ്യിൽ കാശില്ലാതാകുന്ന അവസ്ഥ അതിരൂക്ഷമാണ്. പരമകഷ്ടവുമാണ്. അങ്ങനെയൊരു അവസ്ഥയുമായാണ് വിനയ്‌യും ജോജുവും എത്തുന്നത്. കടം കയറി മുടിഞ്ഞ അവസ്ഥ. കടം ഉള്ളവരുടെയും കാശില്ലാത്തവരുടെയും കഥയുമായി എത്തുന്ന കടംകഥ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 28ന് തിയറ്ററുകളിലെത്തും.

ട്രെയിലറിലൂടെയും ടീസറിലൂടെയും ഗാനങ്ങളിലൂടെയും ഇതിനോടകം ചിത്രം ശ്രദ്ധനേടി കഴിഞ്ഞു. സെന്തിൽ രാജനാണ് സംവിധാനം. കടബാധ്യതയിൽ നട്ടംതിരിയുന്ന ചെറുപ്പക്കാരുടെ കഥ കൊച്ചിയുടെ പശ്ചാത്തലത്തിൽ പറയുന്നു. രൺജി പണിക്കർ, സൈജു കുറപ്പ്, റോഷൻ മാത്യു, നന്ദു, ഹരീഷ് കണാരൻ, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലുള്ളത്. കഥയും തിരക്കഥയും ഫിലിപ് സിജിയാണ്. നിര്‍മാണം സാദ്ദിഖ് അലി. സൂരജ് ഇഎസ് ചിത്രസംയോജനം.

കൈതപ്രം, സന്തോഷ് വർമ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകുന്നു. ഛായാഗ്രഹണം ഫൈസൽ അലി. ഷിബു സുശീലനാണ് പ്രൊഡക്ഷൻ കണ്ട്രോളർ.