ആദ്യം ബോബ് മാർലിയുടെ ചായക്കടപ്പാട്ട്; ഇനി വരുന്നത് ‘ഒന്നാം ഭാഗം’

‘ഒന്നാംഭാഗ’ത്തിൽ എന്തൊക്കെയുണ്ടാകുമെന്നു ചോദിച്ചാൽ സംവിധായകൻ പറയും– രാഷ്ട്രീയം, സാങ്കേതികത, ലഹരി, അക്രമം, കല... പക്ഷേ രണ്ടാം ഭാഗത്തിൽ എന്തൊക്കെയുണ്ടാകും എന്ന് ആരും അദ്ദേഹത്തോട് തിരിച്ചു ചോദിക്കില്ല. കാരണം, ‘ഒന്നാം ഭാഗം’ ഒരു സിനിമയുടെ പേണ്. ഒരു കൂട്ടം ചെറുപ്പക്കാരുടെ വേറിട്ട ചിന്തകളിൽ നിന്നുരുത്തിരിഞ്ഞ ചിത്രം. ഫാഷൻ ഡിസൈനിങ്ങിലും പരസ്യചിത്ര നിർമാണത്തിലും കഴിവു തെളിയിച്ച രാധാകൃഷ്ണൻ. ആർ. കെയുടെ ആദ്യ സംവിധാന സംരംഭമാണ് ‘ഒന്നാം ഭാഗം’. സംഗതി അണിയറയിൽ ഒരുങ്ങുന്നേയുള്ളൂ. പക്ഷേ ബോബ് മാർലിയുടെ റെഗ്ഗെ സംഗീതത്തിന്റെ ചുവടു പിടിച്ച് ചിത്രത്തിനു വേണ്ടി ഒരുക്കിയ  ‘ചായക്കടപ്പാട്ട്’ വൈറലായിക്കഴിഞ്ഞു.

യുവത്വം നിറഞ്ഞ കഥാപശ്ചാത്തലവും അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും  അടക്കം മലയാളികൾക്ക് പുതുമകളുടെ ‘ഒന്നാം ഭാഗം’ സമ്മാനിക്കുകയാണ് ഈ ചിത്രം. അരങ്ങിലും അണിയറയിലും വൈവിധ്യങ്ങൾ നിറയ്ക്കുന്നത് പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.  കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ കുട്ടിക്കാലം അവതരിപ്പിച്ച പ്രവീൺ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. 

ഓഡിഷനിലൂടെ ത‌ിരഞ്ഞെടുത്ത മറ്റ് അഭിനേതാക്കളിൽ ഷോർട്ട് ഫിലിമിലെ മികച്ച പ്രകടനത്തിനുള്ള ഭരത് പി.ജെ ആന്റണി മെമ്മോറിയൽ അവാർഡ് ജേതാവായ എം.ഡി രാജ് മോഹൻ, ഷിജിത്ത്, രാജീവ് കുമാർ, സുജിൻ മുരളി, ഷാനവാസ്, സതീഷ് കേണോത്തുകുന്ന്, ചാൾസ് , പോപ്പ, രമേശ്. സി, അക്ഷയ് ശങ്കർ എന്നിവരുമുണ്ട്.  വിഷ്ണു വിജയരാജനാണ് ക്യാമറ. 

സിനിമയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു കൂട്ടം യുവാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ‘ഒന്നാം ഭാഗം’ അവതരണത്തിലും ചിത്രീകരണത്തിലും കണ്ടു ശീലിക്കാത്ത പുത്തൻ ഭാഗങ്ങൾ പ്രേക്ഷകർക്കായി ഒരുക്കുമെന്ന് അണിയറ പ്രവർത്തകരുടെ ഉറപ്പ്. വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിലെത്തും. സിനിമ സ്വപ്നം കണ്ട സംവിധായകൻ രാധാകൃഷ്ണന് സിനിമാലോകം നൽകിയ തീഷ്ണാനുഭവങ്ങളുടെ പകർത്തിയെഴുത്ത് കൂടിയായ ഈ ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നതും.