സെന്റ് സേവ്യേഴ്സ് കോളജിനെ ആവേശത്തിലാഴ്ത്തി ലഡു ടീം

തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജിനെ ആവേശത്തിലാഴ്ത്തി ലഡു ടീം. നടൻ വിനയ് ഫോര്‍ട്ട്, ഗായത്രി, ശബരീഷ് തുടങ്ങിയവരാണ് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളജിലെത്തിയത്. വൻവരവേൽപായിരുന്നു വിദ്യാർഥികൾക്കിടയിൽ നിന്നും താരങ്ങൾക്കു ലഭിച്ചത്.

സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച താരങ്ങൾ വിദ്യാർഥികള്‍ക്കൊപ്പം ചേർന്നതോടെ അരങ്ങ് കൊഴുത്തു. മഴപോലും വകവെയ്ക്കാതെ ഇവർ ശബരീഷിന്റെ ഗാനത്തിനൊത്ത് നൃത്തം ചെയ്തു.

തൃശൂരിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് റജിസ്റ്റർ മാര്യേജ് പ്രമേയമാക്കിയ ലഡു വെള്ളിത്തിരയിൽ വിളമ്പുന്നത്. ചിരിമധുരത്തിൽ പ്രണയവും സുഹൃദവും കൂട്ടിപ്പിടിച്ച് പുതുമുഖങ്ങൾ ഒരുക്കി(ഉരുട്ടി)യെടുത്ത ‘ലഡു’ നവംബർ 16നാണ് റിലീസ് ചെയ്യുന്നത്.

കുറ്റൂർ സ്വദേശി നവാഗതനായ അരുൺ ജോർജ് കെ.ഡേവിഡ് ആണ് സംവിധാനം. ക്യാമറാമാനും സംവിധായകനുമായ രാജീവ് രവിയുടെ സഹായിയും മസാല റിപ്പബ്ലിക് എന്ന സിനിമയുടെ തിരക്കഥാകൃത്തുമായിരുന്നു അരുൺ. സ്കൂൾ, കോളജ് തലങ്ങളിൽ നാടകാവതരണങ്ങളിലുടെ ശ്രദ്ധേയനായ പുഴയ്ക്കൽ സ്വദേശി സാഗർ സത്യന്റേതാണ് തിരക്കഥ. ‘തീവണ്ടി’ക്കായി ക്യാമറ ചലിപ്പിച്ച ഗൗതം ശങ്കറാണ് ദൃശ്യമൊരുക്കുന്നത്.

വിനയ് ഫോർട്ട്, ബാലു വർഗീസ്,  ഇന്ദ്രൻസ്,ദിലീഷ് പോത്തൻ, ശബരീഷ് വർമ, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നീ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളായ ഗായത്രി അശോകനും(നായിക), വിജോ വിജയകുമാറും അണിനിരക്കും. തമിഴ് താരം ബോബി സിൻഹയുടെ ഒരു വേഷം ചെയ്യുന്നുണ്ട്. പ്രേമം, നേരം, തൊബാമ എന്നീ ചിത്രങ്ങൾക്കു ഈണം പകർന്ന രാജേഷ് മുരുകേശൻ സംഗീതം നിർവഹിക്കുന്നു.