അടിച്ച് പൊളിക്കാൻ കപ്യാരും കൂട്ടരും എത്തുന്നു

പല ഭാഷകളിലായി പതിനായിരക്കണക്കിന് സിനിമയിറങ്ങുന്ന നാടാണ് നമ്മളുടേത്. ആളുകളെക്കൊണ്ട് കിടു എന്ന് പറയിപ്പിക്കണമെങ്കിൽ കുറഞ്ഞ പക്ഷം ജോലിയുടെയും മറ്റും തിരക്കുകൾക്കിടയിൽ സിനിമ കണ്ടേക്കാം എന്ന് അവരെ കൊണ്ട് ചിന്തിക്കണമെങ്കിൽ സാധാരണ നിലവാരത്തിലുള്ള അടവുകളൊന്നും പയറ്റിയാൽ പോര. സിനിമയുടെ പേര് മുതൽ ചിത്രം പുറത്തിറങ്ങുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ആ അടവുകളിൽ പതിനെട്ടണ്ണവും നന്നായി പയറ്റിത്തെളിഞ്ഞേ പറ്റൂ. അങ്ങനെ ഒരുപാട് അടവുകൾ പയറ്റിത്തെളിഞ്ഞ് നാളെ അടി കപ്യാരേ കൂട്ടമണിയെത്തുകയാണ്.

മലയാളത്തിന് ഒരുപാട് നല്ലസിനിമകള്‍ സമ്മാനിച്ച ഫ്രൈഡേ ഫിലിംസിലൂടെ പിറന്ന മറ്റൊരു ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. പേരു തന്നെ ​ഞെട്ടിച്ചില്ലേ. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും ഇതിനോടകം അടി കപ്യാരേ കൂട്ടമണിയിലെന്തൊക്കെയോ കരുതി വച്ചിട്ടുണ്ടെന്ന് മനസിലാക്കിതന്നു അതിലെ പല കാര്യങ്ങളും.

നമിത പ്രമോദും നാലു നായകൻമാരുമാണ് ചിത്രത്തിലുള്ളത്. നമിത പ്രമോദെന്ന പേര് എടുത്തു പറയുവാൻ മറ്റ് കാരണങ്ങളുണ്ട്. നമിത ഈ വർഷം അഭിനയിച്ച ഒട്ടേറെ ചിത്രങ്ങൾ സാധാരണക്കാരായ പ്രേക്ഷകരെ ആകർഷിച്ചു. അത് ഹിറ്റാകുകയും ചെയ്തിരുന്നു. പ്രായത്തിനപ്പുറം അഭിനയം കാഴ്ചവയ്ക്കുന്ന നമിതയുടെ അഭിനയ മികവ് അടി കപ്യാരേ കൂട്ടമണിയിലും പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്.

അജുവും നീരജ് മാധവും ചേരുമ്പോൾ യുക്തിപൂർവമായ കോമഡിയും പ്രതീക്ഷിക്കാം. കാരണം ഡയലോഗുകൾക്കപ്പുറം രണ്ടു പേരുടെയും അഭിനയരീതി രസകരം തന്നെയാണ്. എവിടെയോ കണ്ടുമറന്ന രണ്ട് കുരുത്തംകെട്ട പിള്ളേരെ പോലെ പല ചിത്രങ്ങളിലും അവർ പ്രേക്ഷകരെ പിടിച്ചിരുത്തി. ധ്യാൻ ശ്രീനിവാസനാണ് മറ്റൊരു ഘടകം. ആദ്യമഭിനയിച്ച വ്യത്യസ്തമായ ചിത്രം തിരയിലൂടെ തന്നെ ധ്യാൻ നല്ലപേര് നേടിയെടുത്തതാണ്. മാത്രമല്ല അജു–ധ്യാൻ–നീരജ് കൂട്ടുകെട്ടിൽ ഈ വർഷം പുറത്തിറങ്ങിയ കുഞ്ഞിരാമായണവും സൂപ്പർഹിറ്റായിരുന്നു. ധ്യാനിന്റെ അഭിനയത്തിന്റെ മറ്റൊരു മുഖം അടി കപ്യാരേ കൂട്ടമണിയിലൂടെ പ്രേക്ഷകനെ കാത്തിരിക്കുകയാണ്.

മേൽപറഞ്ഞിരിക്കുന്നത് അഭിനേതാക്കളുടെ പക്ഷത്തെ കുറിച്ചാണ് ഇനി സാന്ദ്രയിലേക്കും വിജയ് ബാബുവിലേക്കും വരാം. ഫ്രൈഡേ ഫിലിംസ് എപ്പോഴൊക്കെ സിനിമ ചെയ്തിട്ടുണ്ടോ, അന്നുവരെ മലയാളത്തിന് അപരിചിതമായ എന്തെങ്കിലുമൊന്ന് കാഴ്ചക്കാരന് സമ്മാനിച്ചിരുന്നു. വ്യത്യസ്തതകളിലേക്കുള്ള ഈ നിർമാണ കൂട്ടുകെട്ടിന്റെ യാത്ര അടി കപ്യാരേ കൂട്ടമണിയിലെത്തുമ്പോൾ എന്തെങ്കിലും ഒരു സർപ്രൈസ് കരുതി വച്ചിട്ടുണ്ടാകുമെന്നു തന്നെ കരുതാം. ഇതുവരെയുള്ള ‌ചരിത്രം അതാണ് തെളിയിക്കുന്നത്. ഓഡിയോ ലോഞ്ചിനുള്ള ക്ഷണപത്രം വാട്സ് ആപ് ചാറ്റിന്റെ രൂപത്തിൽ പ്രസിദ്ധീകരിച്ച് സാന്ദ്രാ തോമസ് ആദ്യ വെടി പൊട്ടിച്ചിരുന്നു.

പാട്ടുകളും ഒട്ടും പിന്നിലല്ല. രസകരമായ മൂന്നു തട്ടുപൊളിപ്പൻ പാട്ടുകളാണ് ചിത്രത്തിലുള്ളത്. അതും ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ഒരു പാട്ടുൾപ്പെടെ. മലയാളത്തിന് അപരിചതമായ ഈ ഒറ്റ ഷോട്ട് കൗതുകമാണ് അടി കപ്യാരേ കൂട്ടമണിയിലെ പാട്ടുകളുടെ ദൃശ്യം കാണാനുള്ള കൗതുകം കൂട്ടുന്നതും. ഉല്ലാസ ഗായികേയെന്ന പാട്ടാണത്. എന്റെ മാവും പൂത്തേയെന്ന മറ്റൊരു ഗാനമുൾപ്പെടെ ആകെയുള്ള മൂന്നെണ്ണവും തട്ടുപൊളിപ്പൻ പാട്ടുകളാണ്. അടിച്ചുപൊളി പാട്ടിന് തനി നാടൻ മലയാളത്തിലുള്ള ‌രസകരമായ വരികളാണ് മനു മഞ്ജിത് എഴുതിയത്. കാത് പൊളിക്കാതെ എങ്ങനെ ചടുലമായ താളത്തിൽ മൂന്നു വ്യത്യസ്ത ഗാനങ്ങൾ ചെയ്യാമെന്ന് ഷാൻ റഹ്മാനെന്ന സംഗീതജ്ഞനും കാണിച്ചു തന്നു. അങ്ങനെ അടി കപ്യാരേ കൂട്ടമണിയിൽ കാണാൻ വിശേഷങ്ങൾ ഒരൽപം അധികമുണ്ടെന്ന് തോന്നുന്നു ചിത്രത്തിൻറേതായി ആദ്യം പുറത്തുവന്ന വിവരങ്ങൾ. ഇനിയങ്കം തീയറ്ററിൽ കാണാം....