അക്കൽദാമയിലെ പെണ്ണ് ട്രെയിലർ കാണാം

നവാഗതനായ ജയറാം കൈലാസ് ഒരുക്കുന്ന അക്കൽദാമയിലെ പെണ്ണ് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മനോരമ ഓൺലൈനിലൂടെയാണ് ട്രെയിലർ പ്രേക്ഷകർക്കരികിൽ എത്തിയത്.

മലയാളസിനിമാ പ്രേക്ഷകർക്ക് പുതുമയുള്ള സിനിമാനുഭവമാകും ചിത്രമെന്ന് സംവിധായകൻ ജയറാം ഉറപ്പു തരുന്നു. മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളിലൂടെ ശ്രദ്ധേയയായ രണ്ട് തവണ കേരള സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാളവിക നായരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച മാളവികയുടെ കരിയറിൽ വഴിത്തിരിവാകുന്ന കഥാപാത്രമായിരിക്കും അക്കൽദാമയിലെ പെണ്ണ് എന്ന സിനിമയിലേത്.

നഖക്ഷതങ്ങളിലൂടെയും സര്‍ഗത്തിലൂടെയും കമലദളത്തിലൂടെയും മലയാളികളുടെ മനസില്‍ ഇടംനേടിയ വിനീതിന്റെ കഥാപാത്രമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. പതിവ് കൊമേഴ്സ്യല്‍ സിനിമകളില്‍ നിന്നു വ്യത്യസ്തമാണ് ഈ ചിത്രം.

ശ്വേത മേനോനും മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സുധീർ കരമന, കൂട്ടിക്കൽ ജയചന്ദ്രൻ, നന്ദകിഷോർ, ജാഫർ ഇടുക്കി, എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. പോൾ മീഡിയ ആൻഡ് മൂവീസ് ആണ് ചിത്രം പുറത്തിറക്കുന്നത്. കാസിം അരിക്കുളം, ആഷിക് ദോഹ എന്നിവർ ചേർന്നാണ് നിർമാണം.

ചിത്രത്തിലെ സംഗീതത്തിനും മികച്ച പ്രധാന്യമുണ്ട്. അൽഫോൻസ് ജോസഫ് ആണ് സംഗീതം. വേണു ഗോപാൽ ഛായാഗ്രഹണം. സിനോജ് നെടുംഗോളത്തിന്റെയാണ് കഥ. സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ദേശീയ അവാർഡ്‌ ജേതാവായ സിനോയ് ജോസഫ്‌ ആണ് .