സത്യൻ ചിത്രത്തിൽ ദുൽഖറിന് നായിക അനുപമ

ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ നായികയാകുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അനുപമയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്. നേരത്തെ പൃഥ്വിരാജ് നായകനായ ജയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തില്‍ അനുപമ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

ചിത്രത്തിന്‍റെ പേര് ഇതുവരെ തീരുമാനമായിട്ടില്ല. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്. മുകേഷ്, ഇന്നസെന്‍റ്, വിനു മോഹന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകരുന്നത്. എസ് കുമാറാണ് ഛായാഗ്രാഹകന്‍. ഈ മാസം 25ഓടെ ഷൂട്ടിംഗ് ആരംഭിക്കും. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മാണം.