മണിക്ക് പകരം ടിനി ടോം; നായിക മാളവിക

ടിനി ടോം, കലാഭവൻ മണി, മാളവിക

കലാഭവൻ മണിയെ നായകനാക്കി ജോൺസൺ എസ്തപ്പാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഡഫേദാർ. രാജകീയ സുരക്ഷാഭടന്റെ വേഷമായിരുന്നു ചിത്രത്തിൽ മണിയുടെ കഥാപാത്രം. എന്നാൽ മണിയുടെ വിയോഗത്തോടെ ഇതേകഥാപാത്രം ഇപ്പോൾ ചെയ്യുന്നത് ടിനി ടോം ആണ്.

മണിയെയും അനന്യയെയും പ്രധാനകഥാപാത്രങ്ങളാക്കി സിനിമയുടെ പൂജയും 2014ൽ കഴിഞ്ഞിരുന്നു. വിനോദ ശാല എന്ന ദൂരദർശൻ സീരിയലിലൂടെയാണ് കലാഭവൻ മണിയെന്ന നടനെ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്. അതേ സീരിയലിലെ അണിയറപ്രവർത്തകർ ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഡഫേദാർ.

ജോണ്‍സണ്‍ തന്നെ കഥയും തിരക്കഥയും സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനന്യയെ ആണ് നായികയായി തീരുമാനിച്ചിരുന്നതെങ്കിലും നടി ചിത്രത്തിൽ നിന്നും പിന്മാറുകയുണ്ടായി. കറുത്ത പക്ഷികൾ, അക്കൽദാമയിലെ പെണ്ണ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മാളവിക നായരാണ് അനന്യയ്ക്ക് പകരം ചിത്രത്തിൽ നായികയായി എത്തുക.

ദേവന്‍, ടി.ജി. രവി, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍ നിര്‍വഹിക്കുന്നു. ഏദൻ ഫിലിംസിന്റെ ബാനറിൽ ജിക്സൺ തെക്കുംതല, ജിനു മാത്യു ജോർജ് എന്നിവര്‍ ചേർന്നാണ് നിർമാണം.