എന്താണ് ഈ ഡബിള്‍ ബാരല്‍ ?

മലയാള സിനിമയില്‍ വലിയൊരു വെടിയൊച്ച കേള്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരി. ആമേന് ശേഷം ലിജോ ഒരുക്കുന്ന മള്‍ടി സ്റ്റാര്‍ ചിത്രത്തില്‍ പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി അങ്ങനെ വന്‍താര അണിനിരക്കുന്നു.

രണ്ടു രത്‌നങ്ങള്‍ തേടി പോകുന്ന ചിലരുടെ കഥയാണ് 'ഡബിള്‍ ബാരല്‍' പറയുന്നത്. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും. അതില്‍ ഒന്നാണ് ചിത്രത്തിലെ വിദേശികളായ കഥാപാത്രങ്ങള്‍ എല്ലാം മലയാളത്തിലാകും സംസാരിക്കുക. കോമിക്ക് കഥകളുടെ ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നര്‍മവും ആക്ഷനും നിറഞ്ഞ ഇരട്ടക്കുഴല്‍.

സിനിമയുടെ സിഡിക്കൊപ്പം അതിന്‍റെ ഗ്രാഫിക് നോവലും പുറത്തിറക്കുന്നുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ശൈലിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗ്രാഫിക് നോവലിലും സിനിമയുടെ കഥ തന്നെയാണ്. കുട്ടികള്‍ക്ക് ഏറെ രസിക്കുന്ന ശൈലിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതും.

മൂന്ന് ആക്ഷന്‍ ഷൂട്ട്ഔട്ട് ഉണ്ട്. നാലു കൊറിയോഗ്രാഫര്‍മാരും നൂറിലേറെ റഷ്യന്‍, ആഫ്രിക്കന്‍ എക്സ്ട്രാ താരങ്ങളും. ഇവരെല്ലാം സംസാരിക്കുന്നതു മലയാളം. നാലു ക്യാമറയില്‍ അറുപത് ദിവസം ഷൂട്ട് ചെയ്ത ചിത്രമാണിത്. അഭിനന്ദ് രാമാനുജന്‍ ആണ് ക്യാമറ.

ഓര്‍മയുടെ ഷെഡില്‍ കയറിയ വിന്‍റേജ് വാഹനങ്ങളുടെ നീണ്ട നിര ചിത്രത്തില്‍ കാണാം. മലയാളത്തില്‍ ഇതൊരു ബിഗ്ബഡ്ജറ്റ് ചിത്രം തന്നെയാണ്. ചെലവ് 16 കോടി.