ദുൽക്കർ കോട്ടയത്ത്

അമൽ നീരദ് ചിത്രത്തിൽ ദുൽക്കർ

സൂപ്പർ താരങ്ങളുടെ അകമ്പടിയോടെ കോട്ടയത്തേക്കു ചേക്കേറുകയാണു മലയാള സിനിമ. കോട്ടയത്തിന്റെ ഫ്രെയിമുകൾ തേടി ചലച്ചിത്രങ്ങൾ എത്തിക്കൊണ്ടേയിരിക്കുന്നു. നിലവിൽ രണ്ടു പ്രമുഖ സംവിധായകരുടെ സിനിമകളാണു ജില്ലയിൽ ചിത്രീകരണം പുരോഗമിക്കുന്നത്.

ഓം ശാന്തി ഓശാനയ്ക്കുശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശി ഗദ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ഒരു മാസമായി കോട്ടയത്തുണ്ട്. കുമ്മനം, തിരുവഞ്ചൂർ, ദേവലോകം, ഭാഗങ്ങളിലായാണ് ഇതുവരെ ചിത്രീകരണം നടന്നത്.

ജൂഡും ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയും ഒരു മുത്തശ്ശി ഗദയുടെ ചിത്രീകരണത്തിനിടയിൽ

തൊടുപുഴ, കൊടൈക്കനാൽ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലാകും ബാക്കി ചിത്രീകരണം സുരാജ് വെഞ്ഞാറമ്മൂട്, ലെന തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. കോട്ടയംകാർക്കു സിനിമയിൽ മുഖം കാണിക്കാനുള്ള അവസരവും ജൂഡ് നൽകി. കുടമാളൂർ പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന ചിത്രീകരണത്തിലും ഇന്നലെ ദേവലോകം മാർ ബസേലിയസ് സ്കൂളിൽ നടന്ന ചിത്രീകരണത്തിലും ഒട്ടേറെ കോട്ടയം സ്വദേശികളെ ഉൾപ്പെടുത്തി.

അമൽ നീരദ്–ദുല്‍ക്കർ ചിത്രത്തിന് ക്ലാപ്പടിക്കുന്ന അൻവർ റഷീദ്

ദുൽഖർ സൽമാനും അനു ഇമ്മാനുവലും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പാലാ, ഭരണങ്ങാനം രാമപുരം മേഖലകളിലായി ചിത്രീകരണം തുടങ്ങി അമൽ നീരദാണ് സംവിധായകൻ.അമലിന്റെ ഛായാഗ്രഹണ സഹായി ആയിരുന്ന രണദിവെയാണ് സിനിമാറ്റോഗ്രാഫര്‍. സൗബിൻ, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഉണ്ണി മുകുന്ദൻ നായകനാകുന്ന ഒരു മുറൈ വന്ത് പാർത്തായാ എന്ന ചിത്രം നീണ്ടൂരിൽ ചിത്രീകരണം പൂർത്തിയാക്കിയിട്ട് അധികനാളായില്ല. സാജൻ കെ മാത്യു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സനൂഷ പ്രധാന വേഷത്തിലുണ്ട്. അതിരമ്പുഴ മേഖലയിൽ ചിത്രീകരിച്ച പാവ (പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും) എന്ന ചിത്രവും ഉടൻ പുറത്തിറങ്ങാനുണ്ട്. കുട്ടികളുടെ ചിത്രം കടലാസിന്റെ ചിത്രീകരണം ഉടൻ കോട്ടയത്തു തുടങ്ങും.