തിയറ്ററുകളില്‍ സിനിമാപ്പൂരം

മലയാളത്തിലും തമിഴിലുമായി മൂന്ന് ചിത്രങ്ങളാണ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയിരിക്കുന്നത്. പൃഥ്വിരാജ്-നിവിന്‍ പോളി ടീമിന്‍റെ ഇവിടെ, അല്‍ഫോന്‍സ് പുത്രന്‍-നിവിന്‍ പോളി ടീം വീണ്ടും ഒന്നിക്കുന്ന പ്രേമം, സൂര്യയുടെ തമിഴ് ചിത്രം മാസ് എന്നിവയാണ് റിലീസിനെത്തിയിരിക്കുന്നത്.

നേരം എന്ന ചിത്രത്തിന് ശേഷം അൽേഫാൻ പുത്രനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് പ്രേമം. തിരക്കഥയും സംവിധാനവും എഡിറ്റിങും അല്‍ഫോന്‍സ് തന്നെയാണ്. ആനന്ദ് ചന്ദ്രനാണ് ഛായാഗ്രഹണം. നേരത്തിന്‍റെ കാമറ ചെയ്തതും ആനന്ദ് തന്നെയായിരുന്നു. അന്‍വര്‍ റഷീദാണ് നിര്‍മാണം. സംഗീതം രാജേഷ് മുരുകേഷ്.

അനുപമ പരേമശ്വരൻ, സായി പല്ലവി, മഡോണ എന്നിവരാണു നായികമാർ. രഞ്ജി പണിക്കര്‍, മണിയൻപിള്ള രാജു, സൗബിൻ ശാഹിർ, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

ശ്യാമപ്രസാദിന്‍റെ ആദ്യ കൊമേഴ്യല്‍ ചിത്രമെന്ന പ്രത്യേകതയുമായാണ് ഇവിടെ എത്തുന്നത്. പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. അജയന്‍ വേണുഗോപാലാണ് തിരക്കഥ. ഹോളിവുഡ് സിനിമയുടെ പ്രതീതിയാണ് ഇവിടെയുടെ ട്രെയിലറുകള്‍ നല്‍കുന്നത്. പൂര്‍ണമായും അമേരിക്കയിലായിരുന്നു ചിത്രീകരണം. ശ്യാമപ്രസാദിന്റെ പതിവ് ചിത്രങ്ങളിലെ ശൈലിയില്‍ നിന്ന് വ്യതിചലിച്ചെത്തുന്ന ഈ ചിത്രത്തില്‍ ആരാധകര്‍ എറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്.

വെങ്കട് പ്രഭു ഒരുക്കുന്ന മാസ് ഒരു ഹൊറര്‍ ത്രില്ലര്‍ ആണ്. സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. പ്രണിത, പ്രേംജി അമരന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. മലയാളം നടന്‍ റിയാസ് ഖാന്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.