ദിലീപ്-ചാക്കോച്ചന്‍-കാവ്യ പോരാട്ടം

മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളും തമിഴില്‍ നിന്ന് ഒരു ബിഗ്ബഡ്ജറ്റ് ചിത്രവും വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാകുഞ്ചാക്കോ ബോബന്‍-ശ്രീനിവാസന്‍ ടീമിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍, അനൂപ് മേനോന്‍- കാവ്യ മാധവന്‍ ഒന്നിക്കുന്ന ഷീ ടാക്‌സി എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍ തമിഴില്‍ നിന്നും റിലീസിനെത്തും.

ചന്ദ്രേട്ടന്‍ എവിടെയാ...

ദിലീപ്, നമിതപ്രമോദ്, അനുശ്രീ നായര്‍ എന്നിവരെ പ്രധാന താരങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചന്ദ്രേട്ടന്‍ എവിടെയാ...' മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, പാഷാണം ഷാജി, ദിലീഷ് നായര്‍, കെ.പി.എ.സി. ലളിത, വീണാ നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സന്തോഷ് ഏച്ചിക്കാനം കഥ, തിരക്കഥ, സംഭാഷണം എഴുതിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം നല്കുന്നു. ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

ഷീ ടാക്‌സി

കാവ്യാ മാധവനെ കേന്ദ്ര കഥാപാത്രമാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷി ടാക്‌സി'. അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, കെ.ബി. ഗണേശ് കുമാര്‍, അശോകന്‍, നോബി, ഷാജു ശ്രീധര്‍, മുകുന്ദന്‍, പ്രേംകുമാര്‍, ഷിജു, സുനില്‍ പണിക്കര്‍, ഷിലു അബ്രഹാം, അന്‍സിബ, കൃഷ്ണപ്രഭ, അംബിക എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

അബാം മൂവീസിന്റെ ബാനറി ല്‍ അബ്രഹാം മാത്യു, ടി.എം. റഫീഖ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുര എഴുതുന്നു. ഷിബു ചക്രവര്‍ത്തി, റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

ചിറകൊടിഞ്ഞ കിനാവുകള്‍

മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് നവാഗതനായ സന്തോഷ് പുഷ്പനാഥ് സംവിധാനം ചെയ്യുന്നചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കോടീശ്വരനായ ശങ്കര്‍ദാസിനോട് അംബുജാക്ഷന്‍ പറയുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന കഥയിലെ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

തയ്യല്‍ക്കാരനെ കുഞ്ചാക്കോ ബോബനും സുമതിയെ റിമാകല്ലിങ്ങലും അവതരിപ്പിക്കുന്നു. അംബുജാക്ഷനെ അവതരിപ്പിക്കുന്നത് ശ്രീനിവാസന്‍ തന്നെ. ജോയ്മാത്യുവാണ് വിറകുവെട്ടുകാരനെ അവതരിപ്പിക്കുന്നത്. ലാലുഅലക്‌സ്, മനോജ് കെ.ജയന്‍, വിജയകുമാര്‍, മാമുക്കോയ, കീരിക്കാടന്‍ ജോസ്, ചാലി പാലാ, ഗ്രിഗറി, ഇടവേള ബാബു, കലാരഞ്ജിനി എന്നിവരും പ്രധാന താരങ്ങളാണ്.

പ്രവീണ്‍ എസ്. തിരക്കഥ രചിക്കുന്നു. സന്തോഷ് വര്‍മ, ഹരിനാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.

ഉത്തമവില്ലന്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ചിത്രമാണ് ഉത്തമവില്ലന്‍. രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം, പൂജകുമാര്‍, നാസര്‍, പാര്‍വതി, പാര്‍വതി നായര്‍, ഉര്‍വശി തുടങ്ങിയവരാണു പ്രധാന താരങ്ങള്‍. എം. ജിബ്രാനാണ് സംഗീതമൊരുക്കുന്നത്. ശ്യാംദത്താണ് ക്യാമറ.

തിരുപ്പതി ബ്രദേഴ്സും രാജ്കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലും ചേര്‍ന്നാണ് നിര്‍മാണം. വിജയ് ശങ്കറാണ് എഡിറ്റിങ്. സിനിമയുടെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്. ശ്രീ കാളീശ്വരി റിലീസ് ചിത്രം കേരളത്തിലെ തിയറ്ററില്‍ എത്തിക്കുന്നു.