സുധിയും രാജമ്മയും പിന്നെ ജയിംസ് ബോണ്ടും തിയറ്ററുകളിൽ

വെളളിയാഴ്ച അഞ്ച് ചിത്രങ്ങളാണ് കേരളത്തിലെ തിയറ്ററുകളിൽ റിലീസിനെത്തുന്നത്. ജയസൂര്യ–രഞ്ജിത് ശങ്കർ ചിത്രം സുധി വാത്മീകം. കുഞ്ചാക്കോ–ആസിഫ് അലി കൂട്ടുകെട്ടിന്റെ രാജമ്മ അറ്റ് യാഹൂ, ജയറാം കൈലാസിന്റെ അക്കൽദാമയിലെ പെണ്ണ്, ഷട്ടർ സിനിമയുടെ റീമേയ്ക്കായ ഒരുനാൾ ഇരവ്, ഹോളിവുഡിൽ നിന്നും ജയിംസ് ബോണ്ട് ചിത്രം സ്പെക്ട്ര എന്നിവയാണ് വെള്ളിയാഴ്ച പുറത്തിറങ്ങുക.

സു..സു... സുധി

പുണ്യാളൻ അഗർബത്തീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് സു സു സുധി വാത്മീകം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ വിക്കുള്ള സുധീന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്.

ഡ്രീംസ് ആന്‍ഡ് ബീയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാസഞ്ചർ എന്ന സൂപ്പർഹിറ്റ് സിനിമയുമായി മലയാള ചലച്ചിത്രലോകത്ത് എത്തിയ രഞ്ജിത്തിന്റെ ആറാമത്തെ സിനിമയാണ് സു സു സുധി വാത്മീകം.

രാജമ്മയും യാഹുവും

കുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് രാജമ്മ അറ്റ് യാഹൂ. മുഴുനീളകോമഡിചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രം ലാല്‍ജോസിന്‍റെ പ്രിയശിഷ്യന്‍ രഘുരാമ വർമ ആദ്യമായി സംവിധാനം ചെയ്യുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും സമ്മാനിച്ച എം സിന്ധുരാജ് തിരക്കഥ എഴുതുന്നു.

ഇരുവരുടെയും നായികമാരായ എത്തുന്നത് അനുശ്രീയും നിക്കി ഗല്‍റാണിയുമാണ്. ക്യാമറ എസ് കുമാറും സംഗീതം ബിജിബാലും നിര്‍വഹിക്കുന്നു. എംടിഎം വെല്‍ഫ്ളോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, രമേഷ് നന്പ്യാര്‍, ബെന്നി, ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

മാളവികയുടെ അക്കൽദാമയിലെ പെണ്ണ്

നവാഗതനായ ജയറാം കൈലാസ് ഒരുക്കുന്ന ചിത്രമാണ് അക്കൽദാമയിലെ പെണ്ണ്. മലയാളസിനിമാ പ്രേക്ഷകർക്ക് പുതുമയുള്ള സിനിമാനുഭവമാകും ചിത്രമെന്ന് സംവിധായകൻ ജയറാം ഉറപ്പു തരുന്നു. മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളിലൂടെ ശ്രദ്ധേയയായ രണ്ട് തവണ കേരള സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാളവിക നായരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം.

ഷട്ടറിന്റെ തമിഴുമായി അനുമോൾ ‌ ജോയി മാത്യു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഷട്ടറിന്റെ തമിഴ്പതിപ്പ് ആണ് ഒരുനാൾ ഇരവിൽ. തമിഴിൽ ലാലിന്റെ വേഷം സത്യരാജും ശ്രീനിവാസന്റെ വേഷം യുഹി സേതുവുമാണ് ചെയ്തിരിക്കുന്നത്. സജിതാമഠത്തിൽ ചെയ്ത കഥാപാത്രത്തെ അനുമോളാണ് അവതരിപ്പിക്കുന്നത്. ഇതരഭാഷയിലെ ഷട്ടറിന്റെ രണ്ടാമത്തെ റീമേക്കാണ് ഒരു നാൾ ഇരവിൽ. പ്രശസ്തചിത്രസംയോജകനായ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ലാലും ശ്രീനിവാസനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഷട്ടർ 2013ൽ രജത ചകോരം നേടിയിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും ഷട്ടർ കരസ്ഥമാക്കിയിരുന്നു. ഒരു ഷട്ടറിന് അപ്പുറവും ഇപ്പുറവുമുള്ള രണ്ടു ജീവിതങ്ങളുടെ കഥയാണ് ഷട്ടർ പറഞ്ഞത്. ഇതിനുമുമ്പ് മറാത്തിയിൽ വി.കെ.പ്രകാശ് ഷട്ടർ റിമേക്ക് ചെയ്തിട്ടുണ്ട്.