ഫുട്ബോൾ കഥയിൽ പൃഥ്വി നായകൻ; നിർമാണം ആസിഫ് അലി

ജമേഷ് കോട്ടക്കൽ, പൃഥ്വിരാജ്, ആസിഫ് അലി

മലയാളത്തില്‍ ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടി സംവിധാനരംഗത്തേക്ക്. പൃഥ്വിരാജിനെ നായകനാക്കി പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടക്കല്‍ ആണ് ബ്യൂട്ടിഫുൾ ഗെയിം എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തുന്നത്. യുവതാരം ആസിഫ് അലി ഈ ചിത്രം നിർമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. നവാഗതനായ അജയ് കുമാർ ആണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

മലബാറിന്റെ പ്രത്യേകിച്ച്, മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശത്തിന്റെ കഥപറയുന്ന ചിത്രത്തിൽ പൃഥ്വിയ്ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും പഴയകാല ഫുട്ബോൾ താരങ്ങളും ആഫ്രിക്കൻ ഫുട്ബോൾ താരങ്ങളും അണിനിരക്കുന്നു.

അടുത്തവർഷം മലപ്പുറം ജില്ലയിലെ അരീക്കോട് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ രണ്ട് യൂത്ത് ഫുട്ബോൾ ടീമുകളെ ഈ മാസം 26, 27 തിയതികളിൽ മലപ്പുറം കോട്ടപ്പടി മൈതാനിയിൽ ആക്ട് ലാബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓഡീഷനിലൂടെ കണ്ടെത്തും. തിരഞ്ഞെടുക്കുന്ന ഫുട്ബോൾ താരങ്ങൾക്ക് പ്രത്യേക ശിൽപശാലയിലൂടെ സിനിമയെ പരിചയപ്പെടുത്തും.

ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻസ് എന്ന ബാനറിലാണ് ബ്യൂട്ടിഫുള്‍ ഗെയിം നിർമിക്കുന്നത്. മറ്റൊരു രസകരമായ കാര്യം ആസിഫ് അലി നായകനായി എത്തുന്ന അനുരാഗ കരിക്കിൻ വെള്ളം നിർമിക്കുന്നത് പൃഥിരാജ് ആണ്.