രചനക്കുട്ടി കാന്താരിക്കുട്ടി

രചന നാരായണന്‍ കുട്ടി പ്രധാനവേഷത്തിലെത്തുന്ന കാന്താരി റിലീസിനൊരുങ്ങുന്നു. പൂര്‍ണമായും കൊച്ചിയിലെ ജീവിതാവസ്‌ഥയെ അടിസ്‌ഥാനമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് അജ്‌മല്‍ ആണ്. 'റിംഗ്‌ടോണി'ലൂടെ സംവിധായകനായി എത്തിയ അജ്‌മല്‍ 'ഞാന്‍ ഇന്നസന്റ്‌' എന്ന ചിത്രത്തിനുശേഷം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണി ത്‌.

കൊച്ചിയിലെ തെരുവിലുള്ള അഭിസാരികമാര്‍ എടുത്തുവളര്‍ത്തുന്ന പെണ്‍കുട്ടിയാണ്‌ റാണി. തങ്ങളുടെ ചേരിയില്‍ നല്ല വിദ്യാഭ്യാസം നല്‍കി റാണിയെ വളര്‍ത്തുമ്പോള്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ റാണിയിലുണ്ടായിരുന്നു. അഭിസാരികകളായ പാലാരിവട്ടം പത്മാവതി (സീനത്ത്‌), വൈപ്പിന്‍ രാധ (ദേവിമേനോന്‍), തമ്മനം മേരി (രമാദേവി) എന്നിവരാണ്‌ റാണി (രചനാ നാരായണന്‍കുട്ടി)യെ വളര്‍ത്തിയത്‌. ചേരിയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ റാണി ആരെയും കൂസാത്ത തന്റേടിയായിരുന്നു. അതുകൊണ്ടാണ്‌ റാണി 'കാന്താരി'യെന്ന ഓമനപ്പേരില്‍ അറിയപ്പെട്ടത്‌. കാന്താരിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

തലൈവാസല്‍ വിജയ്‌, കലിംഗ ശശി, സാജു കൊടിയന്‍, കലാഭവന്‍ മാര്‍ട്ടിന്‍, കുളപ്പുള്ളി ലീല, മാനവ്‌, പാര്‍വ്വതി രഞ്‌ജിത്ത്‌, ലോറെയ്‌ന്‍, കലാഭവന്‍ ഹനീഫ്‌ എന്നിവരും കാന്താരിയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്‌.