പൊന്നാനിയിലെ പ്രണയകഥയുമായി കിസ്മത്

പൊന്നാനി അങ്ങാടിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു പ്രണയകഥ പറയുകയാണ് കിസ്മത് എന്ന ചിത്രം.നഗരസഭാ കൗണ്‍സിലര്‍ ഷാനവാസ് ബാവക്കുട്ടിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൊന്നാനി നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ ആദ്യചലച്ചിത്രസംരംഭം നിര്‍മ്മിക്കുന്നത് പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയാണ്.

നടനും മിമിക്രി രംഗത്തെ അതികായനുമായ അബിയുടെ മകന്‍ ഷൈന്‍ ആണ് കിസ്മത്തിലെ നായകന്‍. ശ്രുതി മേനോനാണ് നായിക. വിനയ് ഫോര്‍ട്ട്,സുനില്‍ സുഖദ,ശ്രിന്ദ,സുധീര്‍ കരമന,എം,ജി ശശി എന്നിവരും ചിത്രത്തിലുണ്ട്. അന്‍വര്‍ റഷീദ് ചിത്രമായ ബ്രിഡ്ജ്,ജയരാജ് ചിത്രം കാമല്‍ സഫാരി,ജയസൂര്യയുടെ സെക്കന്‍ഡ്‌സ് എന്നിവയ്ക്ക ക്യാമറ ചലിപ്പിച്ച സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍.

കെ എന്‍ കമല്‍ സംവിധാനം ചെയ്ത ഐഡി, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മാണപങ്കാളികളാകുന്ന ചിത്രവുമാണ് കിസ്മത്. യെസ് മുവീമേക്കേഴ്‌സുമായി ചേര്‍ന്നാണ് നിര്‍മാണം.