മമ്മൂട്ടി–ശ്യാംധർ ചിത്രം; ഷൂട്ടിങ് തുടങ്ങി

സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും കളമശ്ശേരിയിലെ ഗവണ്‍മെന്റ് പോളിടെക്ക്‌നിക്ക് കോളജില്‍ നടന്നു. നടന്‍ സിദ്ദിഖ്, നിര്‍മാതാവ് ആന്റോ ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ഇതുവരെ പേരിടാത്ത ചിത്രത്തില്‍ അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. ഇടുക്കിക്കാരനായ മമ്മൂട്ടിയുടെ കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. എം ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപള്ളി.