മമ്മൂട്ടിയുടെ പത്തേമാരി ട്രെയിലര്‍ എത്തി

മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം പത്തേമാരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി പ്രമേയമാക്കുന്നത് മലയാളിയുടെ പ്രവാസ ജീവിതമാണ്.

മമ്മൂട്ടിയ്ക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ശ്രീനിവാസനും എത്തുന്ന ചിത്രത്തില്‍ ജ്യുവല്‍ മേരിയാണ് നായിക. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം തന്നെയാണ്. മമ്മൂട്ടിയും സലിമും കൂട്ടുചേരുന്ന രണ്ടാമത്തെ ചിത്രമാണിത്.

അമ്പതാണ്ട് നീണ്ട മലയാളികളുടെ ഗള്‍ഫ് പ്രവാസത്തിന്റെ അടയാളപ്പെടുത്തലായിരിക്കും പത്തേമാരിയെന്ന് സലീം അഹമ്മദ് പറയുന്നു. പള്ളിക്കല്‍ നാരായണന്‍, സുഹൃത്ത് മൊയ്തീന്‍(ശ്രീനിവാസന്‍) എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഏറെ നാള്‍ ഗവേഷണം നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍, ചരിത്രം പറഞ്ഞുപോകുമ്പോഴും ഒരിക്കലും ഒരു ഡോക്യുമെന്ററിയുടേതല്ലാതെ, ചലച്ചിത്രത്തിന്റെ എല്ലാ സൌന്ദര്യവും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാല് കാലഘട്ടങ്ങളിലൂടെയാണ് പള്ളിക്കല്‍ നാരായണന്റെ ജീവിതം കടന്നുപോകുന്നത്.

മധു അമ്പാട്ട് തന്നെയാണ് പത്തേമാരിയുടെയും ഛായാഗ്രാഹകന്‍. ശബ്ദം റസൂല്‍ പൂക്കുട്ടി. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ സംഗീതമൊരുക്കി. ഹരിഹരന്‍, ഷഹ്ബാസ് അമന്‍ എന്നിവരാണ് ഗായകര്‍. വസ്ത്രാലങ്കാരം: സമീറാ സനീഷ്. കല: ജ്യോതി ശങ്കര്‍. എഡിറ്റിങ്: വിജയ് ശങ്കര്‍. പ്രമുഖ താരങ്ങളോടൊപ്പം പ്രവാസ ലോകത്തെ കലാകാരന്മാരും വേഷമിടുന്നു. കേരളത്തോടൊപ്പം യുഎഇയിലും ചിത്രം റിലീസാകും.