പൃഥ്വിയും വേദികയും വീണ്ടും ഒന്നിക്കുന്നു

കാവിയതലൈവന്‍ എന്ന തമിഴ് ചിത്രത്തിന് ശേഷം പൃഥിരാജും തെന്നിന്ത്യന്‍ സുന്ദരി വേദികയും വീണ്ടും ഒന്നിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ജയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലാണ് വേദിക പൃഥ്വിരാജിന്റെ നായികയാകുന്നത്.

സുജിത്തിന്‍റെ കഥയ്ക്ക് ഡോ.എസ്. ജനാർദ്ദനനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ സിറ്റി ഓഫ് ഗോഡ്, മെമ്മറീസ്, സെവന്‍ത് ഡേ എന്നീ ചിത്രങ്ങളിൽ ഛായാഗ്രാഹകനായി സുജിത് വാസുദേവ് പ്രവർത്തിച്ചിട്ടുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ അന്തോണിയുടെ ഛായാഗ്രാഹകനും സുജിത്ത് വാസുദേവ് ആണ്.

ധാര്‍മിക് ഫിലിംസിന്‍റെ ബാനറില്‍ ഡോ. എസ് സജികുമാറും കൃഷ്ണന്‍ സേതുകുമാറുമാണ് സിനിമയുടെ നിര്‍മാണം.