മുരുകൻ വേട്ട തുടങ്ങി; ട്രെയിലറിന് റെക്കോർഡ്

റെക്കോർഡുകളെ പിഴുതെറിഞ്ഞ് പുലിമുരുകന്റെ തേരോട്ടം. സെപ്റ്റംബർ 10ന് വൈകിട്ട് ആറുമണിക്ക് പുറത്തിറക്കിയ ട്രെയിലർ 24 മണിക്കൂറിനുള്ളിൽ കണ്ടത് 5.91 ലക്ഷം ആളുകളാണ്. മലയാളത്തിൽ ഇതു റെക്കോർഡ് ആണ്. രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ 729,439 ആളുകളാണ് ട്രെയിലർ ഇതിനോടകം കണ്ടു കഴിഞ്ഞത്.

ഇന്ത്യയിലെ യൂട്യൂബ് ട്രെൻഡിങ് വിഡിയോയിൽ ആറാമതാണ് പുലിമുരുകൻ ട്രെയിലർ. ഹോളിവു‍ഡ് സിനിമകളോട് കിടപിടിക്കുന്ന ആക്​ഷൻ രംഗങ്ങളാണ് പുലിമുരുകന്റെ ട്രെയിലറിന് ശൗര്യം കൂട്ടുന്നത്. 1.42 മിനിറ്റ് ആണ് ദൈർഘ്യം.

മോഹൻലാലിന്റെ ഫൈറ്റ് രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്റെ പുലിമുരുകൻ എത്തുന്നത്. വൈശാഖ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൽ കമാലിനി മുഖര്‍ജി, നമിത, ജഗപതി ബാബു, ലാൽ, ബാല എന്നിവരും അഭിനയിക്കുന്നു.

25 കോടി മുതല്‍മുടക്കില്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിർമാണം. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പുള്ളിപ്പുലിയുമായ സംഘട്ടനരംഗങ്ങളും ലാലിന്റെ വേറിട്ട ഗെറ്റപ്പും ഇതിനോടകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു. ഒക്ടോബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.